മുംബൈ: ബച്ചന്‍ കുടുംബത്തിലെ നാല് കൊവിഡ് പോസിറ്റീവ് കേസുകള്‍ക്കു പിന്നാലെ ബോളിവുഡ് താരം അനുപം ഖേറിന്‍റെ കുടുംബത്തിലും നാലു പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. അദ്ദേഹത്തിന്‍റെ അമ്മ ദുലാരി, സഹോദരന്‍, സഹോദരന്‍റെ ഭാര്യ, അവരുടെ മകള്‍ എന്നിവര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. എന്നാല്‍ എന്നാല്‍ അനുപം ഖേറിന്‍റെ പരിശോധനാഫലം നെഗറ്റീവ് ആണ്. അമ്മയെ മുംബൈ കോകിലാബെന്‍ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മറ്റു മൂന്നു പേരും അവരുടെ വീട്ടില്‍ ക്വാറന്‍റൈനില്‍ കഴിയുകയാണ്. അനുപം ഖേര്‍ തന്നെയാണ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്‍ത വീഡിയോയിലൂടെ വിവരം അറിയിച്ചത്. 

അമ്മയ്ക്ക് കുറച്ചു ദിവസങ്ങളായി വിശപ്പില്ലായ്‍മ അനുഭവപ്പെട്ടിരുന്നുവെന്നും തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് കൊവിഡ് ബാധ കണ്ടെത്തിയതെന്നും അനുപം ഖേര്‍ പറയുന്നു. "അമ്മയ്ക്കൊപ്പം താമസിക്കുന്നു എന്നിതാല്‍ ഞാനും സഹോദരന്‍ രാജീവും പിന്നാലെ പരിശോധന നടത്തി. എന്‍റെ ടെസ്റ്റ് നെഗറ്റീവ് ആയിരുന്നുവെങ്കിലും രാജീവിന്‍റേത് പോസിറ്റീവ് ആയിരുന്നു", അനുപം ഖേര്‍ പറഞ്ഞു.

തടസ്സങ്ങളൊന്നുമില്ലാതെ വേഗത്തില്‍ അമ്മയെ അഡ്‍മിറ്റ് ചെയ്‍ത ആശുപത്രി അധികൃതര്‍ക്കും വീഡിയോയില്‍ അനുപം ഖേര്‍ നന്ദി പറയുന്നുണ്ട്. പ്രായമായവര്‍ക്ക് കൊവിഡ് പരിശോധന നടത്തേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ചും അദ്ദേഹം ഓര്‍മ്മിപ്പിക്കുന്നു. സോനം കപൂര്‍, രണ്‍വീര്‍ ഷോറെ, മുകേഷ് ഛബ്ര, നീല്‍ നിതിന്‍ മുകേഷ് തുടങ്ങി ബോളിവുഡിലെ നിരവധി പ്രമുഖര്‍ അനുപം ഖേറിന്‍റെ കുടുംബത്തിന് വേഗത്തിലുള്ള സൗഖ്യം ആശംസിച്ച് രംഗത്തെത്തിയിട്ടുണ്ട്. 

അതേസമയം ബച്ചന്‍ കുടുംബത്തില്‍ അമിതാഭ് ബച്ചന്‍, മകന്‍ അഭിഷേക് ബച്ചന്‍, അഭിഷേകിന്‍റെ ഭാര്യ ഐശ്വര്യ റായ്, ഇവരുടെ മകള്‍ ആരാധ്യ എന്നിവര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. അമിതാഭ് ബച്ചനും അഭിഷേകിനും ഇന്നലെ രാത്രിയോടെയാണ് രോഗം സ്ഥിരീകരിച്ചതെങ്കില്‍ ഐശ്വര്യയ്ക്കും ആരാധ്യയ്ക്കും ഇന്ന് ഉച്ചതിരിഞ്ഞാണ് കൊവിഡ് സ്ഥിരീകരിച്ചത്. അമിതാഭ് ബച്ചനെയും അഭിഷേക് ബച്ചനെയും ജൂഹുവിലെ വീട്ടില്‍ നിന്ന് അടുത്തുള്ള നാനാവതി ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.