കൊച്ചി: കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണയുമായി മലയാള സിനിമാ ലോകവും. വിവിധ പ്രൊഡക്ഷൻ യൂണിറ്റുകളിലായുള്ള 400ല്‍ അധികം വരുന്ന വാഹനങ്ങളെയും ഡ്രൈവര്‍മാരെയും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി സൗജന്യമായി വിട്ടുനല്‍കും. ഇക്കാര്യം ഫെഫ്ക ഭാരവാഹികള്‍ മുഖ്യമന്ത്രി പിണറായി വിജയനെ അറിയിച്ചു. ഇന്ന് ചേര്‍ന്ന ഫെഫ്ക നിര്‍വ്വാഹക സമിതി യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനം ഉണ്ടായത്. വാട്സ്ആപ്പ് വഴിയായിരുന്നു ഫെഫ്ക നിര്‍വ്വാഹക സമിതിയുടെ ഇന്നത്തെ യോ​ഗം.

കൊവിഡ് ഭീതിയിൽ നിർത്തിവെച്ചിരിക്കുന്ന സിനിമകളുടെ ചിത്രീകരണം മൂന്ന് മാസമെങ്കിലും കഴിഞ്ഞേ വീണ്ടും തുടങ്ങാനാകൂ എന്ന വിലയിരുത്തലിൽ ഫെഫ്ക. ഈ സമയം വരുമാനം നഷ്ടമാകുന്ന സിനിമാ മേഖലയിലെ ദിവസവേതനക്കാര്‍ക്കായി പ്രത്യേക ഫണ്ട് നൽകാനും ഫെഫ്ക തീരുമാനിച്ചിട്ടുണ്ട്. ഷൂട്ടിംഗുകള്‍ മുടങ്ങിയതോടെ സാമ്പത്തിക പ്രതിസന്ധിയിലായ ഇവര്‍ക്കായി വിവിധ ചലച്ചിത്ര സംഘടനകള്‍ ഒന്നുചേര്‍ന്നാണ് പണം കണ്ടെത്തുന്നത്. വിഷുവിന് ആദ്യ ഘട്ട തുക കൈമാറും. സ്കൂള്‍ തുറക്കുന്ന സമയത്ത്  വീണ്ടും പണം നല്‍കും. വിവിധ ചലച്ചിത്ര സംഘടനകൾ ഒന്നിച്ച് ഇതിനുള്ള പണം കണ്ടെത്തും. മോഹൻലാല്‍, മഞ‌്ജു വാര്യര്‍, അല്ലു അര്‍ജുൻ തുടങ്ങിയവരുള്‍പ്പെടെ ഈ പദ്ധതിയുടെ ഭാഗമാകും.

Also Read: കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനം; ഹ്രസ്വചിത്രങ്ങളുമായി ഫെഫ്ക