Asianet News MalayalamAsianet News Malayalam

സിനിമാ റിവ്യു ബോബിംഗോ?, പൊലീസ് കേസില്‍ വാദങ്ങളും പ്രതിവാദങ്ങളും

സിനിമയെ റിവ്യൂവിലൂടെ മോശമാക്കിയെന്ന പരാതിയിലെടുത്ത കേസില്‍ പ്രതികരണങ്ങള്‍ ഇങ്ങനെ.

Film review bombing first case responses hrk
Author
First Published Oct 26, 2023, 10:41 PM IST

സിനിമയെ  റിവ്യൂവിലൂടെ മോശമാക്കിയെന്ന പരാതിയില്‍ ആദ്യമായി കേരള പൊലീസ് ഒരു കേസ് രജിസ്റ്റര്‍ ചെയ്‍തത് വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ്.  അടുത്തിടെയെത്തിയ റാഹേല്‍ മകൻ കോരയുടെ സംവിധായകൻ ഉബൈനിയുടെ പരാതിയിലാണ് ഹൈക്കോടതിയില്‍ വിഷയം ചര്‍ച്ചയായ സാഹചര്യത്തില്‍ കൊച്ചി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്‍തത്. കേസില്‍ സ്‍നേക്ക് പ്ലാന്റ് എന്ന സിനിമാ പ്രമോഷൻ കമ്പനി മേധാവി ഹെയ്‍ൻസ്, അനൂപ് അനു ഫേസ്‍ബുക്ക് അക്കൗണ്ട്, അരുണ്‍ തരംഗ, എൻവി ഫോക്കസ്, ട്രെൻഡ് സെക്‍ടര്‍ 24×7, അശ്വന്ത് കോക്, ട്രാവലിംഗ് സോള്‍മേറ്റ്‍സ് എന്നിവര്‍ ഏഴ് വരെ പ്രതികളും യുട്യൂബ്, ഫേസ്‍ബുക്ക് എന്നിവര്‍ എട്ടും ഒമ്പതും പ്രതികളുമാണ്. പിആര്‍ഒമാരും നിര്‍മാതാവ് സുരേഷ് കുമാറും  സംവിധായകൻ മുബീൻ റൗഫും മുൻ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രൊസിക്യൂഷൻ ടി അസഫലിയും കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട നിരൂപകൻ അശ്വന്ത് കോക്കും സ്നേക്ക്പ്ലാന്റ് എൽഎൽപി മാനേജിംഗ് ഡയറക്ടര്‍ ബി ഹെയ്‍ൻസും വിഷയത്തില്‍ പ്രതികരിക്കുന്നു.

ജി സുരേഷ് കുമാര്‍ (നിര്‍മാതാവ്)

ബഹുമാനപ്പെട്ട കോടതിയോട് നന്ദി പറയുന്നു. മോശപ്പെട്ട ഒരു പ്രവണതയാണ് ചെയ്യുന്നത്. സിനിമ നിര്‍മാതാവിന്റെ സങ്കടം കാണുന്നില്ല. മൊബൈല്‍ ക്യാമറയെടുത്ത് എന്തെങ്കിലും വിളിച്ചു പറഞ്ഞ് യൂടൂബില്‍ അപ്‍ലോഡ് ചെയ്‍ത്, ലാഭമുണ്ടാക്കാനായി നിര്‍മാതാവിനെയും സംവിധായകനെയുമൊക്കെ താറടിച്ച് കാണിക്കുകയാണ്. അക്രഡറ്റീഷൻ ഉള്ളവരെ മാത്രമേ ഇനി തിയറ്ററിനകത്ത് അനുവദിക്കൂ.

പ്രതീഷ് ശേഖര്‍ (പിആര്‍ഒ)

സിനിമ റിവ്യു എന്നത് ബോംബിംഗ് തന്നെയാണ് ചിലയിടത്ത്. എന്നാല്‍ ഇവിടെ വനിത വിനീതാ തിയറ്റററില്‍ അങ്ങനെയല്ല. ഇന്നലെ കേരള ഹൈക്കോടതി ചൂണ്ടിക്കാട്ടിയതില്‍ സിനിമാ നിരൂപണം നടത്തുന്ന ചിലര്‍ ഉണ്ടെങ്കിലും ഒരു ബിസിനസ് നടത്തുന്ന വ്യക്തി തന്നെയാണ് കേസില്‍ ആദ്യ പ്രതി. സിനിമ ഏറ്റെടുക്കുകയും പിന്നീട് അവര്‍ തന്നെ അതിനെ കൈവിട്ടിട്ട് അടുത്ത ഒരു സിനിമയിലേക്ക് പോകാനുള്ള തന്ത്രപ്പാടാണ് കാണിക്കുന്നത്. അത് പക്കാ ബിസിനസാണ്.

