ഡോൺ പാലത്തറ സംവിധാനം ചെയ്ത 'ഏകദേശം' ധരംശാല ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ഇന്ത്യൻ പ്രീമിയറിന് ഒരുങ്ങുന്നു. കൊച്ചിയുടെ പശ്ചാത്തലത്തിൽ, സിനിമയിൽ കരിയർ ആഗ്രഹിക്കുന്ന ഒരു കൂട്ടം യുവാക്കളുടെ ജീവിതത്തിലെ അനിശ്ചിതത്വങ്ങളും പോരാട്ടങ്ങളുമാണ് ഈ ചിത്രം പറയുന്നത്.

ഏറെ നിരൂപക പ്രശംസകൾ നേടിയ 'ഫാമിലി' എന്ന ചിത്രത്തിന് ശേഷം ഡോൺ പാലത്തറ രചനയും സംവിധാനവും നിർവഹിച്ച ഏറ്റവും പുതിയ ചിത്രം 'ഏകദേശം' ഇന്ത്യൻ പ്രീമിയറിന് ഒരുങ്ങുന്നു. ഒക്ടോബർ 29 മുതൽ നവംബർ 1 വരെ അരങ്ങേറുന്ന ധരംശാല ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലാണ് ചിത്രത്തിന്റെ സ്ക്രീനിങ്. നേരത്തെ ചിത്രത്തിന്റ ലോക പ്രീമിയർ Filmfest Aachen 2026-ൽ അരങ്ങേറിയിരുന്നു. മികച്ച പ്രേക്ഷക- നിരൂപക പ്രശംസകളായിരുന്നു ഫെസ്റ്റിവലിലെ മത്സരവിഭാഗത്തിൽ പ്രദർശിക്കപ്പെട്ട ഏകദേശത്തിന് ലഭിച്ചത്. കൂടാതെ ബാഴ്‌സലോണയിൽ അരങ്ങേറിയ ഏഷ്യൻ ഫിലിം ഫെസ്റ്റിവലിലും ന്യൂസിലാൻഡിൽ നടന്ന ദി ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിലും ഏകദേശത്തിന്റെ പ്രീമിയർ അരങ്ങേറിയിരുന്നു.

'The Uncertainty Principle' എന്നാണ് ചിത്രത്തിന്റെ ഇംഗ്ലീഷ് ടൈറ്റിൽ. കൊച്ചിയെ പശ്ചാത്തലമാക്കി, സിനിമയെ ചുറ്റിപ്പറ്റി ജീവിതം കെട്ടിപ്പടുക്കാൻ ശ്രമിക്കുന്ന ഒരു കൂട്ടം യുവാക്കളെ പിന്തുടരുന്ന ചിത്രമാണ് ഏകദേശം (The Uncertainty Principle). അനിശ്ചിതമായ തൊഴിൽ സാഹചര്യങ്ങൾ, ബന്ധങ്ങൾ, വിട്ടുവീഴ്ചകൾ, ജീവിതത്തിലെ ദൈനംദിന അസ്ഥിരതകൾ എന്നിവയ്ക്കിടയിൽ സ്വന്തം ജീവിതത്തിന് ഒരു ഇടം കണ്ടെത്താനുള്ള അവരുടെ ശ്രമങ്ങളിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്.

Artisan Films അവതരിപ്പിക്കുന്ന ഏകദേശം, ഡോൺ പാലത്തറയുടെ ഏഴാമത്തെ ഫീച്ചർ ചിത്രമാണ്. സമകാലിക മലയാള സിനിമയിലെ ശ്രദ്ധേയരായ നിരവധി അഭിനേതാക്കളെ ഒരുമിച്ചുകൊണ്ടുവരുന്ന ഒരു എൻസെംബിൾ ചിത്രവുമാണിത്. റോഷൻ മാത്യു, ജിതിൻ പുത്തഞ്ചേരി, ദിവ്യ പ്രഭ, വിനയ് ഫോർട്ട്, ആർ‍ഷ ബൈജു, മഹേഷ് നാരായണൻ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രത്തിൽ ശാന്തി ബാലചന്ദ്രൻ, കെൻഷിൻ, ഷെറിൻ കാതറിൻ, പാർവതി അയ്യപ്പദാസ്, ജെയിൻ ആൻഡ്രൂസ്, അരുൺ ചെറുകാവിൽ എന്നിവരും വേഷമിടുന്നുണ്ട്.

അംശുനാഥ് രാധാകൃഷ്ണൻ, ജോസ് മാത്യു, ജോമോൻ ജേക്കബ്, ഡോ. രാജു റീ, ഡോൺ പാലത്തറ ചിത്രത്തിന്റെ നിർമ്മാതാക്കൾ എന്നിവരാണ്. രചന, സംവിധാനം, എഡിറ്റിംഗ്: ഡോൺ പാലത്തറ അസോസിയേറ്റ് ക്യാമറ: രമിത് കുഞ്ചിമംഗലം. അസോസിയേറ്റ് ഡയറക്ടർ: ആർട്ട് കുഞ്ഞേരി അസിസ്റ്റന്റ് ഡയറക്ടർമാർ: സ്വാതി പാർവതി, സുമോദ് സുന്ദരൻ. സംഗീതം: ബേസിൽ സി. ജെ. ലൊക്കേഷൻ സൗണ്ട്: ആദർശ് ജോസഫ് പാലാട്ടം, മുഹമ്മദ് സജീദ് സൗണ്ട് മിക്സ്: ഡാൻ ജോസ്. സൗണ്ട് ഡിസൈൻ: അരുൺ വർമ്മ കളറിസ്റ്റ്: ശ്രീകുമാർ നായർ. പബ്ലിസിറ്റി ഡിസൈൻ: ദിലീപ്‌ദാസ്. ആഖനിനൈൽ ലോക പ്രീമിയറിലൂടെ 'ഏകദേശം' ആദ്യമായി അന്താരാഷ്ട്ര പ്രേക്ഷകർക്കു മുന്നിലെത്തുകയാണ്. 2026 സെപ്റ്റംബർ 23 മുതൽ 27 വരെ ജർമനിയിലെ ആഖനിൽ നടക്കുന്ന Filmfest Aachen, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സമകാലിക സിനിമകളെയും ചലച്ചിത്ര പ്രവർത്തകരെയും ഒരുമിച്ചുകൊണ്ടുവരുന്ന ഫെസ്റ്റിവലാണ്. ലോക പ്രീമിയറിന് ശേഷം ഏകദേശം നിരവധി അന്താരാഷ്ട്ര ഫെസ്റ്റിവൽ വേദികളിലേക്കുള്ള യാത്ര തുടരും. കൂടുതൽ പ്രദർശനങ്ങളുടെ വിവരങ്ങൾ പിന്നീട് പ്രഖ്യാപിക്കും.

YouTube video player