കൊച്ചി: പൊലീസുകാർക്കായി കുറ്റാന്വേഷണ ചിത്രമായ അഞ്ചാം പാതിരയുടെ പ്രത്യേക പ്രദർശനം കൊച്ചിയില്‍ സംഘടിപ്പിച്ചു. കുറ്റാന്വേഷണ ചുമതലയുള്ള വിവിധ സ്റ്റേഷനുകളിലെ നാനൂറോളം പൊലീസുകാരാണ് സംവിധായകനോടൊപ്പം സിനിമ കാണാനെത്തിയത്.

മിഥുൻ മാനുവല്‍ തോമസ് സംവിധാനം ചെയ്ത അഞ്ചാം പാതിര തിയറ്ററുകളില്‍ നിറഞ്ഞോടുന്ന പശ്ചാത്തലത്തിലാണ് പൊലീസുകാരെ സിനിമ കാണിക്കാൻ സിനിമയുടെ അണിയറപ്രവർത്തകരും ജില്ലയിലെ പ്രധാന പൊലീസ് ഉദ്യോഗസ്ഥരും തീരുമാനിച്ചത്. കേസന്വേഷണത്തിലെ പുതുവഴികളും കുറ്റവാളികളുടെ സങ്കീർണമായ മനശാസ്ത്രത്തെക്കുറിച്ചുമാണ് ചിത്രം പ്രതിപാദിക്കുന്നത്. ചിത്രത്തിന്‍റെ സംവിധായകനും പൊലീസുകാരോടൊപ്പം സിനിമ കാണാനെത്തി.

ചിത്രത്തില്‍ കേരള പൊലീസിനെക്കുറിച്ചുള്ള വിമർശനങ്ങളെയും തമാശകളെയും കുറിച്ച് ചോദിച്ചപ്പോള്‍ സംവിധായകന് കൃത്യമായ മറുപടിയുണ്ടായിരുന്നു. കേരള പൊലീസ് ട്രോള്‍ പേജ് പോലും കൈകാര്യം ചെയ്യുന്ന കാലത്ത്, ഇത്തരം വിമര്‍ശനങ്ങളും തമാശകളും സ്പോര്‍ട്സ്മാന്‍ സ്പിരിറ്റോടെ കാണുമെന്നായിരുന്നു മിഥുന്‍റെ പക്ഷം.