മുബീൻ റൗഫ് (ആദ്യം പരാതിയുമായി എത്തിയ സംവിധായകൻ)

സിനിമ കണ്ടിട്ട് അഭിപ്രായം പറഞ്ഞോട്ടെ. പക്ഷേ പരിധികള്‍ ലംഘിക്കുകയാണ്. സംവിധായകനെയും നടനെയും നിര്‍മാതാവിനെയുമൊക്കെ വ്യക്തിപരമായി അധിക്ഷേപിക്കുകയാണ് ചെയ്യുന്നത്. പ്രമോഷന് പെയ്‍മെന്റ് നല്‍കാറുണ്ട്. പെയ്‍മെന്റ് നല്‍കാത്തവര്‍ നെഗറ്റീവ് പറയും. ഇവര്‍ ചെറിയ മാഫിയയായി വളരുകയാണ്. ആരോഗ്യപരമായ റിവ്യുവിന് ഞങ്ങള്‍ എതിരല്ല.

മഞ്‍ജു ഗോപിനാഥ് (പിആര്‍ഒ)

സത്യസന്ധമായി ജോലി ചെയ്യുന്നവര്‍ക്ക്, ഇതുപോലുള്ള കാര്യങ്ങള്‍ വെളിപ്പെടുന്നത് നല്ലതാണ്. സിനിമ ഏറ്റെടുക്കുമ്പോള്‍ ആ മാര്‍ക്കറ്റിംഗ് ടീം  ചെയ്യേണ്ട ചില കാര്യങ്ങളുണ്ട്. എല്ലാ മാധ്യമങ്ങള്‍ക്കും പ്രൊമോഷൻ കൊടുക്കാറുണ്ട്. ഡിജിറ്റല്‍ മാധ്യമ പ്രൊമോഷനും ഇതിലുണ്ടാകാറുണ്ട്. ഒരേപോലെ സമാന്തരമായി ചെയ്യുന്ന ജോലിയാണിവ. ഇരുവിഭാഗങ്ങളും സഹകരിച്ച് പോകേണ്ട ജോലിയാണ്. പക്ഷേ ഇതില്‍ ഒരു വിഭാഗത്തിലുള്ളവര്‍ മോശമായ കാര്യം ചെയ്യുമ്പോള്‍ ഇംപാക്റ്റ് ഉണ്ടാകുന്നത് മൊത്തം ടീമിനാണ്. സിനിമയെ അത് ബാധിക്കുകയും ചെയ്യും.

അശ്വന്ത് കോക് (കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട നിരൂപകൻ)

വാര്‍ത്തയില്‍ കണ്ടതേ ഉള്ളൂ. അറിയിപ്പൊന്നും എനിക്ക് ലഭിച്ചിട്ടില്ല. നിയമപരമായി നോട്ടീസ് ലഭിച്ചിട്ടില്ല. ഇതില്‍ സ്വാഭാവികമായിട്ടും പല അജണ്ടകളുണ്ട്. പരാതി നല്‍കിയത് ഉബൈനി എന്ന സംവിധായകനാണ്. സിനിമകള്‍ വിജയിക്കുന്നില്ലെങ്കില്‍ ഗുണമില്ലാത്തതിനാലാണ്. ഈ റാഹേല്‍ മകൻ കോര സിനിമ ഞാൻ കണ്ടിട്ടില്ല. എനിക്കറിയാവുന്ന റിവ്യൂവേഴ്‍സ് കണ്ടിട്ടില്ല. ഒരുപാട് റിവ്യുകള്‍ ഞാൻ ചെയ്‍തിട്ടുണ്ട്. എന്തുകൊണ്ട് എനിക്ക് എതിരെ കേസ് ഇതുവരെ ഉണ്ടായിട്ടില്ല. നിര്‍മാതാക്കളെ വഞ്ചിക്കുകയാണ് ഇവര്‍ ചെയ്യുന്നത്. സിനിമ പരാജയപ്പെടുമ്പോള്‍ അത് എന്റെ കുഴപ്പം കൊണ്ടല്ല നാട്ടുകാരുടെയും റിവ്യുവേഴ്‍സിന്റെയും പ്രശ്‍നം കൊണ്ടാണ് എന്ന് ഇവര്‍ സമര്‍ഥിക്കുകയാണ്. അടുത്ത നിര്‍മാതാവിനെ പറ്റിക്കാനുള്ള പാലമിടുകയാണ്. സഭ്യമായ ഭാഷ ഉപയോഗിച്ചാണ് ഞാൻ ഇതുവരെ സംസാരിച്ചിട്ടുണ്ട്.

