ദൃശ്യം ഒന്നിലെ പോലീസ് സ്റ്റേഷൻ രംഗത്തെ മോഹൻലാലിന്റെ ഭാവപ്രകടനം തെലുങ്ക് റീമേക്കിൽ തനിക്ക് ആവർത്തിക്കാനാവില്ലെന്ന് വെങ്കിടേഷ് പറഞ്ഞതായി നടി എസ്തർ അനിൽ വെളിപ്പെടുത്തി. Mohanlal Drishyam 3 Esther Anil Jeethu Joseph
മലയാളത്തിൽ ഏറ്റവും പ്രതീക്ഷയോടെ പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രമാണ് മോഹൻലാൽ- ജീത്തു ജോസഫ് കൂട്ടുകെട്ടിലൊരുങ്ങുന്ന ദൃശ്യം 3. മെയ് 21 നാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. മലയാളത്തിലെ നിലവിലുള്ള ബോക്സോഫീസ് റെക്കോർഡുകൾ ദൃശ്യം 3 തകർക്കുമോ എന്നും പ്രേക്ഷകർ ഉറ്റുനോക്കുന്നുണ്ട്. മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലേക്കും ദൃശ്യം റീമേക്ക് ചെയ്തിരുന്നു. ഹിന്ദിയിൽ അജയ് ദേവ്ഗൺ പ്രധാന വേഷത്തിലെത്തിയപ്പോൾ, തമിഴിൽ കമൽഹാസനും, തെലുങ്കിൽ വെങ്കിടേഷുമായിരുന്നു എത്തിയിരുന്നത്. ഇപ്പോഴിതാ ദൃശ്യം ആദ്യ ഭാഗത്തിലെ പോലീസ് സ്റ്റേഷൻ രംഗത്തെ കുറിച്ച് എസ്തർ പറഞ്ഞ വാക്കുകളാണ് ചർച്ചയാവുന്നത്.
തെലുങ്കിൽ പ്രസ്തുത രംഗം ഷൂട്ട് ചെയ്യുമ്പോൾ മോഹൻലാൽ ചെയ്തത് പോലെയൊരു ഭാവം ചെയ്യാൻ വെങ്കിടേഷിന് കഴിഞ്ഞിരുന്നില്ല എന്നാണ് എസ്തർ പറയുന്നത്. "ഇൻഡ്രോഗേഷന്റെ സമയത്ത് സഹദേവൻ വന്ന് ചവിട്ടുന്ന ഒരു രംഗമുണ്ട്. മക്കളും ഭാര്യയും അപ്പുറത്ത് വിഷമിച്ച് നിൽക്കുന്നുണ്ട്. ചവിട്ടി കഴിഞ്ഞിട്ട് പുള്ളി അവരെ നോക്കി ഒരു ചിരി ചിരിക്കും. ഇതൊന്നും കുഴപ്പമില്ല എന്നുള്ള പോലെ. അത് ഹൃദയഭേദകമായിരുന്നു, വളരെ വിഷമമുള്ള ഒരു ഷോട്ടാണ്. ഒരൊറ്റ ഷോട്ടാണ് അതിനനകത്ത് ഒരുപാടൊന്നും ചെയ്യുന്നില്ല. ഞാൻ എന്തുകൊണ്ടാണ് അത് ഓർത്തിരിക്കാൻ കാരണം എന്ന് വച്ചാൽ, ഇത് തന്നെ നമ്മൾ തെലുങ്കിൽ റീമേക്ക് ചെയ്തു, ശ്രീപ്രിയ ഗാരു ആയിരുന്നു അത് സംവിധാനം ചെയ്തിരുന്നത്. വെങ്കി, ഇങ്ങനെയാണ് ഷോട്ട് ഇവർ വന്ന് ഇടിക്കും, അപ്പോൾ ഇങ്ങനെ തിരിഞ്ഞിട്ട് ചിരിക്കുക. ആ സമയത്ത് വെങ്കി അങ്കിൾ പറഞ്ഞു 'അമ്മ അത് പണ്ണ മുടിയാത്, അത് മോഹൻലാലിന് മാത്രമേ ചെയ്യാൻ പറ്റൂ' എന്ന് പറഞ്ഞു." എസ്തർ പറയുന്നു.
അതേസമയം മെയ് 21 നാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. ചിത്രത്തിന്റെ ടീസർ ഇന്ന് വൈകുന്നേരം പുറത്തുവിടും. മോഹൻലാലിന് പുറമേ മീന, അൻസിബ ഹസൻ, എസ്‍തര്‍ അനില്‍, ആശാ ശരത്, സിദ്ധിഖ്, കലാഭവൻ ഷാജോണ്‍, ഇര്‍ഷാദ്, ഗണേഷ് കുമാർ തുടങ്ങിയ താരങ്ങളും സിനിമയിൽ ഉണ്ടാകും. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് സിനിമ നിർമിച്ചിരിക്കുന്നത്. അതേസമയം, ചിത്രത്തിന്‍റെ ഹിന്ദി പതിപ്പ് 2026 ഒക്ടോബര്‍ രണ്ടിന് റിലീസ് ചെയ്യും.


