തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായി പത്ത് മാസത്തിലേറെ അടഞ്ഞുകിടന്ന തിയറ്ററുകളിലേക്ക് വീണ്ടും പ്രേക്ഷകരെത്തിത്തുടങ്ങിയതിന്‍റെ ആശ്വാസത്തില്‍ സിനിമാ വ്യവസായം. തമിഴ്നാട് അടക്കമുള്ള സംസ്ഥാനങ്ങള്‍ നേരത്തെ തിയറ്ററുകള്‍ പുനരാരംഭിച്ചിരുന്നുവെങ്കിലും പുതിയ റിലീസുകള്‍ ഉണ്ടാവാത്തതിനാല്‍ പ്രേക്ഷകരുടെ വരവ് നാമമാത്രമായിരുന്നു. തമിഴ് സിനിമയുടെ എക്കാലത്തെയും വലിയ ഫെസ്റ്റിവല്‍ സീസണുകളില്‍ ഒന്നായ പൊങ്കലിന് വലിയ ആരാധകവൃന്ദമുള്ള വിജയ്‍യുടെ ചിത്രം തന്നെ റിലീസിന് ലഭിച്ചതിന്‍റെ ആശ്വാസത്തിലാണ് തെന്നിന്ത്യയിലെ തിയറ്റര്‍ വ്യവസായം. തമിഴ്നാട്ടില്‍ മാത്രമല്ല, കേരളമുള്‍പ്പെടെ മറ്റു തെന്നിന്ത്യന്‍ സംസ്ഥാനങ്ങളിലും മികച്ച ഇനിഷ്യല്‍ കളക്ഷന്‍ നേടാറുള്ള താരമാണ് വിജയ്. കൊവിഡിന് പിന്നാലെയെത്തുന്ന ആദ്യ ബിഗ് റിലീസ് എന്ന അധിക പബ്ലിസിറ്റി ലഭിച്ചതോടെ അക്ഷരാര്‍ഥത്തില്‍ പ്രേക്ഷകരെ തിയറ്ററുകളിലേക്ക് തിരികെ എത്തിച്ചിരിക്കുകയാണ് 'മാസ്റ്റര്‍' എന്നാണ് ആദ്യദിന റിപ്പോര്‍ട്ടുകള്‍.

 

റിലീസിന് ഒരു ദിവസം മുന്‍പ് മാത്രമാണ് തിയറ്റര്‍ തുറക്കാനുള്ള അന്തിമതീരുമാനം സംഘടനകളുടെ ഭാഗത്തുനിന്ന് ഉണ്ടായത് എന്നതിനാല്‍ മാസ്റ്റര്‍ റിലീസിന്‍റെ തയ്യാറെടുപ്പിന് കേരളത്തിലെ തിയറ്ററുകള്‍ക്ക് കുറഞ്ഞ സമയം മാത്രമാണ് ലഭിച്ചത്. അത് റിലീസ് ദിന പ്രദര്‍ശനങ്ങളില്‍ പല തരത്തില്‍ പ്രതിഫലിച്ചു. ട്രാവന്‍കൂര്‍ മേഖലയില്‍ നിര്‍മ്മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍റെ മാജിക് ഫ്രെയിംസും കൊച്ചി-മലബാര്‍ ഏരിയകളില്‍ ഫോര്‍ച്യൂണ്‍ സിനിമാസുമാണ് മാസ്റ്ററിന്‍റെ കേരളത്തിലെ വിതരണാവകാശം വാങ്ങിയിരുന്നത്. റിലീസിന്‍റെ തലേന്ന് അര്‍ധരാത്രി പോലും കേരളത്തില്‍ മാസ്റ്റര്‍ കളിക്കുന്ന മുഴുവന്‍ തിയറ്ററുകളുടെ ലിസ്റ്റ് പുറത്തുവന്നിരുന്നില്ല. അവസാന നിമിഷം ചാര്‍ട്ട് ചെയ്തവ ഉള്‍പ്പെടെ അഞ്ഞൂറിലേറെ തിയറ്ററുകളില്‍ കേരളത്തില്‍ ചിത്രം റിലീസ് ചെയ്യപ്പെട്ടെന്നാണ് കണക്കുകള്‍. 9 മണിക്കാണ് ആദ്യ പ്രദര്‍ശനം തുടങ്ങാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നതെങ്കിലും അതിരാവിലെ തന്നെ മിക്ക റിലീസ് സെന്‍ററുകളിലും ആരാധകരുടെ തിരക്ക് ദൃശ്യമായിരുന്നു. മാസ്ക് നിര്‍ബന്ധമാക്കി, പ്രവേശന കവാടങ്ങളില്‍ സാനിറ്റൈസര്‍ ഒരുക്കി, കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഒന്നിടവിട്ട സീറ്റുകളിലേക്കായിരുന്നു പ്രവേശനം. 