സ്നേക്ക്പ്ലാന്റ് എൽഎൽപി മാനേജിംഗ് ഡയറക്ടര്‍ ബി ഹെയ്‍ൻസിന്റെ പ്രതികരണം (കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടയാള്‍)

ഞങ്ങൾ ഏറ്റെടുത്ത് പ്രവർത്തിക്കുന്ന ഓരോ സിനിമയുടെയും ദൃശ്യപരത പരമാവധി വർദ്ധിപ്പിക്കുന്നതിന് ശ്രമിക്കാറുണ്ട്. സിനിമയുടെ ഗുണനിലവാരം വിലയിരുത്തിയല്ല ഞങ്ങൾ അങ്ങനെ ചെയ്യുന്നത്. സിനിമ ക്രിയേറ്റീവ് വർക്കാണെന്ന് മനസിലാക്കുന്നു.  ഞങ്ങള്‍ക്കെതിരെ 'റാഹേൽ മകൻ കോര' സിനിമയുടെ നിർമ്മാതാക്കള്‍ നടത്തിയ ആരോപണങ്ങള്‍ തെറ്റാണ്.  വിവിധ പ്ലാറ്റ്‌ഫോമുകളിൽ ഞങ്ങള്‍ സിനിമയെ പ്രമോട്ട് ചെയ്യാൻ പരമാവധി ശ്രമിച്ചിട്ടും നിർഭാഗ്യവശാൽ നെഗറ്റീവ് നിരൂപണങ്ങൾ ലഭിച്ചു. അതിന് ഞങ്ങൾ ഉത്തരവാദിയല്ല. സിനിമാ നിരൂപകരുടെ സ്വകാര്യ വിവരങ്ങൾ ചോദിക്കുകയും പൊതുമധ്യത്തിൽ സംസാരിക്കണം എന്നും അവര്‍ക്ക് എതിരെ കേസ് കൊടുക്കണമെന്നും നിര്‍മാതാക്കള്‍ നിര്‍ബന്ധിച്ചു. സിനിമയുടെ മാർക്കറ്റിംഗ് മാത്രം നിർവ്വഹിക്കുന്ന ഞങ്ങൾ അത്തരം നടപടികളാല്‍ ഉണ്ടാക്കിയേക്കാവുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് അവരെ ബോധ്യപ്പെടുത്താൻ ശ്രമിച്ചിരുന്നു. സംവിധായകനും നിർമാതാവും അത് അംഗീകരിച്ചില്ല. നെഗറ്റീവ് റിവ്യൂകൾക്ക് ഞങ്ങൾ ഉത്തരവാദികളാണെന്ന് ആരോപിച്ച് പൊലീസിൽ പരാതിപ്പെട്ടു. ആരോപണം ഞങ്ങള്‍ നിഷേധിക്കുന്നു. എന്നാല്‍ 'റാഹേൽ മകൻ കോര' സിനിമയ്‍ക്ക് വിസിബിലിറ്റി ഉണ്ടാക്കുന്നതിനായി ഞങ്ങൾ ശ്രമം നടത്തിയിരുന്നു. സിനിമാ നിർമാതാക്കളുമായുള്ള കരാർ പ്രകാരം ഇതുവരെ ചെയ്‍ത സേവനങ്ങൾക്ക് കുടിശ്ശികയുള്ള പേയ്‌മെന്റ് ശേഷിക്കുന്നു.

ടി അസഫലി (മുൻ ഡിജി, പ്രോസിക്യുഷൻ)

സ്വാഭാവികമായും സൈബര്‍ ക്രൈമും ചേര്‍ന്ന് വരുമ്പോള്‍ നമ്മുടെ അഭിപ്രായ സ്വാതന്ത്ര്യത്തിന് ചില നിയന്ത്രണങ്ങള്‍ നമ്മള്‍ അറിയാതെ വരുന്നുണ്ട്. പണ്ടെല്ലാം വിമര്‍ശനങ്ങള്‍ അതില്‍ ഒതുങ്ങും. ആ വിമര്‍ശനങ്ങള്‍ മറ്റാര്‍ക്ക് എങ്കിലും ഭീഷണിയായി വരുകയോ സാമ്പത്തിക നഷ്‍ടമുണ്ടാകുകയോ ചെയ്യുമ്പോള്‍ സംഭവം മാറും. പൊലീസിന് വാറണ്ടില്ലാതെ അറസ്റ്റ് ചെയ്യാവുന്ന കുറ്റം സ്ഥിരീകരിക്കുന്ന കാര്യം സാമൂഹ്യ മാധ്യമത്തിലൂടെയോ വാക്കാലോ ഫോണിലൂടെയോ പുറത്തുവന്നാല്‍ സ്വഭാവികമായും എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാം. ഇതില്‍ ഇപ്പോള്‍ പ്രത്യക്ഷത്തില്‍ ഒരു കേസ് നിലനില്‍ക്കും എന്നാണ് എന്റെ അഭിപ്രായം. നമ്മള്‍ അയക്കുന്ന മെസേജോ കമന്റുകളോ ഏതെങ്കിലും ഒരു വ്യക്തിക്ക് നഷ്‍ടം ഉണ്ടാക്കുമെന്ന അവസ്ഥയുണ്ടായാല്‍ കുറ്റമാകും.

Read More: ബാലയ്യയുടെ ഭഗവന്ത് കേസരിയുടെ ഒരാഴ്‍ചത്തെ കളക്ഷൻ കണക്കുകള്‍ പുറത്ത്, അമ്പരപ്പിക്കുന്ന കുതിപ്പ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Follow Us:
Download App:
  • android
  • ios