സിനിമയുടെ ചിത്രീകരണം ഒക്ടോബര്‍ ആദ്യവാരം ആരംഭിക്കുമെന്ന് അറിയുന്നു

മലയാളത്തിലെ അപ്കമിംഗ് പ്രോജക്റ്റുകളില്‍ എമ്പുരാനോളം കാത്തിരിപ്പ് ഉയര്‍ത്തിയിരിക്കുന്ന ഒരു ചിത്രമില്ല. സ്കെയിലിലും കാന്‍വാസിലും മലയാള സിനിമയെ അത്ഭുതപ്പെടുത്തുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന എമ്പുരാന്‍ വമ്പന്‍ വിജയം നേടിയ ലൂസിഫറിന്‍റെ തുടര്‍ച്ചയാണ്. 2019 ല്‍ പുറത്തെത്തിയ ലൂസിഫറിന്‍റെ വിജയാഘോഷ വേളയില്‍ പ്രഖ്യാപിക്കപ്പെട്ടിരുന്ന ചിത്രത്തെ ഇത്രയും നീട്ടിയത് കൊവിഡ് സാഹചര്യമായിരുന്നു. ചിത്രീകരണം അടുത്ത മാസം ആരംഭിക്കുമെന്ന് അനൌദ്യോഗിക റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്ന എമ്പുരാന്‍റെ ഒരു അപ്ഡേറ്റ് ഇന്ന് എത്തുമെന്ന് അണിയറക്കാര്‍ അറിയിച്ചിരുന്നു. ഇപ്പോഴിതാ ഒരു ദിവസം കൂടി അതിനായി കാക്കണമെന്ന അറിയിപ്പാണ് ലഭിച്ചിരിക്കുന്നത്.

നാളെ വൈകിട്ട് അഞ്ച് മണിക്ക് ഒരു പ്രധാന അപ്ഡേറ്റ് എത്തുമെന്നാണ് അണിയറക്കാര്‍ അറിയിച്ചിരിക്കുന്നത്. ഇതിനായി ഇറക്കിയിട്ടുള്ള പോസ്റ്റര്‍ സിനിമാപ്രേമികളില്‍ കൌതുകം ഉണ്ടാക്കിയിട്ടുണ്ട്. ലൂസിഫറില്‍ മോഹന്‍ലാലിന്‍റെ എബ്രഹാം ഖുറേഷി ധരിച്ചിരുന്ന മോതിരത്തിന്റെ ചിത്രവും നിലത്ത് വീണ രക്തത്തിന്‍റെ പാട് പോലെ രണ്ടെന്ന അക്കത്തിന്‍റെ സൂചനയുമാണ് പോസ്റ്ററില്‍ ഉള്ളത്. ലൂസിഫര്‍ ഇറങ്ങിയ സമയത്ത് ഒട്ടേറെ ഫാന്‍ തിയറികള്‍ക്ക് വഴിതുറന്ന ഒന്നായിരുന്നു ഈ മോതിരം.

അതേസമയം സിനിമയുടെ ചിത്രീകരണം ഒക്ടോബര്‍ ആദ്യവാരം ദില്ലി, സിംല എന്നിവിടങ്ങളിലായി ആരംഭിക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകളില്‍ ചിലര്‍ അറിയിച്ചിരിക്കുന്നത്. ലഡാക്കും ഒരു പ്രധാന ലൊക്കേഷന്‍ ആണ്. 

എമ്പുരാനെക്കുറിച്ച് പൃഥ്വിരാജ് നേരത്തെ പറഞ്ഞത്

എമ്പുരാന്‍ വലിയ സിനിമയാണ്. വലിയ സിനിമയെന്നു പറഞ്ഞാല്‍ അതിന്‍റെ കഥാപശ്ചാത്തലം വലുതാണ്. സിനിമ ഒരു സാധാരണ സിനിമയാണ്. ലൂസിഫറില്‍ കണ്ട ടൈംലൈനിന് മുന്‍പ് നടന്ന കാര്യങ്ങളും ശേഷം നടന്ന കാര്യങ്ങളും എമ്പുരാനില്‍ ഉണ്ടാവും. ഷൂട്ടിംഗ് എന്ന് ആരംഭിക്കും എന്ന് തീരുമാനം എടുക്കണമെങ്കില്‍ ആദ്യം അത് എവിടെയാണ് ചിത്രീകരിക്കേണ്ടത് എന്ന തീരുമാനം എടുക്കണം. എവിടെയൊക്കെ ചിത്രീകരിക്കും എന്ന് തീരുമാനമായാലാണ് ഒരു ടൈംലൈന്‍ ഉണ്ടാക്കിയെടുക്കാന്‍ സാധിക്കുക. കാരണം കാലാവസ്ഥാപരമായി പല സ്ഥലങ്ങളിലും പല സമയങ്ങളാണ് ഷൂട്ടിം​ഗിന് അനുയോജ്യം ആവുക. എന്തായാലും 2023 പകുതിയോടെ ഇന്ത്യയിലെ, അല്ലെങ്കില്‍ കേരളത്തിലെ ചിത്രീകരണം തുടങ്ങണമെന്നാണ് എന്റെ ആ​ഗ്രഹം. 

ALSO READ : 'മഹായാനം' നിര്‍മ്മിച്ച അച്ഛന്‍, 'കണ്ണൂര്‍ സ്ക്വാഡ്' ഒരുക്കിയ മക്കള്‍; ഓര്‍മ്മകളെ കൂട്ടിയിണക്കുന്ന മമ്മൂട്ടി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക