തമിഴകത്തെ എക്കാലത്തെയും മികച്ച പ്രണയ സിനിമകളില്‍ ഒന്നാണ് തുള്ളാതെ മനവും തുള്ളും. എഴില്‍ എന്ന സംവിധായകന്റെ ആദ്യ ചിത്രമായിരുന്നു അത്. വിജയ് ആയിരുന്നു നായകൻ. ചിത്രം അക്കാലത്തെ സൂപ്പര്‍ഹിറ്റായിരുന്നു. മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള തമിഴ്‍നാട് സംസ്ഥാന പുരസ്‍കാരവും ചിത്രത്തിനു ലഭിച്ചു. പിന്നീട് പെണ്ണിൻ  മനത്തില്‍ തൊട്ട്, പൂവെല്ലാം ഉൻ വാസം തുടങ്ങിയ സിനിമകളും ഒരുക്കി. തമിഴകത്തിന്റെ തല അജിത്ത് അടക്കമുള്ളവര്‍ നായകരായി. മികച്ച ചിത്രങ്ങളും റൊമാന്റിക് കോഡി സ്വഭാവത്തിനുള്ളവ. എഴിലിന്റേതായി ഉടൻ പ്രദര്‍ശനത്തിന് എത്താനുള്ള ചിത്രം പക്ഷേ ഹൊറര്‍ ആണ്.

ആയിരം ജൻമങ്ങളാണ് എഴിലിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്നത്. ചിത്രം ഹൊറര്‍ കോമഡി വിഭാഗത്തില്‍ പെടുന്നതാണ്. ജി വി പ്രകാശ് കുമാറാണ് ചിത്രത്തില്‍ നായകൻ. 1978ല്‍ രജനികാന്ത് നായകനായ ചിത്രത്തിന്റെ പേരാണ് എഴില്‍ പുതിയ ചിത്രത്തിനായി സ്വീകരിച്ചിരിക്കുന്നത്. ഹൊറര്‍ ചിത്രമായിരുന്നു ആയിരം ജന്മങ്ങള്‍. രജനികാന്ത് ആദ്യമായി അഭിനയിച്ച ഹൊറര്‍ ചിത്രവുമായിരുന്നു ആയിരം ജന്മങ്ങള്‍.  ഈഷ റെബ്ബ ആണ്  പുതിയ സിനിമയില്‍ നായികയായി എത്തുന്നത്. സത്യയാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.