വിവിധ തൊഴില്‍ രംഗങ്ങളില്‍ മികവ് തെളിയിച്ചവര്‍ക്കും മികച്ച പ്രകടനം കാഴ്‍ചവെച്ച വിദ്യാര്‍ത്ഥികള്‍ക്കും യുഎഇ ഭരണകൂടം പത്ത് വര്‍ഷത്തേക്കുള്ള ഗോള്‍ഡന്‍ വിസകള്‍ അനുവദിക്കുന്നുണ്ട്.

ദുബായ് : തെന്നിന്ത്യൻ താര ദമ്പതികളായ ഫഹദ് ഫാസിലിനും(Fahadh Faasil) നസ്രിയ നസീമിനും(nazriya) യുഎഇ ഗോൾഡൻ വിസ(UAE Golden Visa) ലഭിച്ചു. ഇതാദ്യമായാണ് ഇന്ത്യൻ സിനിമ മേഖലയിൽ നിന്നും താര ദമ്പതികൾക്ക് ഗോൾഡൻ വിസ ലഭിക്കുന്നത്. ഇരുവരും ഇസിഎച്ച് ആസ്ഥാനത്തെത്തി സി.ഇ.ഓ ഇഖ്ബാൽ മാർക്കോണിയിൽ നിന്നുമാണ് വിസ ഏറ്റുവാങ്ങിയത്. 

ദുബായിലെ ഏറ്റവും പ്രശസ്തമായ സർക്കാർ സേവന ദാതാക്കളായ ഇ.സി.എച്ച് ആണ് ഫഹദ് ഫാസിലിനും നസ്രിയ നസീമിന്റെയും ഗോൾഡൻ വിസ നടപടി ക്രമങ്ങൾ പൂർത്തീകരിച്ചത്. അറബ് പ്രമുഖൻ അബ്ദുല്ല ഫലാസി, ദുബൈ ടി.വി ഡയറക്ടർ അഹമ്മദ്, പി.എം അബ്ദുറഹ്മാൻ, ഫാരിസ് ഫൈസൽ എന്നിവർ സംബന്ധിച്ചു. 

ദുബായ് നൽകിയ അംഗീകാരത്തിന് ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദിന് ഇരുവരും നന്ദി അറിയിച്ചു. മലയാള സിനിമയില്‍ നിന്ന് നിരവധി അഭിനേതാക്കള്‍ക്ക് നേരത്തെ ഗോള്‍ഡന്‍ വിസ ലഭിച്ചിരുന്നു. പ്രണവ് മോഹൻലാൽ, മമ്മൂട്ടി, മോഹന്‍ലാല്‍, പൃഥ്വിരാജ്, ദുല്‍ഖര്‍ സല്‍മാന്‍, നൈല ഉഷ, ടൊവിനോ തോമസ്, ആശാ ശരത്, ആസിഫ് അലി, മിഥുന്‍ രമേശ്, ലാല്‍ ജോസ്, മീര ജാസ്മിന്‍, സംവിധായകന്‍ സലീം അഹമ്മദ്, സിദ്ദിഖ്, ഗായിക കെ എസ് ചിത്ര, സുരാജ് വെഞ്ഞാറമൂട്, നിര്‍മ്മാതാവ് ആന്‍റോ ജോസഫ് എന്നിവര്‍ ഗോള്‍ഡന്‍ വിസ സ്വീകരിച്ചിരുന്നു.

വിവിധ തൊഴില്‍ രംഗങ്ങളില്‍ മികവ് തെളിയിച്ചവര്‍ക്കും മികച്ച പ്രകടനം കാഴ്‍ചവെച്ച വിദ്യാര്‍ത്ഥികള്‍ക്കും യുഎഇ ഭരണകൂടം പത്ത് വര്‍ഷത്തേക്കുള്ള ഗോള്‍ഡന്‍ വിസകള്‍ അനുവദിക്കുന്നുണ്ട്. അബുദാബിയില്‍ അഞ്ഞൂറിലേറെ ഡോക്ടര്‍മാര്‍ക്ക് ദീര്‍ഘകാല താമസത്തിനുള്ള ഗോള്‍ഡന്‍ വിസ അനുവദിച്ചിരുന്നു. 10 വർഷത്തേക്കുള്ള വിസ അനുവദിക്കുന്ന ഗോൾഡൻ വിസ പദ്ധതി 2018-ലാണ് യുഎഇ സർക്കാർ ആരംഭിച്ചത്.