ജെൻ സികൾ എളുപ്പത്തിൽ 'ട്രോമാറ്റൈസ്ഡ്' ആവുന്നവരും, എല്ലാ കാര്യങ്ങളെയും വൈകാരികമായി സമീപിക്കുന്നവരുമാണ്. പഴയ തലമുറ വികാരങ്ങൾ ഉള്ളിലൊതുക്കി പോരാടിയതുപോലെ പുതിയ തലമുറയ്ക്ക് ചെറിയ വിമർശനങ്ങളെപ്പോലും താങ്ങാൻ കഴിയില്ല. ' 

മാനസികാരോഗ്യത്തെക്കുറിച്ചുള്ള തുറന്നുപറച്ചിലുകൾ ഒരു 'ട്രെൻഡ്' ആയി മാറിയ പുതിയ കാലത്ത്, സിനിമാലോകത്തെ രണ്ട് തലമുറകൾ തമ്മിൽ നടന്ന വാദപ്രതിവാദമാണ് ഇപ്പോൾ ചർച്ചയാവുന്നത്. 'ദി തെറാപ്പി ജനറേഷൻ' എന്ന് വിളിക്കപ്പെടുന്ന ജെൻ സികളെക്കുറിച്ചാണ് ബോളിവുഡ് താരങ്ങളായ അനന്യ പാണ്ഡെയും ഫറാ ഖാനും നേർക്കുനേർ വന്നത്. ഈ തലമുറ വൈകാരികമായി 'ഓപ്പൺ' ആണോ അതോ 'ഓവർ സെൻസിറ്റീവ്' ആണോ?

കജോളിന്റെയും ട്വിങ്കിൾ ഖന്നയുടെയും 'ടൂ മച്ച് വിത്ത് കാജോൾ ആൻഡ് ട്വിങ്കിൾ' എന്ന ടോക്ക് ഷോയിലാണ് ഈ 'തലമുറപ്പോര്' അരങ്ങേറിയത്. സംവിധായിക ഫറാ ഖാനും കജോളും ജെൻ സി കളെക്കുറിച്ച് തമാശ രൂപേണ ചില 'കുറ്റപ്പെടുത്തലുകൾ' ഉന്നയിച്ചു. "ഈ കുട്ടികൾ എളുപ്പത്തിൽ 'ട്രോമാറ്റൈസ്ഡ്' ആകും. എല്ലാ കാര്യങ്ങളെയും അവർ വൈകാരികമായി സമീപിക്കും," ഫറാ ഖാൻ പറഞ്ഞു. പഴയ തലമുറ വികാരങ്ങൾ ഉള്ളിലൊതുക്കി, നിശബ്ദമായി പോരാടുമായിരുന്നു പക്ഷെ ആ പിടിച്ചുനിൽപ്പ് പുതിയ കുട്ടികൾക്കില്ലെന്നും, ചെറിയ വിമർശനങ്ങളിൽ പോലും ഇവർ തളർന്നുപോകുന്നുവെന്നും അവർ അഭിപ്രായപ്പെട്ടു.

തമാശയായി കജോൾ പറഞ്ഞ ഒരു കാര്യം ഇങ്ങനെ: "സ്വന്തം വീട്ടിലെ വഴി കണ്ടുപിടിക്കാൻ പോലും ജെൻ സികൾക്ക് ഗൂഗിൾ മാപ്പ് വേണം". തൻ്റെ തലമുറയ്ക്ക് വേണ്ടി ശക്തമായി വാദിച്ച അനന്യ പാണ്ഡെ, പഴയ തലമുറയുടെ ഈ കാഴ്ചപ്പാടിനെ തിരുത്തി, ജെൻ സി എന്തിനും പോന്നവരാണെന്നും, തങ്ങൾക്ക് കിട്ടുന്നതിലും കൂടുതൽ വിവരങ്ങൾ അറിയാമെന്നും അനന്യ പറഞ്ഞു.

അനന്യയുടെ വീക്ഷണത്തിൽ ജെൻ സി:

മാനസികാരോഗ്യത്തെക്കുറിച്ച് പരസ്യമായി സംസാരിച്ച ആദ്യ തലമുറയാണ് ജെൻ സി എന്നാണ് അനന്യയുടെ വാദം.വികാരങ്ങൾ ഒളിച്ചുവെക്കാതെ തുറന്നു പറയുന്നതിൽ അവർ ധൈര്യം കാണിക്കുന്നു. എങ്കിലും, പുതിയ തലമുറ വൈകാരികമായ തുറന്നുപറച്ചിലിന്റെ ശരിയായ സന്തുലിതാവസ്ഥ കണ്ടെത്താൻ സമയമെടുക്കുമെന്നും അനന്യ പറഞ്ഞു.