Asianet News MalayalamAsianet News Malayalam

'വഴി തടയൽ സമരത്തോട് വ്യക്തിപരമായി എതിർപ്പ്, കൊച്ചിയിൽ സംഭവിച്ചതെന്തെന്ന് അന്വേഷിക്കും', വിഡി സതീശൻ

വഴി തടയൽ സമര രീതിയോട് താൻ വ്യക്തിപരമായി എതിരാണെന്ന് വ്യക്തമാക്കിയ സതീശൻ കൊച്ചിയിലെ പ്രതിഷേധ സമര സ്ഥലത്ത് എന്താണ് സംഭവിച്ചതെന്ന് അന്വേഷിക്കുമെന്നും അറിയിച്ചു.  

 

vd satheesan response over kochi  congress road block protest
Author
Kerala, First Published Nov 1, 2021, 1:41 PM IST

തിരുവനന്തപുരം: കൊച്ചിയിൽ  ഇന്ധന വില (Fuel price) വർധനക്ക് എതിരെ കോൺഗ്രസ് (congress) പ്രവർത്തകർ നടത്തിയ വഴിതടയൽ സമരത്തോട് പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ (vd satheesan). വഴി തടയൽ സമര രീതിയോട് താൻ വ്യക്തിപരമായി എതിരാണെന്ന് വ്യക്തമാക്കിയ സതീശൻ കൊച്ചിയിലെ പ്രതിഷേധ സമര സ്ഥലത്ത് എന്താണ് സംഭവിച്ചതെന്ന് അന്വേഷിക്കുമെന്നും അറിയിച്ചു.  

''ദിവസേനെ ഇന്ധന വില വർധിക്കുന്ന സാഹചര്യത്തിൽ വില വർദ്ധനയ്ക്കെതിരെ ശക്തമായ സമരം വേണമെന്ന സമ്മർദ്ദം ജനങ്ങളുടെ ഭാഗത്ത് നിന്നും ഉണ്ടായിരുന്നു. അതിന്റെ ഭാഗമായിരുന്നു കൊച്ചിയിൽ നടന്ന സമരം.'' എന്നാൽ വഴി തടയൽ സമരത്തിന് താൻ വ്യക്തിപരമായി എതിരാണെന്നും സതീശൻ വിശദീകരിച്ചു. 

'കള്ളുകുടിച്ച് പ്രശ്നമുണ്ടാക്കി, വനിതാ നേതാക്കളെ അധിക്ഷേപിച്ചു'; ജോജുവിനെതിരെ നടപടി വേണമെന്ന് കോൺഗ്രസ്

കൊച്ചിയിൽ ഇന്ധന വില വർധനക്ക് എതിരെ കോൺഗ്രസ് പ്രവർത്തകർ നടത്തിയ വഴിതടയൽ സമരത്തിനെതിരെ നടൻ ജോജു ജോർജ്ജ് പ്രതികരിച്ചതോടെയാണ് സമരം വിവാദമായത്.  രണ്ട് മണിക്കൂറോളം ഗതാഗതം സ്തംഭിച്ചതോടെയാണ് ഗതാഗത കുരുക്കില്‍പ്പെട്ട ജോജു ജോര്‍ജ് വാഹനത്തില്‍ നിന്നിറങ്ങി മുന്നോട്ട് നടന്ന് ചെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് കയര്‍ത്തത്. സാധാരണ ജനങ്ങളെ ബുദ്ധിമുട്ടിച്ചുകൊണ്ട് എന്ത് നേട്ടമാണ് ഉണ്ടാക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു. ഇന്ധന വില വർധനയ്ക്കെതിരെ സമരം ചെയ്യണമെന്നും എന്നാൽ ഇതല്ല അതിനുള്ള വഴിയെന്നും അദ്ദേഹം പറഞ്ഞു. തിരികെ സ്വന്തം വാഹനത്തിലേക്ക് പോയ ജോജു മാധ്യമപ്രവർത്തകരോട് സംസാരിക്കുകയും ചെയ്തു. 

ജോജുവിന് പിന്നാലെ സാധാരണക്കാരായ ജനങ്ങളും സമരത്തിനെതിരെ പ്രതികരിച്ചു. തുടർന്ന സ്ഥലത്ത് സംഘർഷാവസ്ഥയുണ്ടായി. യൂത്ത് കോൺഗ്രസ് - കോൺഗ്രസ് പ്രവർത്തകർ ജോജുവിന്റെ വാഹനം തടഞ്ഞ് കൈയ്യേറ്റം ചെയ്യാൻ ശ്രമിച്ചു.  ഇദ്ദേഹത്തിന്റെ റേഞ്ച് റോവർ വാഹനത്തിന്റെ പുറകിലെ ചില്ലും തകർത്തു. പ്രതിഷേധം കടുത്തതോടെ കടുത്ത സമ്മർദ്ദത്തിലായ കോൺഗ്രസ് നേതാക്കൾ ഒരു മണിക്കൂർ സമരം നേരത്തെ അവസാനിപ്പിച്ചു. 

 

 

 

Follow Us:
Download App:
  • android
  • ios