പ്രിയദർശൻ സംവിധാനം ചെയ്ത അക്ഷയ് കുമാർ ചിത്രം 'ഭൂത് ബംഗ്ല' ആഗോളതലത്തിൽ 200 കോടിയിലധികം കളക്ഷൻ നേടി. സമ്മിശ്ര പ്രതികരണങ്ങൾക്കിടയിലും, 100 കോടി ക്ലബ്ബിലെത്തുന്ന പ്രിയദർശന്റെ ആദ്യ ചിത്രമെന്ന നേട്ടവും സ്വന്തമാക്കി.
അക്ഷയ് കുമാറിനെ നായകനാക്കി പ്രിയദർശൻ സംവിധാനം ചെയ്ത 'ഭൂത് ബംഗ്ല' കളക്ഷനിൽ വലിയ നേട്ടമുണ്ടാക്കി മുന്നേറുകയാണ്. ആഗോള തലത്തിൽ ഇരുനൂറ് കോടിക്ക് മുകളിലാണ് ചിത്രം നേടിയത്. ആദ്യ മൂന്ന് ദിനങ്ങൾ കൊണ്ട് തന്നെ ചിത്രം 100 കോടി ക്ലബ്ബിൽ ഇടം നേടിയിരുന്നു. 100 കോടി നേട്ടം സ്വന്തമാക്കുന്ന ആദ്യ പ്രിയദർശൻ ചിത്രം കൂടിയാണിത്. ഹൊറർ ഫാന്റസി ഴോണറിൽ എത്തിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. വാമിഖ ഗബ്ബിയാണ് ചിത്രത്തിൽ നായികയായി എത്തിയിരിക്കുന്നത്.
ഇപ്പോഴിതാ തന്റെ ആദ്യ നൂറ് കോടി നേട്ടത്തിൽ പ്രതികരിച്ചിരിക്കുകയാണ് വാമിഖ. ഇവിടെവരെയുള്ള ഓരോ ചുവടും കഠിനാധ്വാനത്തിലൂടേയും പഠനങ്ങളിലൂടേയും ആഴത്തില്‍ അനുഭവിച്ചും നേടിയെടുത്തതാണെന്നും, ഇതൊരു തുടക്കം മാത്രമാണെന്നും പ്രിയദർശനും അക്ഷയ് കുമാറിനും നന്ദി രേഖപ്പെടുത്തികൊണ്ട് വാമിഖ കുറിച്ചു.
"എന്റെ ആദ്യ നൂറുകോടി ചിത്രം. പ്രിയദര്‍ശന്‍, അക്ഷയ് കുമാര്‍, എക്താ കപൂര്‍, ഫറാ എന്നിവരോടും, ക്യാമറക്കും മുന്നിലും പിന്നിലും പ്രവര്‍ത്തിച്ചവരോടും വാക്കുകള്‍ക്കതീതമായ നന്ദി. ഞങ്ങളുടേതുപോലെതന്നെ നിങ്ങളുടേതുമാണ് ഭൂത് ബംഗ്ല. ചിത്രം കണ്ടതിനും എന്‍ജോയ് ചെയ്തതിനും എനിക്കും നിങ്ങളുടെ മനസില്‍ ഇടം നല്‍കിയതിനും പ്രേക്ഷകര്‍ക്ക് നന്ദി. ഇവിടെവരെയുള്ള ഓരോ ചുവടും കഠിനാധ്വാനത്തിലൂടേയും പഠനങ്ങളിലൂടേയും ആഴത്തില്‍ അനുഭവിച്ചും നേടിയെടുത്തതാണ്. ഇതൊരു തുടക്കം മാത്രമാണ്, ഞാനിനിയും വരും. വളരും." വാമിഖ കുറിച്ചു.
അതേസമയം മലയാളത്തിൽ ഗോദ എന്ന ചിത്രത്തിലൂടെയാണ് വാമിഖ അരങ്ങേറ്റം കുറിച്ചത്. ആസിഫ് അലി നായകനായി എത്തുന്നു ടിക്കി ടാക്കയാണ് വാമിഖയുടെ പുതിയ ചിത്രം.


