പൗരത്വ നിയമ ഭേദഗതിക്ക് എതിരെ രാജ്യമൊട്ടാകെ പ്രക്ഷോഭം നടക്കുകയാണ്.  പൗരത്വനിയമഭേദഗതിക്ക് എതിരെയും പ്രതിഷേധങ്ങളെ പൊലീസ് നേരിട്ട രീതിക്കെതിരെയും പ്രതികരണവുമായി സിനിമ താരങ്ങളടക്കം പ്രതികരണവുമായി രംഗത്ത് എത്തി. മലയാളത്തില്‍ നിന്നും ഹിന്ദിയില്‍ നിന്നുമെല്ലാം താരങ്ങള്‍ പ്രതികരണം രേഖപ്പെടുത്തി. ഓണ്‍ലൈനിലൂടെ മാത്രമായുള്ള പ്രതിഷേധം അവസാനിപ്പിക്കേണ്ട സമയമായമെന്ന് ഫറാൻ അക്തര്‍ പറയുന്നു. അതേസമയം, ഇന്ത്യയുടെ കൃത്യമല്ലാത്ത ഭൂപടം ഉപയോഗിച്ചതിന് ഫറാൻ അക്തര്‍ മാപ്പും പറയുന്നു.

എന്തുകൊണ്ടാണ് പ്രതിഷേധം അനിവാര്യമായിരിക്കുന്നതെന്ന് ഇത് വായിച്ചാല്‍ മനസ്സിലാകും എന്ന് വ്യക്തമാക്കി പൗരത്വ  നിയമ ഭേദഗതിയെ കുറിച്ചും ദേശീയ പൗരത്വ രജിസ്റ്ററിനെയും കുറിച്ചുള്ള കാര്യങ്ങളാണ് ഫറാൻ അക്തര്‍ ഷെയര്‍ ചെയ്‍തിരുന്നത്. മുംബൈ ക്രാന്തി മൈതാനത്ത് 19ന് കാണാം. ഓണ്‍ലൈനിലൂടെ മാത്രമുള്ള സമരത്തിന്റെ സമയം കഴിഞ്ഞുവെന്നും ഫറാൻ അക്തര്‍ പറയുന്നു. തൊട്ടുപിന്നാലെ, തെറ്റായ ഭൂപടം ഉപയോഗിച്ചതിന് ക്ഷമ ചോദിച്ചും ഫറാൻ അക്തര്‍ രംഗത്ത് എത്തി.  19ന്റെ യോഗത്തിന്റെ കാര്യം സൂചിപ്പിച്ച് ഞാൻ ഒരു ഗ്രാഫിക്സ് റീപോസ്റ്റ് ചെയ്‍തിരുന്നു. അതിലെ ഉള്ളടക്കത്തില്‍ ഉറച്ചുനില്‍ക്കുമ്പോള്‍ തന്നെ ഗ്രാഫിക്സിലെ ഇന്ത്യയുടെ ഭൂപടം കൃത്യമല്ലെന്നും ഞാൻ മനസ്സിലാക്കുന്നു. കശ്‍മീരിന്റെ ഓരോ ഇഞ്ചും ഓരോ ഭാഗവും ഇന്ത്യയുടെ ഭാഗമാണ്. കൃത്യമല്ലാത്ത ആ ഭൂപടത്തെ ഞാൻ തള്ളിക്കളയുന്നു. അത് നേരത്തെ ശ്രദ്ധയില്‍ പെടാത്തതില്‍ ഞാൻ നിര്‍വ്യാജമായ ക്ഷമാപണം നടത്തുന്നു- ഫറാൻ അക്തര്‍ പറയുന്നു.  അതേസമയം മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥൻ സന്ദീപ് മിത്തല്‍ ഫറാൻ അക്തറിനെതിരെ രംഗത്ത് എത്തി. ഫറാൻ അക്തര്‍ നിയമം ലംഘിച്ചിരിക്കുകയാണെന്ന് ചൂണ്ടിക്കാട്ടുകയാണ് സന്ദീപ് മിത്തല്‍.