Asianet News MalayalamAsianet News Malayalam

വ്യവസായിയും ചലച്ചിത്ര നിര്‍മ്മാതാവുമായ പി വി ​ഗം​ഗാധരന്‍ അന്തരിച്ചു

ഒരു വടക്കന്‍ വീര​ഗാഥയടക്കം നിരവധി ശ്രദ്ധേയ ചിത്രങ്ങളുടെ നിര്‍മ്മാതാവ്

film producer pv gangadharan passes away nsn
Author
First Published Oct 13, 2023, 8:10 AM IST

പ്രമുഖ വ്യവസായിയും സിനിമാ നിർമ്മാതാവുമായ പി വി ഗംഗാധരൻ (80) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് രാവിലെ 6.30 നായിരുന്നു അന്ത്യം. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ഒരാഴ്ചയായി ചികിത്സയിലായിരുന്നു. പേസ് മേക്കർ ഘടിപ്പിച്ചുവെങ്കിലും നില മെച്ചപ്പെട്ടിരുന്നില്ല. മാതൃഭൂമിയുടെയും കെടിസി ​ഗ്രൂപ്പ് ഓഫ് കമ്പനീസിന്‍റെയും ഡയറക്ടര്‍ ആയിരുന്നു.

മലയാളികള്‍ക്ക് നിരവധി ശ്രദ്ധേയ സിനിമകള്‍ നല്‍കിയ ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സിന്‍റെ അമരക്കാരനായിരുന്നു അദ്ദേഹം. അങ്ങാടി, ഒരു വടക്കന്‍ വീര​ഗാഥ, കാറ്റത്തെ കിളിക്കൂട്, അദ്വൈതം, തൂവല്‍ കൊട്ടാരം, ഏകലവ്യന്‍, എന്ന് സ്വന്തം ജാനകിക്കുട്ടി, വീണ്ടും ചില വീട്ടുകാര്യങ്ങള്‍, അച്ചുവിന്‍റെ അമ്മ എന്നിങ്ങനെ ഇരുപതിലേറെ സിനിമകള്‍ നിര്‍മ്മിച്ചു. മലയാള സിനിമയിലെ മുന്‍നിരക്കാര്‍ക്കൊപ്പം എക്കാലവും പ്രവര്‍ത്തിച്ച പി വി ​ഗം​ഗാധരന്‍ നിര്‍മ്മിച്ച ചിത്രങ്ങള്‍ ഒരേസമയം കലാമൂല്യവും ജനപ്രീതിയും ഉള്ളവയായിരുന്നു. കാണാക്കിനാവ് എന്ന ചിത്രത്തിന് 1997 ൽ മികച്ച ദേശീയോ​ദ്​ഗ്രഥന ചിത്രത്തിനുള്ള നർ​ഗീസ് ദത്ത് പുരസ്കാരവും 2000 ൽ ശാന്തം എന്ന ചിത്രത്തിന് മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്കാരവും ലഭിച്ചു. ഒരു വടക്കൻ വീര​ഗാഥ , കാണാക്കിനാവ്, വീണ്ടും ചില വീട്ടുകാര്യങ്ങൾ, അച്ചുവിന്റെ അമ്മ, നോട്ട്ബുക്ക് എന്നീ ചിത്രങ്ങൾ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളും സ്വന്തമാക്കി.

വ്യവസായിയും കെടിസി ​ഗ്രൂപ്പ് ഓഫ് കമ്പനീസ് സ്ഥാപകനുമായ പി വി സാമിയുടെയും മാധവിയുടെയും മകനായി 1943 ലാണ് പി വി ​ഗം​ഗാധരന്‍റെ ജനനം. ആഴ്ചവട്ടം സ്കൂളിലും ചാലപ്പുറം ഗണപതി ഹൈസ്കൂളിലുമായി പ്രാഥമികവിദ്യാഭ്യാസം. മദ്രാസിലെ ഒരു സ്വകാര്യ കോളെജില്‍ നിന്ന് ഓട്ടോമൊബൈൽ ആന്റ് ബിസിനസ് മാനേജ്മെന്റിൽ ഡിപ്ലോമ. 1961 ൽ കോൺഗ്രസ്സിൽ ചേർന്ന ഇദ്ദേഹം 2005 മുതൽ എഐസിസി അംഗമാണ്. 1965ൽ മദ്രാസിൽ നിന്ന് മടങ്ങിവന്ന ശേഷം ഒരു ട്രാൻസ്പോർട്ട് കമ്പനി തുടങ്ങി. ഫിലിം ഫെഡറേഷൻ ഓഫ് ഇന്ത്യ പ്രസിഡന്റ്, ഫിലിം പ്രോഡ്യൂസേഴ്സ് അസോസിയേഷൻ വൈസ് പ്രസിഡന്റ്, കേരള ഫിലിം ചേംബർ ഓഫ് കോമേഴ്സ് പ്രസിഡന്‍റ് എന്നീ സ്ഥാനങ്ങൾക്ക് പുറമേ കെ എസ് ഡി എഫ് ഡി സി ഡയറക്ടറായി അഞ്ചു വർഷവും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കേരള ചലച്ചിത്ര വികസന കോർപറേഷൻ ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്. ദീർഘകാലം ചലച്ചിത്ര നിർമാതാക്കളുടെ ആഗോള സംഘടനയായ ഫിയാഫിന്റെ വൈസ് പ്രസിഡന്റ് ആയിരുന്നു. 

മാതൃഭൂമി മാനേജിം​ഗ് എഡിറ്റര്‍ പി വി ചന്ദ്രന്‍ സഹോദരനാണ്. ഷെറിൻ ആണ് ഭാര്യ. മക്കളായ ഷെനു​​ഗ ജയ്‍തിലക്, ഷെ​ഗ്‍ന വിജില്‍, ഷെര്‍​ഗ സന്ദീപ് എന്നിവരും ചലച്ചിത്ര നിര്‍മ്മാണ രം​ഗത്തുണ്ട്. എസ് ക്യൂബ് ഫിലിംസിന്‍റെ ബാനറില്‍ ഉയരെ, ജാനകി ജാനേ എന്നീ ചിത്രങ്ങള്‍ ഇവര്‍ നിര്‍മ്മിച്ചിട്ടുണ്ട്. സംസ്കാരം നാളെ വൈകിട്ട്.

ALSO READ : യുകെയില്‍ 15 വയസില്‍ താഴെയുള്ളവര്‍ക്ക് 'ലിയോ' കാണാനാവില്ല, സാഹചര്യം വിശദീകരിച്ച് വിതരണക്കാര്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Follow Us:
Download App:
  • android
  • ios