ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ നിര്‍മിച്ച 'എഡിറ്റഡ്: എ മാന്‍ ഹു എഡിറ്റസ് ഹിം സെല്‍ഫ്' എന്ന ഡോക്യുമെന്ററിക്ക് ഡല്‍ഹി ഷോര്‍ട്‌സ് ഇന്റര്‍നാഷണല്‍ ഫെസ്റ്റിവലില്‍ സെലക്ഷന്‍. Edited A Man Who Edited Himself selected for Delhi Shorts International Festival
തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ നിര്‍മിച്ച 'എഡിറ്റഡ്: എ മാന്‍ ഹു എഡിറ്റസ് ഹിം സെല്‍ഫ്' എന്ന ഡോക്യുമെന്ററിക്ക് പതിനാലാമത് ഡല്‍ഹി ഷോര്‍ട്‌സ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ഒഫീഷ്യല്‍ സെലക്ഷന്‍. സീനിയര്‍ അസി. എഡിറ്റര്‍ ഹണി ആര്‍ കെ സംവിധാനം ചെയ്ത ചിത്രത്തിന്റെ സ്‌ക്രീനിംഗ് നവംബര്‍ അഞ്ചിന് ദില്ലിയില്‍ നടക്കും.
പതിനാറ് വര്‍ഷത്തോളം സിനിമാ എഡിറ്റിംഗ് മേഖലയില്‍ സജീവമായി പ്രവര്‍ത്തിച്ചശേഷം നാട്ടില്‍ മടങ്ങിയെത്തി ഓട്ടോഡ്രൈവറായി ജോലി നോക്കുന്ന പയ്യന്നൂര്‍ അരവഞ്ചാല്‍ സ്വദേശിയായ നാരായണന്റെ ജീവിതകഥയാണ് ഈ ഡോക്യുമെന്ററി. മലയാളത്തിലെ അനേകം ഹിറ്റ് സിനിമകളുടെ ചിത്രസംയോജന സഹായിയായിരുന്നു നാരായണന്‍. എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളായ 'ഏയ് ഓട്ടോ', 'വൈശാലി', 'വന്ദനം', 'കിലുക്കം' തുടങ്ങിയ സിനിമകള്‍ നാരായണന്റെ കൈയിലൂടെയാണ് തിരശ്ശീലയിലെത്തിയത്. നിരൂപക പ്രശംസ നേടിയ 'തനിയെ' എന്ന സിനിമയുടെ എഡിറ്ററുമാണ് നാരായണന്‍. ഈ ചി്രതത്തിന് നാരായണന് ഏഷ്യാനെറ്റ് ഫിലം അവാര്‍ഡ് ലഭിച്ചിരുന്നു.
പ്രിയദര്‍ശന്‍, ഭരതന്‍, വേണു നാഗവള്ളി തുടങ്ങിയ പ്രമുഖ സംവിധായകരുടെ കൂടെ പ്രവര്‍ത്തിച്ചിരുന്ന നാരായണന്‍ സിനിമാ തിരിക്കുകളില്‍ നില്‍ക്കുമ്പോള്‍ ഓട്ടിസം ബാധിതനായ മകന്റെ സംരക്ഷണാര്‍ഥം സിനിമാലോകം ഉപേക്ഷിച്ച് നാട്ടില്‍ വന്നതാണ്. മകന്റെ കാര്യങ്ങള്‍ നോക്കാനും ജീവിത ചെലവുകള്‍ കണ്ടെത്താനുമായി ഓട്ടോ ഡ്രൈവറായി ജോലി നോക്കേണ്ടി വന്ന നാരായണന്റെ ജീവിതം ഒരു സിനിമാക്കഥ പോലെ അസാധാരണമാണ്. നിലവില്‍ ഓട്ടോ തൊഴിലാളിയായ നാരായണന്റെ ഹൃദയസ്പര്‍ശിയായ ജീവിത കഥയാണ് 'എഡിറ്റഡ്' എന്ന ഡോക്യുമെന്ററി.
ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ എഡിറ്റര്‍ മുരളീധരന്‍ എ. കെയാണ് നിര്‍മാണം. ഡിഒപി മില്‍ട്ടണ്‍ പി ടി. എഡിറ്റ്& സൗണ്ട് ഡിസൈന്‍ ഷഫീഖാന്‍. ഗ്രാഫിക്‌സ് പ്രമോദ് കെ ടി, അസോസിയേറ്റ് ക്യാമറ ആഷിന്‍ പ്രസാദ്. സബ്‌ടൈറ്റില്‍ സോണി ആര്‍ കെ.

