തെലങ്കാന: സെലിബ്രിറ്റികളോടുള്ള ആരാധന അതിരുകടക്കുന്നത് പലപ്പോഴും അപകടങ്ങള്‍ക്ക് വഴിതെളിച്ചിട്ടുണ്ട്. താരങ്ങളുടെ കട്ടൗട്ടില്‍ പാലഭിഷേകം നടത്തുന്നത് മുതല്‍ താരാരാധനയുടെ പേരില്‍ എന്തും ചെയ്യാന്‍ മടിയില്ലാത്ത ആരാധകരുമുണ്ട്. തെലങ്കാനയില്‍ ഇഷ്ടതാരത്തോടുള്ള അമിതാരാധന യുവാവിനെ എത്തിച്ചത് ആത്മഹത്യയുടെ വക്കിലാണ്.

തെലങ്കാനയിലെ ജനകത്തില്‍ കഴിഞ്ഞ ദിവസമാണ് നടന്‍ പ്രഭാസിനെ കാണണമെന്നാവശ്യപ്പെട്ട് ആരാധകന്‍ മൊബൈല്‍ ടവറിന് മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രഭാസിനെ തന്‍റെ മുമ്പില്‍ എത്തിച്ചില്ലെങ്കില്‍ ടവറിന് മുകളില്‍ നിന്നും ചാടി ആത്മഹത്യ ചെയ്യുമെന്നായിരുന്നു യുവാവിന്‍റെ ഭീഷണി.

ഇയാള്‍ ടവറിന് മുകളില്‍ നിന്ന് കൊണ്ട് ഭീഷണി മുഴക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. എന്നാല്‍ പിന്നീട് ഇയാള്‍ക്ക് എന്താണ് സംഭവിച്ചതെന്നതിനെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകളൊന്നും പുറത്ത് വന്നിട്ടില്ല.