 

ദീര്‍ഘകാലം അടച്ചിട്ടിരുന്നതിന്‍റെ സാങ്കേതിക തകരാര്‍ ചില തിയറ്ററുകളിലെ ആദ്യ പ്രദര്‍ശനത്തെ ബാധിച്ചു. കോഴിക്കോട്ടെ ഏറ്റവും വലിയ തിയറ്ററായ അപ്‍സരയിലാണ് പ്രൊജക്ടര്‍ തകരാറിലായതിനെത്തുടര്‍ന്ന് പ്രദര്‍ശനം മുടങ്ങിയത്. കോഴിക്കോട്ടെ തന്നെ ഗംഗ തിയറ്ററിലും ആദ്യ പ്രദര്‍ശനത്തിനിടെ സമാന പ്രതിസന്ധി ഉണ്ടായെങ്കിലും സാങ്കേതികപ്രശ്നം പരിഹരിച്ച് പ്രദര്‍ശനം തുടരാനായി. ആദ്യദിന പ്രദര്‍ശനത്തിന്‍റെ ടിക്കറ്റുകള്‍ പല ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗ് സൈറ്റുകളിലും ലഭ്യമല്ലാതിരുന്നത് പ്രേക്ഷകരെ വലച്ചിരുന്നു. പല തിയറ്ററുകളും അവസാന നിമിഷമാണ് ചിത്രം ചാര്‍ട്ട് ചെയ്തത് എന്നതിനാലാണ് ഈ പ്രതിസന്ധി എന്നാണ് വിവരം. വരും ദിവസങ്ങളില്‍ ഇത് മാറുമെന്ന് കരുതപ്പെടുന്നു. 

എന്നാല്‍ ആരാധകരുടെ ആവേശത്തില്‍ സര്‍ക്കാര്‍ അനുശാസിച്ചിരിക്കുന്ന കൊവിഡ് മാനദണ്ഡങ്ങളൊക്കെ തിയറ്ററുകാര്‍ മറികടക്കുന്നതിന്‍റെ കാഴ്ചകള്‍ ചെന്നൈയില്‍ ഉള്‍പ്പെടെ തമിഴ്നാട്ടിലെ പല പ്രധാന സെന്‍ററുകളിലും കാണാമായിരുന്നു. 50 ശതമാനം പ്രവേശനം എന്ന മാനദണ്ഡം ലംഘിച്ചു. ചെന്നൈയിലെ നിരവധി തിയറ്റര്‍ ഉടമകള്‍ക്കെതികെ പൊലീസ് കേസെടുത്തിരിക്കുകയാണ്. 188, 269 വകുപ്പുകളില്‍ പിഴയും ചുമത്തിയിട്ടുണ്ട്. ദിവസങ്ങള്‍ക്കു മുന്‍പേ അഡ്വാന്‍സ് ബുക്കിംഗ് ആരംഭിച്ച പല തിയറ്ററുകളുടെയും ടിക്കറ്റ് കൗണ്ടറുകള്‍ക്കു മുന്നിലെ യുവപ്രേക്ഷകരുടെ തിരക്ക് നേരത്തെ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. ആദ്യദിനം പ്രേക്ഷകരുടെ തിരക്ക് മുതലെടുക്കാന്‍ തിയറ്ററുകാര്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതിരുന്നതിനെതിരെ വിമര്‍ശനം ഉയരുന്നുണ്ട്.

 

മികച്ച സ്ക്രീന്‍ കൗണ്ടിലാണ് മാസ്റ്ററിന്‍റെ ഹിന്ദി പതിപ്പും റിലീസ് ചെയ്യപ്പെട്ടിരിക്കുന്നത്. പേരിലും ഒരു ചെറിയ മാറ്റമുണ്ട്. 'വിജയ് ദി മാസ്റ്റര്‍' എന്നാണ് ഹിന്ദി മൊഴിമാറ്റ പതിപ്പിന് പേര്. 600ല്‍ ഏറെ തിയറ്ററുകളില്‍ എത്തിയ ഹിന്ദി പതിപ്പ് ഉള്‍പ്പെടെ ഇന്ത്യയൊട്ടാകെ ചിത്രം 2500 തീയേറ്ററുകള്‍ക്ക് മുകളില്‍ ചിത്രം ഇന്ന് റിലീസ് ചെയ്യപ്പെട്ടതായാണ് വിവരം. ശ്രീലങ്ക, യുഎസ്എ, യുഎഇ, ജിസിസി, സിംഗപ്പൂര്‍, ജപ്പാന്‍, ഓസ്ട്രേലിയ, ന്യൂസിലന്‍ഡ് തുടങ്ങിയ വിദേശ രാജ്യങ്ങളിലും വലിയ സ്ക്രീന്‍ കൗണ്ടിലാണ് ചിത്രം പ്രദര്‍ശനം ആരംഭിച്ചിരിക്കുന്നത്. കൊവിഡിന് ശേഷം ഇന്ത്യയില്‍ നിന്നുണ്ടാകുന്ന ആദ്യ ആഗോള റിലീസുമാണ് മാസ്റ്റര്‍. കാത്തിരിപ്പിനൊടുവിലെത്തിയ വിജയ് ചിത്രത്തിന് പ്രതീക്ഷിച്ചതുപോലെ കാണികളെ ലഭിച്ചെങ്കിലും 50 ശതമാനം പ്രവേശനം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ അന്തിമ വിലയിരുത്തലില്‍ എങ്ങനെ പ്രതിഫലിക്കുമെന്ന ആശങ്ക ചലച്ചിത്ര വ്യവസായത്തിനുണ്ട്. അതേസമയം ദീര്‍ഘനാളിനുശേഷം കൊവിഡ് ഭീതിക്കിടയിലും തിയറ്ററുകളിലേക്ക് പ്രേക്ഷകര്‍ തിരിച്ചെത്താന്‍ തുടങ്ങിയതിന്‍റെ ആശ്വാസത്തിലുമാണ് അവര്‍.