കൊച്ചി: നഗരത്തിലെ ഷോപ്പിം​ഗ് മാളിൽ വച്ച് രണ്ട് ചെറുപ്പക്കാർ തന്നെ അപമാനിക്കാൻ ശ്രമിച്ചെന്ന് മലയാളത്തിലെ യുവനടിയുടെ വെളിപ്പെടുത്തൽ. കൊച്ചിയിലെ പ്രമുഖ ഷോപ്പിം​ഗ് മാളിൽ വച്ചാണ് സംഭവം. സമൂഹമാധ്യമത്തിലൂടെയാണ് നടി ഇക്കാര്യം വെളിപ്പെടുത്തിയത്. 

ഇന്നലെ രാത്രിയാണ് ഇതു സംബന്ധിച്ച പോസ്റ്റ് നടി ഇൻസ്റ്റ​ഗ്രാമിലൂടെ പരസ്യപ്പെടുത്തിയത്. കുടുംബവുമൊത്ത് ഷോപ്പിം​ഗിനെത്തിയപ്പോഴാണ് ദുരനുഭവമുണ്ടായത്. ശരീരത്തിൽ സ്പർശിച്ച ശേഷം ചെറുപ്പക്കാർ തന്നെ പിന്തുടർന്നെന്നാണ് നടി പറയുന്നത്. ഇതു സംബന്ധിച്ച് പരാതി നൽകാനില്ലെന്നും നടിയും കുടുംബവും വ്യക്തമാക്കി. 


നടി ഇൻസ്റ്റ​ഗ്രാം സ്റ്റോറിയിൽ കുറിച്ചത്...

"ആ സമയത്ത് എനിക്ക് വേണ്ടവിധം പ്രതികരിക്കാൻ പറ്റിയില്ല. നേരിട്ട അനുഭവത്തിന്‍റെ ആഘാതത്തിൽ മനസ് ശൂന്യമായിപ്പോയി. ഇപ്പോൾ അവരോട് പറയേണ്ടിയിരുന്ന ആയിരം വാക്കുകൾ മനസിലുണ്ട്. ഒരു സ്ത്രീയെന്ന നിലയിൽ തളർത്തിക്കളയുന്ന അനുഭവമായിരുന്നു. അപമാനത്തിന് ശേഷവും തന്നെ മോശം കണ്ണുമായി സമീപിച്ചു. മോശം പെരുമാറ്റത്തിന് ശേഷം അവർ സാധാരണ പോലെ നടന്നുപോയി. 
ഇനിയും അവർ ഇത്തരത്തിൽ തന്നെ പെരുമാറും എന്നറിയാം. അതുകൊണ്ടാണ് ഇതിപ്പോൾ തുറന്ന് എഴുതുന്നത്. ഇത്തരം അവസ്ഥകളിലൂടെ എല്ലാ സ്ത്രീകളും കടന്നുപോകുന്നുണ്ട്. സ്ത്രീകളുടെ സന്തോഷവും സമാധാനവും കവരുന്നവരെ വെറുക്കുന്നു. ഇനി ഇത്തരം അനുഭവം നേരിടുന്ന സ്ത്രീകൾക്ക് എന്നേക്കാൾ ധൈര്യമുണ്ടാകട്ടെ."