മഹാൻ ' അവിസ്‍മരണീയമായ ഒരു അനുഭവമായിരുന്നുവെന്ന് വിക്രം (Mahaan). 

വിക്രം നായകനായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത് 'മഹാൻ' ആയിരുന്നു. ആമസോണ്‍ പ്രൈം വീഡിയോയിലൂടെയാണ് ചിത്രം റിലീസ് ചെയ്‍തത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. 'മഹാൻ ' റിലീസ് ചെയ്‍ത് അമ്പതാം ദിവസത്തില്‍ എത്തിയപ്പോള്‍ നന്ദി പറയുകയാണ് വിക്രം (Mahaan).

ജീവിതത്തിലെ വളരെ സുന്ദരമായ മുഹൂർത്തങ്ങളിൽ ഒന്നാണ് നമ്മൾ ഏറ്റവും പ്രയത്‍നിച്ച് നേടുന്ന വിജയം ആസ്വദിക്കുന്ന നിമിഷം. 'മഹാൻ ' അവിസ്‍മരണീയമായ ഒരു അനുഭവമായിരുന്നു. അഞ്ച് ബഹുഭാഷ ചലച്ചിത്ര മേഖലകളിലേക്ക് മൊഴിമാറ്റി കടന്നു ചെന്ന് ഒരു 'മെഗാഹിറ്റ്‌ ' ആയി മാറുവാൻ ചിത്രത്തിന് കഴിഞ്ഞുവെന്നത് എനിക്ക് വളരെയധികം സന്തോഷം നൽകുന്നുവെന്ന് വിക്രം എഴുതിയ കുറിപ്പില്‍ പറയുന്നു. 

കുറേ നാളുകൾക്ക് ശേഷമാണ് ഒരു സോഷ്യൽ മീഡിയ പ്ലാറ്റഫോമിൽ രാജ്യത്തെമ്പാടുമുള്ള എന്റെ പ്രിയപ്പെട്ട ആരാധകരെയും അഭ്യുദയകാംക്ഷികളെയും കാണുവാനായി എത്തിയിരിക്കുന്നത്. 'മഹാൻ' ഒരു മെഗാഹിറ്റ്‌ ആക്കി മാറ്റിയ നിങ്ങളോട് നന്ദി പറയാൻ പറ്റിയ സമയം ഇതാണെതെന്നത് കൊണ്ടുതന്നെ. സിനിമ ഒരു ആഘോഷമാക്കി മാറ്റിയ എല്ലാവരോടും ഒരുപാട് സ്‍നേഹം അറിയിക്കുന്നു.നിങ്ങളോരോരുത്തരുടെയും റീല്‍സ്, മീംമ്‍സ്, ട്വീറ്റ്സ് പിന്നെ നേരിട്ടറിയിച്ച ആശംസകളും നിങ്ങൾക്ക് എന്നോടുള്ള സ്‍നേഹവും കരുതലും എന്നെ വീണ്ടും നിങ്ങളിലേക്ക് തന്നെ കൊണ്ടെത്തിച്ചിരിക്കുന്നു.

