തമിഴില്‍ ആദ്യമഭിനയിച്ച വേലൈക്കാരനും സൂപ്പര്‍ ഡീലക്സിലെയുമൊക്കെ ഫഹദിന്‍റെ കഥാപാത്രങ്ങളും പ്രകടനവുമൊക്കെ ശ്രദ്ധിക്കപ്പെട്ടെങ്കിലും അദ്ദേഹത്തിന് അവിടെ വ്യാപകമായ സ്വീകാര്യത നേടിക്കൊടുത്തത് കമലിനൊപ്പമെത്തിയ വിക്രം ആയിരുന്നു

ചുരുങ്ങിയ കാലം കൊണ്ട് ഭാഷയുടെ അതിരുകള്‍ക്കപ്പുറത്ത് തന്‍റെ അഭിനയപ്രതിഭ തെളിയിക്കാന്‍ അവസരം ലഭിച്ച നടനാണ് ഫഹദ് ഫാസില്‍. കരിയറിന്‍റെ തുടക്കകാലത്ത് മലയാളത്തിന് പുറത്ത് അഭിനയിക്കാന്‍ താല്‍പര്യം കാണിച്ച ആളാണ് ഫഹദെങ്കില്‍ പിന്നീട് അദ്ദേഹം ആ തീരുമാനം മാറ്റി. തെലുങ്കിലും തമിഴിലും മികച്ച പ്രോജക്റ്റുകളാണ് അദ്ദേഹത്തെ കാത്തിരുന്നത്. തമിഴില്‍ സൂപ്പര്‍ ഡീലക്സ്, വിക്രം, മാമന്നന്‍ അടക്കമുള്ള ചിത്രങ്ങള്‍, തെലുങ്കില്‍ അല്ലു അര്‍ജുന്‍ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ച സുകുമാര്‍ ചിത്രം പുഷ്പയിലൂടെയുള്ള അരങ്ങേറ്റം. മറുഭാഷകളിലെ റോളുകളുടെ തെരഞ്ഞെടുപ്പില്‍ ഫഹദ് കാണിച്ച മിടുക്കാണ് അവിടങ്ങളില്‍ പൊടുന്നനെ അദ്ദേഹത്തെ ശ്രദ്ധാകേന്ദ്രമാക്കിയത്.

തമിഴില്‍ ആദ്യമഭിനയിച്ച വേലൈക്കാരനും സൂപ്പര്‍ ഡീലക്സിലെയുമൊക്കെ ഫഹദിന്‍റെ കഥാപാത്രങ്ങളും പ്രകടനവുമൊക്കെ ശ്രദ്ധിക്കപ്പെട്ടെങ്കിലും അദ്ദേഹത്തിന് അവിടെ വ്യാപകമായ സ്വീകാര്യത നേടിക്കൊടുത്തത് കമലിനൊപ്പമെത്തിയ വിക്രം ആയിരുന്നു. കമല്‍ ഹാസന്‍റെയും തിരിച്ചുവരവ് ചിത്രമായി മാറിയ ലോകേഷ് കനകരാജ് ചിത്രം നേടിയ വന്‍ വിജയത്തില്‍ കമല്‍ ഹാസന്‍- വിജയ് സേതുപതി- ഫഹദ് ഫാസില്‍ കോമ്പോയ്ക്ക് വലിയ പങ്കുണ്ട്. ഇതിനു ശേഷമാണ് മാരി സെല്‍വരാജിന്‍റെ മാമന്നനില്‍ പ്രതിനായകനായി ഫഹദ് എത്തുന്നത്. തന്‍റെ മുന്‍ ചിത്രങ്ങളെപ്പോലെതന്നെ ജാതിരാഷ്ട്രീയം പറയുന്ന ചിത്രത്തിലെ ഫഹദിന്‍റെ പ്രകടനമാണ് തമിഴ് സിനിമാപ്രേമികള്‍ക്കിടയിലെ ഇപ്പോഴത്തെ പ്രധാന ചര്‍ച്ച.

Scroll to load tweet…

തിയറ്റര്‍ റിലീസില്‍ മോശമില്ലാത്ത പ്രേക്ഷകപ്രതികരണങ്ങളും ബോക്സ് ഓഫീസ് കളക്ഷനും നേടിയ ചിത്രം പക്ഷേ അതിനെയെല്ലാം വെല്ലുന്ന തരത്തിലുള്ള അഭിപ്രായമാണ് നെറ്റ്ഫ്ലിക്സിലൂടെയുള്ള ഒടിടി റിലീസിനു ശേഷം നേടുന്നത്. ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ച വടിവേലുവിനും മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ഉദയനിധി സ്റ്റാലിനും സംവിധായകന്‍ മാരി സെല്‍വരാജിനും ലഭിക്കാത്ത തരത്തിലുള്ള കൈയടിയാണ് ഫഹദിന് ലഭിക്കുന്നത് എന്നതാണ് ശ്രദ്ധേയം. ജാതിവിവേചനത്തെക്കുറിച്ച് സംസാരിക്കുന്ന ഒരു ചിത്രത്തില്‍ മേല്‍ജാതിക്കാരനായ പ്രതിനായകനെ അവതരിപ്പിച്ച നടന് ലഭിക്കുന്ന വലിയ സ്വീകാര്യത പല രീതിയിലാണ് ചര്‍ച്ച ചെയ്യപ്പെടുന്നത്. 

Scroll to load tweet…

ഫഹദിന്‍റെ പ്രകടനം കൈയടി നേടുമ്പോള്‍ത്തന്നെ സംവിധായകന്‍ നെഗറ്റീവ് ആയി അവതരിപ്പിച്ചിരിക്കുന്ന ഒരു കഥാപാത്രത്തിന് ലഭിക്കുന്ന വലിയ സ്വീകാര്യത മറ്റ് തരത്തിലും വ്യാഖ്യാനിക്കപ്പെടുന്നുണ്ട്. ഒടിടി റിലീസിന് പിന്നാലെ ട്വിറ്ററില്‍ എത്തിയ നിരവധി എഡിറ്റുകളില്‍ ചിലത് ജാതിവാദത്തെ മുന്‍നിര്‍ത്തിയുള്ളതാണ്. ഏതായാലും മാമന്നനിലെ രത്നവേലു എന്ന കഥാപാത്രം ഫഹദിന്‍റെ തമിഴിലെ താരമൂല്യത്തെ വലിയ രീതിയില്‍ ഉയര്‍ത്തുമെന്ന് ഉറപ്പാണ്. ഫഹദിന്‍റെ രത്നവേലുവിന് ലഭിക്കുന്ന കൈയടിയെക്കുറിച്ച് കണ്ട ഏറ്റവും രസകരമായ കമന്‍റ് ഇതാണ്. ഗുണപാഠം: പ്രേക്ഷകര്‍ വെറുക്കാനാഗ്രഹിക്കുന്ന ഒരു കഥാപാത്രത്തെ ഒരിക്കലും ഫഹദ് ഫാസിലിന് കൊടുക്കാതിരിക്കുക.

ALSO READ : ഞാന്‍ വലതുപക്ഷത്തിന് എതിരാണ്, അതിനര്‍ഥം ഇടതിനെ വിമര്‍ശിക്കില്ലെന്നല്ല: മുരളി ഗോപി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക