"തീവ്രതയുള്ള ചിത്രമാണ് ലിയോ. ദുര്‍ബല ഹൃദയര്‍ക്ക് ഉള്ളതല്ല"

സമീപകാല തമിഴ് സിനിമയില്‍ ഏറ്റവുമധികം കാത്തിരിപ്പ് ഉയര്‍ത്തിയിരിക്കുന്ന ചിത്രം ലിയോയുടെ യുകെ സെന്‍സറിംഗ് പൂര്‍ത്തിയായി. 12 വയസിന് താഴെയുള്ള കുട്ടികള്‍ക്ക് മുതിര്‍ന്നവരോടൊപ്പം തിയറ്ററുകളില്‍ പ്രവേശനം ലഭിക്കുന്ന 12 എ സര്‍ട്ടിഫിക്കേഷനാണ് പ്രതീക്ഷിക്കപ്പെട്ടിരുന്നതെങ്കിലും 15+ സര്‍ട്ടിഫിക്കേഷനാണ് ചിത്രത്തിന് ലഭിച്ചത്. പതിനഞ്ചിന് താഴെ പ്രായമുള്ളവര്‍ക്ക് സിനിമാ ഹാളിലേക്ക് പ്രവേശനം നിഷേധിക്കുന്ന സര്‍ട്ടിഫിക്കേഷനാണ് ഇത്. 12 എ സര്‍ട്ടിഫിക്കേഷന്‍ നേടണമെങ്കില്‍ ചിത്രത്തിലെ പ്രധാന ആക്ഷന്‍ സീക്വന്‍സുകള്‍ ഒക്കെയും നീക്കേണ്ടിയിരുന്നെന്നും അങ്ങനെയെങ്കില്‍ സംവിധായകനോട് നീതി പുലര്‍ത്താന്‍ സാധിക്കാതെവരുമായിരുന്നെന്നും ചിത്രത്തിന്‍റെ യുകെയിലെ വിതരണക്കാരായ അഹിംസ എന്‍റര്‍ടെയ്ന്‍‍മെന്‍റ് സമൂഹമാധ്യമത്തിലൂടെ അറിയിച്ചു.

ലിയോ 100 ശതമാനം ഒരു ലോകേഷ് കനകരാജ് ചിത്രമാണെന്നും അങ്ങേയറ്റം അസംസ്കൃതവും ഹിംസാത്മകവുമായ ഒന്നാണെന്നും യുകെയിലെ വിതരണക്കാര്‍ പറയുന്നു. "ചിത്രത്തോട് നീതി പുലര്‍ത്താനായി 12 എ സര്‍ട്ടിഫിക്കേഷന്‍ ഞങ്ങള്‍ വേണ്ടെന്നുവച്ചതാണ്. തീവ്രതയുള്ള ചിത്രമാണ് ലിയോ. ദുര്‍ബല ഹൃദയര്‍ക്ക് ഉള്ളതല്ല. സെന്‍സറിംഗിന് സമര്‍പ്പിക്കുമ്പോള്‍ 15+ റേറ്റിംഗ് ആയിരുന്നു ഞങ്ങളുടെ മനസില്‍. എന്നാല്‍ ബിബിഎഫ്സി ആദ്യം 18+ ആണ് തന്നത്. അതുപ്രകാരം 18 ന് താഴെയുള്ളവര്‍ക്ക് ചിത്രം കാണാനാവില്ലായിരുന്നു. ഇത് 15- 17 വയസുള്ള വിദ്യാര്‍ഥികള്‍ക്ക് ചിത്രം കാണാനാവാത്ത സാഹചര്യം സൃഷ്ടിച്ചേനെ. ചിത്രത്തിന്‍റെ മൊത്തത്തിലുള്ള സ്വരൂപത്തെ ബാധിക്കാത്ത തരത്തില്‍ ചില്ലറ ട്രിമ്മിംഗ് നടത്തിയാണ് 15+ സര്‍ട്ടിഫിക്കേഷന്‍ നേടിയിരിക്കുന്നത്". 

Scroll to load tweet…

4 മുതല്‍ 14 വരെയുള്ള കുട്ടികള്‍ക്കിടയില്‍ വിജയിക്കുള്ള ജനപ്രീതി തങ്ങള്‍ക്ക് അറിയാമെങ്കിലും 12 എ സര്‍ട്ടിഫിക്കേഷനുവേണ്ടി നടത്തുന്ന എഡിറ്റിംഗിലൂടെ ചിത്രത്തിലെ പ്രധാന ആക്ഷന്‍ രംഗങ്ങളെല്ലാം ഒഴിവാക്കേണ്ടിവരുമെന്നും അതിനാലാണ് അത് ചെയ്യാതിരുന്നതെന്നും അഹിംസ എന്‍റര്‍ടെയ്ന്‍‍മെന്‍റ് അറിയിക്കുന്നു. കുട്ടികളുമായി ചിത്രം കാണാന്‍ തീരുമാനമെടുത്തിരുന്ന മാതാപിതാക്കളോട് ക്ഷമ ചോദിച്ചിട്ടുമുണ്ട് വിതരണക്കാര്‍. 

ALSO READ : അത് ഒഫിഷ്യല്‍! 'മാത്യു'വും 'നരസിംഹ'യും വീണ്ടും ഒരുമിക്കുന്നു; വരുന്നത് പാന്‍ ഇന്ത്യന്‍ ചിത്രം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക