ഇത് സിനിമയാണോ ഷോർട്ട് ഫിലിമാണോ വെബ് സീരീസാണോ പരസ്യചിത്രമാണോ സോഷ്യൽ മീഡിയ ക്യാമ്പയനിങ്ങാണോ എന്ന കൺഫ്യൂഷനിലാണ് ആരാധകർ

ജീവിതത്തിലും സിനിമയിലും ഫഹദ്-നസ്രിയ ദമ്പതികൾക്കിടയിലുള്ള രസതന്ത്രം ആസ്വദിക്കുന്നവരാണ് മലയാളികൾ. ഇരുവരും ഒന്നിച്ചഭിനയിച്ചപ്പോഴെല്ലാം ഇരുകൈയും നീട്ടി പ്രേക്ഷകർ സ്വീകരിച്ചിട്ടുമുണ്ട്. മലയാളത്തിൽ മാത്രമല്ല തെന്നിന്ത്യ മുഴുവൻ ഈ താരദമ്പതികൾക്ക് ആരാധകർ ഏറെയാണ്. ഇരുവരും ഒന്നിച്ച് അഭിനയിച്ച പുതിയ വിഡീയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ സംസാര വിഷയം.

Cold War - Love Has Many Flavours | Fahadh Faasil | Nazriya Fahadh

"ലൗവ് ഹാസ് മെനി ഫ്ലേവേഴ്സ്" എന്ന ടാഗ്-ലൈനോടെ പുറത്തിറങ്ങിയ വിഡീയോകൾ ഇതിനോടകം വൈറലായി. ‘ട്രാൻസ്’ സിനിമയ്ക്കു ശേഷം ഫഹദും നസ്രിയയും സ്ക്രീനിൽ വീണ്ടും ഒന്നിച്ചപ്പോൾ ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ഇരുവരും ഒന്നിച്ച സൂപ്പർഹിറ്റ് ചിത്രം 'ബാംഗ്ലൂർ ഡേയ്സി'ലെ ദിവ്യ-ശിവ കഥാപാത്രങ്ങളോടു താരതമ്യപ്പെടുത്തിയുള്ള ചർച്ചകളും സോഷ്യൽ മീഡിയയിൽ തുടങ്ങിക്കഴിഞ്ഞു. ഇത് സിനിമയാണോ, ഷോർട്ട് ഫിലിമാണോ, വെബ് സീരീസാണോ, പരസ്യചിത്രമാണോ, സോഷ്യൽ മീഡിയ ക്യാമ്പയനിങ്ങാണോ എന്ന കൺഫ്യൂഷനിലാണ് ആരാധകർ.

സെപ്റ്റംബർ 21-ന് പുറത്തിറങ്ങിയ ആദ്യ വീഡിയോ ഇതിനോടകം ഒരു മില്യൺ കാഴ്ചക്കാരുമായി ട്രെൻഡിങ്ങായി തുടരുന്നു. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ‘കോൾഡ് വാർ’ എന്ന രണ്ടാമത്തെ വിഡിയോയും മികച്ച പ്രതികരണമാണ് നേടിയത്. കൂടുതൽ വീഡിയോകൾ വരുമെന്ന സൂചനയാണ് അണിയറ പ്രവർത്തകർ നൽകുന്നത്. ആദ്യ വീഡിയോയിൽ ഇരുവരും ദേഷ്യത്തിലാണെങ്കിൽ രണ്ടാമാത്തെ വീഡിയോയിൽ ദേഷ്യം അലിഞ്ഞു ശീതസമരത്തിലേക്കു വഴിമാറുന്നുണ്ട്. എന്തായാലും താരജോഡികളെ ഏറെക്കാലത്തെ ഇടവേളയ്ക്ക് ശേഷം സ്ക്രീനിൽ ഒരുമിച്ച് കാണാൻ കഴിഞ്ഞതിന്റെ ആഹ്ലാദത്തിലാണ് ആരാധകർ.