"ആടുജീവിതത്തെ അവര്‍ക്ക് എങ്ങനെയാണ് ഒഴിവാക്കാന്‍ കഴിഞ്ഞത്?"
ഇത്തവണത്തെ ദേശീയ പുരസ്കാരങ്ങളുടെ പ്രഖ്യാപനത്തില്‍ സിനിമാ മേഖലയില്‍ നിന്ന് ഉയര്‍ന്നുകേട്ട അപൂര്‍വ്വം വിമര്‍ശനസ്വരങ്ങളിലൊന്ന് ഉര്‍വശിയുടേത് ആയിരുന്നു. ഇത്തവണത്തെ അവാര്‍ഡ് ജേതാവ് കൂടിയാണ് എന്നത് ഉര്‍വശിയുടെ വിമര്‍ശനത്തെ പിന്നെയും വേറിട്ടതാക്കുന്നു. തനിക്കും വിജയരാഘവനും മികച്ച സഹ അഭിനേതാക്കള്‍ക്കുള്ള പുരസ്കാരം നല്‍കിയതിന് ഉര്‍വശി ചോദ്യം ചെയ്തിരുന്നു. ഉള്ളൊഴുക്ക് എന്ന ചിത്രത്തില്‍ താന്‍ അവതരിപ്പിച്ച കഥാപാത്രത്തെ എങ്ങനെ ഒരു സപ്പോര്‍ട്ടിംഗ് ക്യാരക്റ്റര്‍ ആയി കരുതാനാവും എന്നതായിരുന്നു ഉര്‍വശിയുടെ വിമര്‍ശനത്തിന്‍റെ കാതല്‍. അതുപോലെ പൂക്കാലത്തില്‍ വിജയരാഘവന്‍ അവതരിപ്പിച്ച കഥാപാത്രവും. ഇപ്പോഴിതാ അവാര്‍ഡിന് പരിഗണിച്ച വര്‍ഷം മലയാളത്തില്‍ നിന്നുള്ള മികച്ച എന്‍ട്രി ആയിരുന്ന ആടുജീവിതത്തെ ദേശീയ പുരസ്കാരങ്ങളില്‍ നിന്ന് പൂര്‍ണ്ണമായും ഒഴിവാക്കി നിര്‍ത്തിയതിനെക്കുറിച്ച് പ്രതികരിക്കുകയാണ് ഉര്‍വശി. ദി ന്യൂസ് മിനിറ്റിന് നല്‍കിയ അഭിമുഖത്തിലാണ് ഉര്‍വശി ഇക്കാര്യം പറയുന്നത്.
“ആടുജീവിതത്തെ അവര്‍ക്ക് എങ്ങനെയാണ് ഒഴിവാക്കാന്‍ കഴിഞ്ഞത്? നജീബിന്‍റെ ജീവിതവും കടന്നുപോയ ദുരിതവും അവതരിപ്പിക്കാനായി തന്‍റെ സമയവും പ്രയത്നവും നല്‍കി ഒരു ശാരീരിക മാറ്റത്തിലൂടെ കടന്നുപോയ ഒരു നടനുണ്ട്. അവാര്‍ഡ് ലഭിക്കാതെ പോയതിന് കാരണം എമ്പുരാന്‍ സിനിമയാണെന്ന് നമുക്കെല്ലാം അറിയാം. അവാര്‍ഡുകള്‍ രാഷ്ട്രീയവത്കരിക്കാനാവില്ല”, ഉര്‍വശി പറഞ്ഞു.
“പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചവര്‍ക്കാണ് സഹനടനോ നടിക്കോ ഉള്ള അവാര്‍ഡ് കൊടുക്കുന്നതങ്കില്‍ ശരിക്കുമുള്ള സഹതാരങ്ങള്‍ക്ക് എന്ത് സംഭവിക്കും? തങ്ങളുടെ കല പുതുക്കുന്നതിന് അവര്‍ക്കുള്ള പ്രചോദനം എവിടെനിന്നാണ്? കഥാപാത്രം പ്രധാനപ്പെട്ടതാണോ അതോ സപ്പോര്‍ട്ടിംഗ് റോള്‍ ആണോ എന്ന് അവര്‍ എങ്ങനെയാണ് അളക്കുക?”, ഉര്‍വശി ചോദിക്കുന്നു.
മുന്‍പ് അച്ചുവിന്‍റെ അമ്മയിലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള അവാര്‍ഡിന് താന്‍ തെരഞ്ഞെടുക്കപ്പെട്ടപ്പോഴത്തെ അനുഭവം ഉര്‍വശി നേരത്തെ ഏഷ്യാനെറ്റ് ന്യൂസുമായി പങ്കുവച്ചിരുന്നു- “അച്ചുവിന്‍റെ അമ്മയുടെ സമയത്ത് ജൂറിയില്‍ ഉണ്ടായിരുന്ന നടി സരോജാ ദേവി മികച്ച നടിക്കുള്ള അവാര്‍ഡിനായി എനിക്കുവേണ്ടി വാദിച്ചതാണ്. അത് സഹ കഥാപാത്രം അല്ലെന്നും അച്ചുവിന്‍റെ അമ്മ എന്ന ടൈറ്റില്‍ കഥാപാത്രമാണെന്നുമൊക്കെ വാദിച്ചതാണ്. പക്ഷേ അവരുടെ അഭിപ്രായം മേല്‍ക്കൈ നേടിയില്ല. അന്ന് മികച്ച സഹനടിക്കുള്ള അവാര്‍ഡ് വാങ്ങാന്‍ പോയപ്പോള്‍ തന്‍റെ മുറിയിലേക്ക് വിളിപ്പിച്ച് അവര്‍ ഇക്കാര്യം എന്നോട് നേരിട്ട് പറഞ്ഞിരുന്നു. നമുക്കുവേണ്ടി സംസാരിക്കാന്‍ ആളുണ്ടായാലും അവിടുത്തെ ലോബി തന്നെ വിജയിക്കും എന്ന അവസ്ഥയാണ്”, ഉര്‍വശി പറഞ്ഞിരുന്നു.

