മറ്റ് താരങ്ങളും സഹായവുമായി എത്തിയിട്ടുണ്ട്

വയനാട് ഉരുള്‍പൊട്ടലിനെത്തുടര്‍ന്നുള്ള ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി ഫഹദ് ഫാസിലും നസ്രിയ നസീമും. 25 ലക്ഷം രൂപയാണ് ഇവര്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയിരിക്കുന്നത്. തങ്ങളുടെ നിര്‍മ്മാണ കമ്പനിയായ ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്സിന്‍റെ ലെറ്റര്‍പാ‍ഡില്‍ മുഖ്യമന്ത്രിക്ക് എഴുതിയ കത്ത് ഫേസ്ബുക്കില്‍ പങ്കുവച്ചുകൊണ്ട് ഫഹദ് ഫാസില്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

വയനാട് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി മറ്റ് ചലച്ചിത്ര താരങ്ങളും സംഭാവന നല്‍കിയിട്ടുണ്ട്. മമ്മൂട്ടി, ദുല്‍ഖര്‍ സല്‍മാന്‍ എന്നിവര്‍ ചേര്‍ന്ന് 35 ലക്ഷം, വിക്രം 20 ലക്ഷം, രശ്മിക മന്ദാന 10 ലക്ഷം, സൂര്യ, ജ്യോതിക, കാര്‍ത്തി എന്നിവര്‍ ചേര്‍ന്ന് 50 ലക്ഷം എന്നിങ്ങനെയാണ് സിനിമാമേഖലയില്‍ നിന്ന് ഇതിനകം ഉണ്ടായ സാമ്പത്തിക സഹായം.

അതേസമയം രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നതിനിടെ ഉരുള്‍പൊട്ടലുണ്ടായ മുണ്ടക്കൈ മേഖലയില്‍ അതിശക്തമായ മഴ. ഉച്ച കഴിഞ്ഞ് രണ്ടരയ്ക്ക് ശേഷമാണ് പ്രദേശത്ത് മഴ ആരംഭിച്ചത്. ഉരുള്‍പൊട്ടലിന്‍റെ പ്രഭവ കേന്ദ്രമായ പുഞ്ചിരിമട്ടം മേഖലയിലാണ് അതിശക്തമായ മഴ പെയ്യുന്നത്. ഇതേത്തുടര്‍ന്ന് ഇവിടങ്ങളില്‍ നിന്ന് രക്ഷാപ്രവര്‍ത്തകരെയും മാധ്യമപ്രവര്‍ത്തകരെയും സുരക്ഷിതമായ ഇടങ്ങളിലേക്ക് തിരിച്ചിറക്കി. മുണ്ടക്കൈയിലെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് തല്‍ക്കാലത്തേക്ക് മാറാനാണ് നിര്‍ദേശം.

മുണ്ടക്കൈയിലും ശക്തമായ മഴ തുടരുന്നത് രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയായി തുടരുകയാണ്. ചൂരല്‍മലയിലും കനത്ത മഴ പെയ്യുന്നുണ്ട്. മഴ പെയ്യുന്നത് വീണ്ടും മലവെള്ളപ്പാച്ചിലുണ്ടാകുമോയെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്. അപകടമേഖലയില്‍നിന്ന് സുരക്ഷിതമായ സ്ഥാനങ്ങളിലേക്ക് മാറാനാണ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതേസമയം, ചൂരല്‍മലയില്‍ സൈന്യം നിര്‍മിക്കുന്ന ബെയിലി പാലം വൈകിട്ടോടെ സജ്ജമാകും.

ALSO READ : 'ഇത് അതിയായ വേദനയുടെ സമയം'; 'അഡിയോസ് അമിഗോ' റിലീസ് നീട്ടുകയാണെന്ന് നിര്‍മ്മാതാക്കള്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം