ജയറാം നായകനായെത്തിയ കണ്ണന്‍ താമരക്കുളം ചിത്രം 'പട്ടാഭിരാമന്' പ്രശംസയുമായി ഭക്ഷ്യ, സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി പി തിലോത്തമന്‍. ഭക്ഷ്യവകുപ്പും ഭക്ഷ്യസുരക്ഷാ വകുപ്പും സംയുക്തമായി ചെയ്യേണ്ട ധാരാളം കാര്യങ്ങള്‍ ചിത്രത്തില്‍ പറയുന്നുണ്ടെന്ന് സിനിമ കണ്ടതിന് ശേഷം മന്ത്രി തിലോത്തമന്‍ അഭിപ്രായപ്പെട്ടു.

'നല്ല ഒരു സന്ദേശമാണ് ഈ സിനിമ സമൂഹത്തിന് നല്‍കുന്നത്. എനിക്ക് വളരെ ഇഷ്ടപ്പെട്ടു. ഇത്തരമൊരു സിനിമ അവതരിപ്പിക്കാന്‍ ഇതിന്റെ അണിയറപ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞത് വളരെ പ്രധാനപ്പെട്ട കാര്യമായിട്ടാണ് ഞാന്‍ കരുതുന്നത്. ദൈനംദിന ജീവിതത്തില്‍ നാം അനുഷ്ഠിക്കേണ്ട ജാഗ്രത എന്തായിരിക്കണമെന്ന് ഈ സിനിമ വിളിച്ചുപറയുന്നുണ്ട്. ഭക്ഷ്യവകുപ്പും ഭക്ഷ്യസുരക്ഷാ വകുപ്പും സംയുക്തമായി ചെയ്യേണ്ട ധാരാളം കാര്യങ്ങള്‍ ഇതില്‍ പറയുന്നുണ്ട്. തീര്‍ച്ഛയായും അക്കാര്യങ്ങളിലേക്ക് നമുക്ക് കൂടുതല്‍ ശ്രദ്ധ ചെലുത്താം', ഭക്ഷ്യമന്ത്രിയുടെ വാക്കുകള്‍.

കണ്ണന്‍ താമരക്കുളവും ജയറാമും ഒന്നിക്കുന്ന നാലാം ചിത്രമാണ് 'പട്ടാഭിരാമന്‍'. തിങ്കള്‍ മുതല്‍ വെള്ളി വരെ, ആടുപുലിയാട്ടം, അച്ചായന്‍സ് എന്നിവയാണ് ഈ ടീമിന്റെ മുന്‍ ചിത്രങ്ങള്‍. ടൈറ്റില്‍ കഥാപാത്രമായ ഫുഡ് ഇന്‍സ്‌പെക്ടറുടെ വേഷത്തിലാണ് ജയറാം എത്തുന്നത്. ദിനേഷ് പള്ളത്തിന്റേതാണ് തിരക്കഥ. എബ്രഹാം മാത്യുവാണ് നിര്‍മ്മാണം. ജയറാമിനൊപ്പം ബൈജു സന്തോഷ്, ഹരീഷ് കണാരന്‍, ധര്‍മ്മജന്‍, പ്രേംകുമാര്‍, സായ്കുമാര്‍, ദേവന്‍, ജനാര്‍ദ്ദനന്‍, നന്ദു, മാധുരി, പാര്‍വ്വതി നമ്പ്യാര്‍, അനുമോള്‍ എന്നിവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.