സ്റ്റാര്‍ ഹോട്ടലില്‍ അമിത വില ഈടാക്കുന്നതില്‍ പരാതിയുമായി ആള്‍ക്കാര്‍ രംഗത്ത് എത്തിയിരുന്നു. ഇപ്പോഴിതാ സംഗീത സംവിധായകൻ ശേഖര്‍ രവ്‍ജിയാനിയാണ് ഹോട്ടലിലെ ബില്‍ കണ്ട് ഞെട്ടിയത്. മൂന്ന് പുഴുങ്ങിയ മുട്ടകള്‍ക്ക് 1672 രൂപയാണ് ബില്‍. ബില്‍ ശേഖര്‍ രവ്‍ജിയാനി സാമൂഹ്യമാധ്യമത്തില്‍ ഷെയര്‍ ചെയ്‍തിട്ടുണ്ട്.

പഞ്ചനക്ഷത്ര ഹോട്ടലില്‍ ജിമ്മില്‍ വര്‍ക്കൌട്ട് ചെയ്‍ത ശേഷം ശേഖര്‍ മൂന്ന് പുഴുങ്ങിയ മുട്ടയ്‍ക്ക് ഓര്‍ഡര്‍ ചെയ്‍തു. ബില്‍ വന്നത് 1672 രൂപ. മൂന്ന് മുട്ടയുടെ വില 1350 രൂപയും ജിഎസ്‍ടിയും സര്‍വീസ് ചാര്‍ജുമടക്കം ആകെ 1672 രൂപയുമാണ് ബില്‍ വന്നത്. മുമ്പ് രണ്ട് വാഴപ്പഴത്തിന് ഒരു ഹോട്ടലില്‍ 442.50 രൂപ ബില്‍ വന്നത് നടൻ രാഹുല്‍ ബോസ് ഷെയര്‍ ചെയ്‍തത് വലിയ ചര്‍ച്ചയായിരുന്നു.  ചണ്ഡിഗഡിലെ ഒരു ഹോട്ടലിലെ ജിമ്മില്‍ വര്‍ക്ക് ഔട്ട് ചെയ്യുന്നതിനിടെയാണ് രണ്ട് വാഴപ്പഴത്തിന് രാഹുല്‍ ബോസ് ആവശ്യപ്പെട്ടത്. മുറിയിലെത്തുമ്പോഴേക്കും പഴം എത്തി. ഒപ്പം ബില്ലും. ജിഎസ്‍ടി ഉള്‍പ്പടെ 442.50 രൂപയാണ് വിലയായി രേഖപ്പെടുത്തിയിരിക്കുന്നത്. ഇത് വിശ്വസിക്കാനാകുമോയെന്ന അടിക്കുറിപ്പോടെ രാഹുല്‍ ബോസ് തന്നെ വീഡിയോ സാമൂഹ്യമാധ്യമത്തിലൂടെ പുറത്തുവിടുകയായിരുന്നു. പിന്നീട് ഹോട്ടലിന് പിഴ ഈടാക്കുകയും ചെയ്‍തിരുന്നു.