മുംബൈ: മാതാപിതാക്കള്‍ക്കും മക്കള്‍ക്കും നേരെ ഭീഷണി, ട്വിറ്റര്‍ അക്കൗണ്ട് ഡിലീറ്റ് ചെയ്ത് ബോളീവുഡ് സംവിധായകന്‍ അനുരാഗ് കശ്യപ്. 'എല്ലാവര്‍ക്കും ആശംസകള്‍. ഇതെന്‍റെ അവസാനത്തെ ട്വീറ്റ് ആണ്. ഞാന്‍ ട്വിറ്റര്‍ ഉപേക്ഷിക്കുകയാണ്. എന്‍റെ മനസിലുള്ളത് ഭയമില്ലാതെ പറയാന്‍ എന്നെ അനുവദിക്കുന്നില്ലെങ്കില്‍ ഞാന്‍ ഒന്നും പറയാന്‍ ആഗ്രഹിക്കുന്നില്ല. ഗുഡ് ബൈ' എന്നാണ് അനുരാഗ് കശ്യപ് അവസാനമായി ട്വിറ്ററില്‍ കുറിച്ചത്. 

ബിജെപിക്കും കേന്ദ്രഭരണത്തിനും എതിരെ രൂക്ഷ വിമര്‍ശനമുന്നയിക്കുന്ന അനുരാഗ് കശ്യപിന്‍റെ കുടുംബത്തിന് നേരെ വലിയതോതില്‍ ഭീഷണിയുയര്‍ന്നിരുന്നു. നേരത്തെ മകളെ ചിലര്‍ ഭീഷണിപ്പെടുത്തുന്നതായി അനുരാഗ് കശ്യപ് സാമൂഹ്യമാധ്യമത്തിലൂടെ വ്യക്തമാക്കിയിരുന്നു.  ഇതിന് പിന്നാലെ മാതാപിതാക്കള്‍ക്ക് നേരെയും ഭീഷണിയുയര്‍ന്നിരുന്നു.

എപ്പോഴാണോ നിങ്ങളുടെ മാതാപിതാക്കള്‍ക്ക് ഭീഷണികോളുകള്‍ ലഭിക്കുന്നത്, മകള്‍ക്ക് ഓണ്‍ലൈന്‍ വഴി ഭീഷണിയുണ്ടാവുന്നത്, ആ സമയത്താണ്  സംസാരിക്കാന്‍ പാടില്ലെന്ന് നിങ്ങള്‍ക്കറിയാന്‍ സാധിക്കുക. കൊള്ളക്കാര്‍ ഭരിക്കുന്ന ഈ പുതിയ ഇന്ത്യയിലെ എല്ലാവര്‍ക്കും അഭിനന്ദനങ്ങളെന്ന് നേരത്തെ കശ്യപ് ട്വീറ്റ് ചെയ്തിരുന്നു.മാതാപിതാക്കള്‍ക്ക് നേരെ ആക്രമണമുണ്ടായതിന് പിന്നാലെയാണ് ട്വിറ്ററില്‍നിന്നും കശ്യപ് പൂര്‍ണമായും പിന്മാറിയത്.