Asianet News MalayalamAsianet News Malayalam

ഇന്ത്യന്‍ പ്രേക്ഷകര്‍ എന്തു പറയുന്നു? ട്വിറ്ററില്‍ ട്രെന്‍ഡിംഗ് ടോപ്പിക് ആയി 'കുരുതി'

പൃഥ്വിരാജിന്‍റെ ഓണം റിലീസ് ആയെത്തിയ കുരുതി കോള്‍ഡ് കേസിനു ശേഷം ആമസോണ്‍ പ്രൈമിലൂടെ എത്തുന്ന പൃഥ്വി ചിത്രം കൂടിയാണ്

first day audience response for prithviraj starring kuruthi on twitter
Author
Thiruvananthapuram, First Published Aug 11, 2021, 2:36 PM IST

കൊവിഡ് കാലത്ത് ഒടിടി റിലീസുകളിലൂടെ കേരളത്തിനു പുറത്ത് നിരവധി പുതിയ പ്രേക്ഷകരെ മലയാളസിനിമ നേടിയെടുത്തിരുന്നു. ദൃശ്യം 2, സി യു സൂണ്‍, ജോജി, മാലിക് എന്നിവയ്ക്കൊക്കെ ശേഷം മലയാളത്തില്‍ നിന്നുള്ള ഒരു ഡയറക്റ്റ് ഒടിടി റിലീസിനുവേണ്ടി പാന്‍ ഇന്ത്യ തലത്തില്‍ സിനിമാപ്രേമികള്‍ക്കിടയില്‍ കാത്തിരിപ്പുണ്ട്. ആ കണ്ണിയിലേക്ക് ഏറ്റവുമൊടുവില്‍ എത്തിയിരിക്കുന്നത് ഒരു പൃഥ്വിരാജ് ചിത്രമാണ്. മനു വാര്യരുടെ സംവിധാനത്തില്‍ എത്തിയ ക്രൈം ത്രില്ലര്‍ ചിത്രം 'കുരുതി'. ചിത്രത്തെക്കുറിച്ച് മലയാളികളല്ലാത്ത പ്രേക്ഷകരുടെ അഭിപ്രായം എന്താണ്? ഒരു ഒടിടി ഹിറ്റ് ആവുമോ കുരുതി? അതേതായാലും ചിത്രമെത്തി മണിക്കൂറുകള്‍ക്കിപ്പുറം ട്വിറ്ററില്‍ ട്രെന്‍ഡിംഗ് ടോപ്പിക്ക് ആയിക്കഴിഞ്ഞു 'കുരുതി'. 

ട്വിറ്ററില്‍ അഭിപ്രായം രേഖപ്പെടുത്തുന്നവരില്‍ ഭൂരിപക്ഷവും ചിത്രത്തെക്കുറിച്ച് പോസിറ്റീവ് അഭിപ്രായമാണ് പങ്കുവെക്കുന്നത്. നമ്മുടെ സമൂഹത്തില്‍ ആഴത്തില്‍ വേരുറപ്പിച്ച വര്‍ഗീയവും മതപരവുമായ വെറുപ്പിനെക്കുറിച്ചുള്ള സത്യസന്ധവും യഥാതഥവുമായ ആവിഷ്‍കാരമെന്നാണ് പ്രമുഖ ട്രേഡ് അനലിസ്റ്റ് ആയ കൗശിക് എല്‍എം കുറിച്ചിരിക്കുന്നത്. 

അഭിനയത്തില്‍ പൃഥ്വിരാജിനും റോഷന്‍ മാത്യുവിനും മുരളി ഗോപിക്കുമൊക്കെ അഭിനന്ദനങ്ങള്‍ കിട്ടുമ്പോള്‍ത്തന്നെ എല്ലാവരും ഒരേസ്വരത്തില്‍ പറയുന്നത് മാമുക്കോയയുടെ പ്രകടനമാണ്. 'മൂസ' എന്ന കഥാപാത്രമായാണ് മാമുക്കോയ സ്ക്രീനില്‍ എത്തുന്നത്.

അവസാനിക്കാത്ത ചര്‍ച്ചകളാവും ചിത്രം സോഷ്യല്‍ മീഡിയയില്‍ സൃഷ്‍ടിക്കുകയെന്ന് ട്വിറ്ററില്‍ ചിലര്‍ അഭിപ്രായം പറയുമ്പോള്‍ ഫേസ്ബുക്കിലെ മലയാളം സിനിമാഗ്രൂപ്പുകളില്‍ അവ ഇതിനകം ആരംഭിച്ചിട്ടുമുണ്ട്. ജേക്സ് ബിജോയ്‍യുടെ സംഗീത സംവിധാനത്തിനും അഭിനന്ദന്‍ രാമാനുജത്തിന്‍റെ ഛായാഗ്രഹണത്തിനും കൈയടികള്‍ ലഭിക്കുന്നുണ്ട്.

പൃഥ്വിരാജിന്‍റെ ഓണം റിലീസ് ആയെത്തിയ കുരുതി കോള്‍ഡ് കേസിനു ശേഷം ആമസോണ്‍ പ്രൈമിലൂടെ എത്തുന്ന പൃഥ്വി ചിത്രം കൂടിയാണ്. നേരത്തെ തിയറ്റര്‍ റിലീസ് പ്രഖ്യാപിച്ചിരുന്ന ചിത്രമാണിത്. മെയ് 13ന് റിലീസ് ചെയ്യുമെന്നാണ് ആദ്യം പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ കൊവിഡ് രണ്ടാംതരംഗത്തില്‍ തിയറ്ററുകള്‍ അടച്ചിട്ട സാഹചര്യത്തില്‍ നിര്‍മ്മാതാവ് തീരുമാനം മാറ്റുകയായിരുന്നു. 

'കോഫി ബ്ലൂം' എന്ന ബോളിവുഡ് ചിത്രം ഒരുക്കിയ മനു വാര്യര്‍ മലയാളത്തില്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'കുരുതി'. സോഷ്യോ പൊളിറ്റിക്കല്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമാണിത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ പൃഥ്വിരാജ് തന്നെയാണ് നിര്‍മ്മാണം. 24 ദിവസം എന്ന റെക്കോര്‍ഡ് സമയത്തിലാണ് സിനിമ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയത്.

അനീഷ് പല്യാല്‍ രചന നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം അഭിനന്ദന്‍ രാമാനുജമാണ്. സംഗീതം ജേക്സ് ബിജോയ്. എഡിറ്റിംഗ് അഖിലേഷ് മോഹന്‍. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ഇര്‍ഷാദ് പരാരി. പൃഥ്വിരാജിനൊപ്പം റോഷന്‍ മാത്യു, മണികണ്ഠന്‍ ആര്‍ ആചാരി, മുരളി ഗോപി, നവാസ് വള്ളിക്കുന്ന്, ഷൈന്‍ ടോം ചാക്കോ, നസ്‍ലെന്‍, ശ്രിണ്ഡ, സാഗര്‍ സൂര്യ, മാമുക്കോയ എന്നിവരും പ്രാധാന്യമുള്ള കഥാപാത്രങ്ങളായി എത്തുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios