കൊച്ചി: കാസ്റ്റിംഗ് കോളുമായി ബന്ധപ്പെട്ട തട്ടിപ്പുകള്‍ക്ക് തടയിടാൻ നടപടിയുമായി  ഫിലിം ചേംബർ. സിനിമയ്ക്കായി കാസ്റ്റിംഗ് കോൾ നടത്തുകയാണെങ്കിൽ അക്കാര്യം ഫിലിം ചേംബറിനെ അറിയിക്കണം. പരാതി വന്നാൽ നടപടിയെടുക്കാനുള്ള അധികാരം തങ്ങൾക്കുണ്ടെന്നും ഫിലിം ചേംബറിന്‍റെ അറിയിപ്പ്. മറ്റൊരു ചലച്ചിത്ര സംഘടനയ്ക്കും ഇക്കാര്യത്തിൽ ഇടപെടാൻ അവകാശം ഇല്ലെന്നും ചേംബർ വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം പുതിയതായി ഷൂട്ടിംഗ് തുടങ്ങിയ സിനിമകൾക്കെതിരെ കടുത്ത നടപടിയാണ് ഫിലിം ചേംബർ സ്വീകരിച്ചിരിക്കുന്നത്.  ഈ സിനിമകൾ തീയേറ്ററുകളിൽ പ്രദർശിപ്പിക്കാൻ അനുവദിക്കില്ലെന്നാണ് ഫിലിം ചേംബറിന്‍റെ തീരുമാനം. കൊവിഡ് മൂലം നിലച്ച സിനിമകൾ ആദ്യം പൂർത്തിയാക്കണം എന്നായിരുന്നു ചലച്ചിത്ര സംഘടനകളിലുണ്ടായ ധാരണ.  ഇത് ലംഘിച്ചത് അംഗീകരിക്കാനാവില്ലെന്നും ഫിലിം ചേംബർ വ്യക്തമാക്കുന്നു. 

മഹേഷ് നാരായണൻ, ഖാലിദ് റഹ്മാൻ എന്നിവരാണ് പുതിയ സിനിമയുടെ ചിത്രീകരണം തുടങ്ങിയത്. ആഷിഖ് അബു, ലിജോ ജോസ് പെല്ലിശ്ശേരി എന്നിവർ പുതിയ പ്രൊജക്ട് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇതോടൊപ്പം സാങ്കേതിക വിദഗ്ദ്ധരുടെ സംഘടനയായ മാക്ടയിലെ അംഗങ്ങളെ സിനിമയിൽ സഹകരിപ്പിക്കണമെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷനോട് ഫിലിം ചേംബർ ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിൽ ഭൂരിഭാഗം സംവിധായകരും ഫെഫ്കയിലെ അംഗങ്ങളെ മാത്രമാണ് സിനിമയിൽ സഹകരിപ്പിച്ചിരുന്നത്.