കൂടുതൽ ഉത്തരവാദിത്തബോധമുള്ള ഒരു കലാകാരനെന്ന നിലയ്ക്ക് ഞാൻ ഇതെല്ലാം ഏറ്റവും കൃതർത്ഥയോടെ ഇഷ്‍ടത്തോടെ ഓർക്കും. നന്ദി, കാർത്തിക് സുബ്ബരാജ്.. 'മഹാൻ' എന്ന ചലച്ചിത്രം സമ്മാനിച്ചതിന്, ഏറ്റവും മികച്ച രീതിയിൽ എന്റേതായ ശൈലിയിൽ നിന്ന് തന്നെ 'ഗാന്ധി മഹാൻ' എന്ന വേഷം പകർന്നാടാൻ എന്നെ അനുവദിച്ചതിന്. നന്ദി, ബോബി.. നിന്നിൽ അല്ലാതെ എന്റെ 'സത്യ'യെ മറ്റൊരാളിലും കാണാൻ കഴിയില്ല.നന്ദി, സിമ്രാൻ.. ഇപ്പോഴത്തെ പോലെ അസാധ്യമായിട്ടുള്ള അഭിനയത്തിന്. നന്ദി, ധ്രുവ്.. ദാദയുടെ വേഷവും അദ്ദേഹത്തിന്റെ അന്യദൃശ്യമായ ഭവപ്പകർച്ചകളും മനോഹരമായി അവതരിപ്പിച്ചതിന്. നന്ദി.. ചോരയും വിയർപ്പും കണ്ണീരും നൽകി മഹാനെ മഹത്തരമാക്കാൻ പ്രയത്‍നിച്ച 'മഹാൻ ഗ്യാംഗിന്'.നന്ദി.. സന, ശ്രേയസ്, ദിനേശ് നിങ്ങളുടെ കഴിവുകൾ നിറഞ്ഞാടിയ സ്‌ക്രീനിൽ ഭാഗമാകാൻ കഴിഞ്ഞതിന്. നന്ദി, മഹാൻ യാഥാർഥ്യമക്കിയ നിർമാതാവിന്. നന്ദി, ആമസോൺ പ്രൈമിന്, ലക്ഷകണക്കിന് വീടുകളിലെ സ്വീകരണമുറികളിലേക്ക്, ലക്ഷക്കണക്കിന് ഹൃദയങ്ങളിലേക്ക് എന്നെ, ഞങ്ങളെ,'മഹാനെ' എത്തിച്ചതിന് എന്നും വിക്രം പറയുന്നു.

വിക്രമും മകൻ ധ്രുവും ആദ്യമായി ഒന്നിച്ച ചിത്രമാണ് 'മഹാൻ'. കാര്‍ത്തിക് സുബ്ബരാജാണ് ചിത്രം സംവിധാനം ചെയ്‍തത്. ഒടിടി റിലീസായിട്ടാണ് ചിത്രം എത്തിയത്. വിക്രമിന്റെ 'മഹാൻ' ചിത്രത്തിലെ ഗാനങ്ങളും മികച്ചതായിരുന്നു. 

Read More : സന്തോഷ് നാരായണന്റെ സംഗീതം, വിക്രമിന്റെ 'മഹാനി'ലെ ഗാനം പുറത്തുവിട്ടു

ലളിത് കുമാറാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. സെവൻ സ്‍ക്രീൻ സ്റ്റുഡിയോയുടെ ബാനറിലാണ് ചിത്രത്തിന്റെ നിര്‍മാണം. ടി സന്താനം, കുമാര്‍ ഗംഗപ്പൻ എന്നിവരാണ് പ്രൊഡക്ഷൻ ഡിസൈനേഴ്‍സ്. ആര്‍ എസ് വെങ്കട്, ഡി നിര്‍മല്‍ കണ്ണൻ എന്നിവരാണ് പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്.

ചെന്നൈ പശ്ചാത്തലമാക്കിയിട്ടുള്ള ഗ്യാങ്‍സ്റ്റര്‍ ത്രില്ലര്‍ ചിത്രമാണ് 'മഹാൻ'. കാര്‍ത്തിക് സുബ്ബരാജാണ് ചിത്രത്തിന്റെ തിരക്കഥയും എഴുതിയിരിക്കുന്നത്. ശ്രേയാസ് കൃഷ്‍ണയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത്. വിവേക് ഹര്‍ഷൻ ചിത്രത്തിന്റെ ചിത്രസംയോജനം നിര്‍വഹിക്കുന്നു. എം ഷെറീഫാണ് ചിത്രത്തിന്റെ കൊറിയോഗ്രാഫി. സൗണ്ട് മിക്സ് സുരെൻ ജി. മേക്കപ്പ് വിനോദ് എസ് ആണ്. വിഎഫ്എക്സ് മോനേഷ്. സിമ്രാൻ, സിംഹ, വാണി ഭോജൻ, സനാത് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തി. 'മഹാൻ' എന്ന ചിത്രത്തിനായി ധ്രുവ് വിക്രം ഒരു ഗാനം ആലപിച്ചിരുന്നു. മിസ്സിംഗ് എന്ന് തുടങ്ങുന്ന റാപ് സ്വഭാവത്തിലുള്ള ഗാനത്തിന് വരികള്‍ എഴുതിയും ധ്രുവ് വിക്രം തന്നെയായിരുന്നു.

വിക്രമിന്റെ അറുപതാം ചിത്രമായിരുന്നു 'മഹാൻ'. വിക്രമിന്റെ അടുത്ത ചിത്രം സംവിധാനം ചെയ്യുന്നത് പ രഞ്‍ജിത്ത് ആണെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. സ്റ്റുഡിയോ ഗ്രീനിന്റെ ബാനറില്‍ കെ ഇ ജ്ഞാനവേല്‍ രാജ നിര്‍മിക്കുന്ന ചിത്രത്തിലാണ് വിക്രം നായകനാകുന്നത്. കഴിഞ്ഞ ഡിസംബറിലാണ് ചിത്രം പ്രഖ്യാപിച്ചതെങ്കിലും പിന്നീട് അതിനെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

മണിരത്‍നത്തിന്റെ ബ്രഹ്‍മാണ്ഡ ചിത്രമായ 'പൊന്നിയിൻ സെൽവൻ' ആണ് വിക്രം പ്രധാന കഥാപാത്രങ്ങളില്‍ ഒന്നായി റിലീസ് ചെയ്യാനുള്ളത്. ഇതിഹാസ സാഹിത്യകാരൻ കൽക്കിയുടെ വിശ്വ പ്രസിദ്ധമായ ചരിത്ര നോവലിനെ ആധാരമാക്കി ചിത്രം രണ്ടാം ഭാഗമായിട്ടാണ് എത്തുക. 'പൊന്നിയിൻ സെൽവൻ' ചിത്രത്തിന്റെ ആദ്യ ഭാഗം സെപ്റ്റംബർ 30-ന് പ്രദർശനത്തിനെത്തും. വലിയ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത് എന്നതിനാല്‍ എല്ലാവരും ആവേശത്തിലുമാണ്.

'പൊന്നിയൻ സെല്‍വൻ' എന്ന ചിത്രത്തില്‍ വിക്രമിന് പുറമേ ജയം രവി, കാർത്തി, റഹ്‍മാൻ, പ്രഭു, ശരത് കുമാർ, ജയറാം, പ്രകാശ് രാജ്, ലാൽ, വിക്രം പ്രഭു, പാർത്ഥിപൻ, ബാബു ആന്റണി, അശ്വിൻ കാകുമാനു, റിയാസ് ഖാൻ, ഐശ്വര്യാ റായ് ബച്ചൻ, തൃഷ, ശോഭിതാ ദുലിപാല, ജയചിത്ര തുടങ്ങി ഒട്ടേറേ അഭിനേതാക്കൾ അഭിനയിക്കുന്നു. 'ആദിത്യ കരികാലന്‍' എന്നാണ് വിക്രം അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. പ്രകാശ് രാജ് ചെയ്യുന്ന 'സുന്ദര ചോഴര്‍' എന്ന കഥാപാത്രം ആദ്യം അമിതാഭ് ബച്ചനായിരുന്നു ചെയ്യാനിരുന്നത്. നടി തൃഷ ചെയ്യുന്ന കഥാപാത്രം ചോഴ രാജകുമാരിയായ 'കുന്ധവി' ആണ്. എ ആർ റഹ്മാനാണ് സംഗീത സംവിധായകൻ. ഛായാഗ്രഹണം രവി വർമ്മൻ. തോട്ട ധരണിയും വാസിം ഖാനും ചേർന്നാണ് കലാ സംവിധാനം. ശ്രീകർ പ്രസാദ് ചിത്രസംയോജനവും ശ്യാം കൗശൽ ആക്ഷൻ കൊറിയോഗ്രഫിയും ബൃന്ദ നൃത്ത സംവിധാനവും ഏക ലഖാനി വസ്‍ത്രാലങ്കാരവും നിർവ്വഹിക്കുന്നു. മദ്രാസ് ടാക്കീസും, ലൈക്ക പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.