പ്രമുഖ സംവിധായിക അഞ്ജലി മേനോന്റെ വ്യാജ ഫേസ്ബുക്ക് പ്രൊഫൈല്‍ നിര്‍മ്മിക്കുകയും സിനിമയില്‍ അഭിനയിക്കാൻ അവസരം നല്‍കാമെന്ന് വാഗ്‍ദാനം ചെയ്യുകയും ചെയ്‍ത ആളെ അറസ്റ്റ് ചെയ്‍തു. കൊല്ലത്തെ ജയചന്ദ്രൻ മകൻ ദിവിൻ ജെയാണ് അറസ്റ്റിലായത്. ഒട്ടേറെപ്പേരെയാണ് ഇയാള്‍ തട്ടിപ്പിന് ഇരയാക്കിയത്. അഞ്ജലി മേനോൻ നല്‍കിയ പരാതിയിലാണ് ദിവിൻ ജെ അറസ്റ്റിലായത്. കേരള പൊലീസ് തന്നെയാണ് ഇക്കാര്യം സാമൂഹ്യമാധ്യമത്തിലൂടെ അറിയിച്ചത്.

കേരള പൊലീസിന്റെ ഫേസ്‍ബുക്ക് പോസ്റ്റ്

സിനിമാ സംവിധായികയുടെ പേരിൽ വ്യാജപ്രൊഫൈൽ
നിരവധിപേരെ വഞ്ചിച്ച പ്രതി പിടിയിൽ

പ്രമുഖ സംവിധായിക അഞ്ജലി മേനോൻ ഉൾപ്പെടെ സിനിമാ മേഖലയിലുള്ളവരുടെ വ്യാജ ഫേസ്ബുക് പ്രൊഫൈൽ നിർമിക്കുകയും അതിലൂടെ സിനിമയിൽ അഭിനയിക്കാൻ അവസരം നൽകാമെന്ന് വാഗ്‍ദാനം നൽകി നിരവധിപേരെ വഞ്ചിച്ചയാളെ എറണാകുളം സെൻട്രൽ പൊലീസ് അറസ്റ്റ് ചെയ്‍തു. കൊല്ലം ജില്ലയിലെ ഓച്ചിറവില്ലേജിൽ കാഞ്ഞിരക്കാട്ടിൽ വീട്ടിൽ ജയചന്ദ്രൻ മകൻ ദിവിൻ ജെ(വയസ് 32) ആണ് പ്രതി. ഇയാൾ ആൾമാറാട്ടം നടത്തി നിരവധിപേരെ തട്ടിപ്പിനിരക്കിയ വിവരം അറിഞ്ഞ സംവിധായിക അഞ്ജലി മേനോൻ നൽകിയ പരാതിയിലാണ് പൊലീസ് നടപടി. സൈബർ സെല്ലിന്റെ സഹായത്തോടെ പ്രൊഫൈൽ വിവരങ്ങൾ പരിശോധിച്ച് പ്രതിയെ തിരിച്ചറിയുകയായിരുന്നു. ഇയാൾ മൊബൈൽ ആപ്പിന്റെ സഹായത്തോടെ മൊബൈൽ ഫോൺകാളുകൾ ഇന്റർനെറ്റ് കാളുകളാക്കി മാറ്റിയാണ് ആളുകളെ കബളിപ്പിച്ചത്.

പൊലീസ് കേസ് എടുത്തതിനെത്തുടർന്ന് പ്രതി തമിഴ്‍നാട്ടിലേക്ക് കടന്നുകളഞ്ഞു. മൊബൈൽ ടവർ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പിടികൂടാനായത്.