എൺപതുകളിലെ താരങ്ങളുടെ  സൗഹൃദക്കൂട്ടായ്മയിൽ തന്നെ ആരും വിളിക്കാത്തതിൽ സങ്കടമുണ്ടെന്ന ഫേസ്ബുക്ക് കുറിപ്പുമായി നടനും സംവിധായകനുമായ പ്രതാപ് പോത്തൻ. താനൊരു മോശം സംവിധായകനും നടനുമായതിനാലാവാം തന്നെ വിളിക്കാതിരുന്നതെന്നും അദ്ദേഹം കുറിപ്പിൽ പറയുന്നു. ''എൺപതുകളിലെ താരങ്ങളുമായി എനിക്ക് വ്യക്തിപരമായി ബന്ധമില്ല. ഞാനൊരു മോശം നടനും സംവിധായകനുമായതു കൊണ്ടാകാം, ആ കൂടിച്ചേരലിൽ എന്നെ ആരും വിളിച്ചില്ല. എനിക്ക് ദു:ഖമുണ്ട്. എന്തായാലും ഒരു കാര്യം പറയുന്നു. സിനിമയിൽ എനിക്ക് ഒന്നുമാകാൻ സാധിച്ചില്ല. ചിലർക്ക് ഒരാളെ ഇഷ്ടപ്പെടാം, വെറുക്കാം,. എന്തായാലും ജീവിതം മുന്നോട്ട് തന്നെ പോകും.'' പ്രതാപ് പോത്തൻ ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.

നടൻ ബാബു ആൻ്റണി ഈ പോസ്റ്റിൽ പ്രതികരണമറിയിച്ചിട്ടുണ്ട്. ''അവർ ആരൊക്കെയാണെന്ന് എനിക്കറിയില്ല. അവരെ അവ​ഗണിച്ചേക്കൂ. നിങ്ങളുടെ ഉയർച്ചയ്ക്ക് അവർ യാതൊരു സംഭാവനയും നൽകിയിട്ടില്ല. നിങ്ങൾ നല്ലൊരു സംവിധായകനും നടനുമാണ്.'' ബാബു ആന്റണി മറുപടി നൽകിയിരിക്കുന്നു. എൺപതുകളിൽ മലയാളം, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലായി അമ്പതിലധികം ചിത്രങ്ങളിൽ പ്രതാപ് പോത്തൻ തന്റെ സാന്നിദ്ധ്യമറിയിച്ചിട്ടുണ്ട്.

2009 ൽ സുഹാസിനിയും ലിസിയും ചേർന്നാണ് ഈ കൂടിച്ചേരൽ ആരംഭിച്ചത്. പിന്നീട് ഓരോ വർഷവും ഓരോ താരങ്ങളുടെ വീട്ടിൽ ഇവർ ഒന്നുചേരാറുണ്ട്. ഈ വർഷം ചിരജ്ഞീവിയുടെ വീട്ടിലായിരുന്നു കൂട്ടായ്മ. ഇപ്പോൾ ഈ ക്ലബ്ബിൽ 50 അം​ഗങ്ങളാണുള്ളത്. 'ക്ലാസ് ഓഫ് 80 സ്' എന്നാണ് ഇത്തവണത്തെ റീയൂണിയന്‍റെ പേര്. മോഹന്‍ലാല്‍, ജയറാം, ശോഭന, രേവതി, സുമലത, സുഹാസിനി, രാധിക ശരത്കുമാര്‍, ശരത്കുമാര്‍, അംബിക, ലിസി, റഹ്മാൻ തുടങ്ങിയവർ ഈ കൂട്ടായ്മയിൽ പങ്കെടുത്തു.

ഇതിന് ശേഷം എൺപതുകളിൽ ഞാൻ ഉറങ്ങുകയായിരുന്നു എന്ന തലക്കെട്ടോടെ പ്രതാപ് പോത്തൻ ഒരു വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്. 1981 ൽ പുറത്തിറങ്ങിയ നെഞ്ചിൽ ഒരു മുൾ എന്ന ചിത്രത്തിൽ പൂർണ്ണിമ ജയറാമിനൊപ്പം അഭിനയിക്കുന്ന പ്രണയ​ഗാനമാണിത്.