'അബ്രാം ഖുറേഷി'യുടെ ആദ്യ വിഷ്വല്‍ എന്ന് കാണാം? 'എമ്പുരാന്‍' ടീസര്‍ ലോഞ്ച് പ്രഖ്യാപിച്ച് ആശിര്‍വാദ്

തിയറ്റര്‍ റിലീസ് റിലീസ് മാര്‍ച്ച് 27 ന്

empuraan teaser launch date announced mohanlal prithviraj sukumaran

എമ്പുരാനോളം മലയാളത്തില്‍ ഹൈപ്പ് ഉയര്‍ത്തിയിരിക്കുന്ന ഒരു ചിത്രമില്ല. വമ്പന്‍ വിജയം നേടിയ ലൂസിഫറിന്‍റെ രണ്ടാം ഭാഗം എന്നതുതന്നെ അതിന് കാരണം. സംവിധായകന്‍ എന്ന നിലയില്‍ പൃഥ്വിരാജിന്‍റെ അരങ്ങേറ്റമായിരുന്നു 2019 ല്‍ പുറത്തെത്തിയ ലൂസിഫര്‍. മാര്‍ച്ച് 27 നാണ് പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന എമ്പുരാന്‍റെ റിലീസ്. ഇപ്പോഴിതാ ചിത്രത്തിന്‍റെ ടീസര്‍ ലോഞ്ച് പ്രഖ്യാപിച്ചിരിക്കുകയാണ് നിര്‍മ്മാതാക്കള്‍. ജനുവരി 26 ന് വൈകിട്ട് ആറ് മണിക്ക് കൊച്ചി ലേ മെറിഡിയന്‍ ഹോട്ടലില്‍ വച്ചാണ് ടീസര്‍ ലോഞ്ച്. 

ആശിര്‍വാദ് സിനിമാസിന്‍റെ 25-ാം വാര്‍ഷികാഘോഷത്തിന്‍റെ ഭാഗമായി കൂടിയാണ് എമ്പുരാന്‍ ടീസര്‍ ലോഞ്ചിന് ഈ ദിനം തെരഞ്ഞെടുത്തിരിക്കുന്നത്. ആശിര്‍വാദിന്‍റെ ആദ്യ നിര്‍മ്മാണ സംരംഭമായിരുന്ന നരസിംഹത്തിന്‍റെ റിലീസ്  2000 ജനുവരി 26 ന് ആയിരുന്നു. മലയാളം ഇതുവരെ കണ്ടിട്ടില്ലാത്തത്ര വലിയ കാന്‍വാസിലാണ് എമ്പുരാന്‍ ഒരുങ്ങുന്നത്. ആശിര്‍വാദ് സിനിമാസിനൊപ്പം തമിഴിലെ പ്രമുഖ ബാനറായ ലൈക്ക പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. 

മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം എത്തും. ലൂസിഫറിന്‍റെ വന്‍ വിജയത്തിന് പിന്നാലെ 2019 ല്‍ പ്രഖ്യാപിച്ച സിനിമയുടെ ചിത്രീകരണം ആരംഭിച്ചത് 2023 ഒക്ടോബറിലായിരുന്നു. ഇരുപതോളം വിദേശ രാജ്യങ്ങളിലാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നതെന്നാണ് വിവരം. യുകെ, യുഎസ് എന്നിവിടങ്ങള്‍ക്കൊപ്പം റഷ്യയും ചിത്രത്തിന്‍റെ ഒരു പ്രധാന ലൊക്കേഷനാണ്. ലൂസിഫറിലെ അഭിനേതാക്കളായ പൃഥ്വിരാജ്, ടൊവിനോ തോമസ്, മഞ്ജു വാര്യർ, ശശി കപൂർ, ഇന്ദ്രജിത്ത്, ബൈജു സന്തോഷ്, സാനിയ ഇയ്യപ്പൻ, തുടങ്ങിയവരും ഈ ചിത്രത്തിൽ ശക്തമായ സാന്നിധ്യങ്ങളാണ്.

സുജിത്ത് വാസുദേവ് ആണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം. സംഗീതം ദീപക് ദേവ്, എഡിറ്റിംഗ് അഖിലേഷ് മോഹന്‍, കലാസംവിധാനം മോഹന്‍ദാസ്, ഹെഡ് ഓഫ് ലൈക്ക പ്രൊഡക്ഷന്‍സ് ജി കെ തമിഴ് കുമരന്‍, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് സുരേഷ് ബാലാജി, ജോര്‍ജ് പയസ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സിദ്ധു പനയ്ക്കല്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ വാവ, ക്രിയേറ്റീവ് ഡയറക്ടര്‍ നിര്‍മല്‍ സഹദേവ്, സൗണ്ട് ഡിസൈന്‍ എം ആര്‍ രാജാകൃഷ്ണന്‍, ആക്ഷന്‍ ഡയറക്ടര്‍ സ്റ്റണ്ട് സില്‍വ.

ALSO READ : സംഗീതം വിഷ്‍ണു വിജയ്; 'പ്രാവിന്‍കൂട് ഷാപ്പി'ലെ വീഡിയോ ഗാനം എത്തി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios