വലിയ തുക ചോദിക്കുന്നവർ വീട്ടിലിരിക്കുമെന്ന് സുരേഷ് കുമാര്‍ അടുത്തിടെ പറഞ്ഞിരുന്നു.
കഴിഞ്ഞ കുറേകാലങ്ങളായി മലയാള സിനിമയിൽ പ്രതിഫലവുമായി ബന്ധപ്പെട്ട ചർച്ചകൾ നടക്കുകയാണ്. പലരും വൻ തുകകളാണ് പ്രതിഫലമായി ചോദിക്കുന്നത് എന്നതാണ് കാരണം. ഇത്തരത്തിൽ വലിയ തുക ചോദിക്കുന്നവർ വീട്ടിലിരിക്കുമെന്ന് നിർമാതാവും ഫിലിം ചേംബര്‍ പ്രസിഡന്‍റുമായ ജി. സുരേഷ് കുമാർ പറഞ്ഞത് ഏറെ ശ്രദ്ധനേടിയിരുന്നു. ഇപ്പോഴിതാ സൂപ്പർ താരങ്ങളും പ്രതിഫലം കുറയ്ക്കണമെന്നും ആവശ്യപ്പെടുകയാണ് സുരേഷ്. യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു ഇദ്ദേഹത്തിന്റെ പ്രതികരണം.
"എഴുപത്തി അഞ്ചോ എഴുപത്തി ആറോ സിനിമകൾ പുറത്തിറങ്ങിയതിൽ ഒരൊറ്റ സിനിമ മാത്രമാണ് കഴിഞ്ഞ വർഷം ഓടിയത്. വലിയ സൂപ്പർ താരങ്ങൾ അഭിനയിച്ച പടങ്ങളും പൊട്ടി തരിപ്പണമായി പോകുന്നു. ഒരു സിനിമയിൽ ഞാൻ അഭിനയിച്ചാൽ മാത്രം പോര. പ്രമോഷന് പോണം. പ്രധാനപ്പെട്ട ആൾക്കാർ എങ്കിലും പോകണം. കേരളത്തിൽ മാത്രമാണല്ലോ ആരും പോകാതിരിക്കുന്നത്. തമിഴ്നാട്ടിലും ആന്ധ്രയിലുമൊക്കെ ഉള്ള താരങ്ങൾ എല്ലാ പ്രമോഷനും പോകുന്നല്ലോ. ദസറയുടെ പ്രമോഷന് വേണ്ടി നാനി കേരളത്തിൽ വന്നില്ലേ. അവർ ഇന്ത്യ മുഴുവൻ ഓടി നടക്കുകയാണ് പ്രമോഷന് വേണ്ടി. നമ്മുടെ ഇവിടെ ആൾക്കാരെ വിളിച്ചാൽ വരില്ല. അതെന്തൊരു ഏർപ്പാടാണ്. കാശും വാങ്ങി പോക്കറ്റിൽ ഇട്ട് സിനിമയിൽ അഭിനയിച്ച് പോയാൽ മതിയോ. ആ പടം ഓടുന്നോ ഇല്ലയോ എന്ന് നോക്കണ്ടേ. എഗ്രിമെന്റിൽ ഒപ്പിടാത്ത ഒരാളും ഇനി ഇവിടെ അഭിനയിക്കില്ല. അത് നൂറ് ശതമാനവും. ഒപ്പിടാത്ത ആരെങ്കിലും ഉണ്ടെങ്കിൽ സിനിമ ചെയ്യട്ടേ. ഞങ്ങൾ കാണിച്ചു തരാം. ഒരു ദിവസം ഷൂട്ട് ചെയ്ത പണം പോലും സിനിമയ്ക്ക് കിട്ടുന്നില്ല. അഞ്ച് ലക്ഷം പോലും വരുന്നില്ല. പല പടങ്ങളും അഞ്ചും നാലും മൂന്നും ലക്ഷങ്ങളാണ് കളക്ട് ചെയ്യുന്നത്. ഇതെവിടെ പോയി നിൽക്കും. സൂപ്പർ താരങ്ങളൊക്കെ ഇപ്പോൾ വാങ്ങിക്കുന്ന പ്രതിഫലം കുറയ്ക്കണം. കുറച്ചാലെ പറ്റൂ. ഒരു പടം പൊട്ടിയാലും അവർ പ്രതിഫലം കൂട്ടുകയാണ്. അതുപാടില്ല. ഗ്രൗണ്ട് റിയാലിറ്റി മനസിലാക്കി വേണം അവർ പ്രതിഫലം വാങ്ങാൻ. സിനിമ പ്രതിസന്ധിയിൽ ആണെന്ന് താരങ്ങൾ മനസിലാക്കണം. പടം പരാജയപ്പെട്ടാൽ ഉത്തരം പറയേണ്ടത് നിർമാതാക്കളാണ്. മിക്കവാറും എല്ലാ നിർമാതാക്കളും പ്രതിസന്ധിയിലാണ്. വലിയ താരങ്ങൾ അവരുടെ പേര് വച്ചിട്ടാകും പടം ബിസിനസ് ആകുന്നത്. തൊട്ട് താഴെ ഉള്ളവർ മുപ്പതും നാല്പതും ലക്ഷങ്ങൾ ചോദിക്കുക എന്ന് പറഞ്ഞാൽ നമുക്ക് സഹിക്കാൻ പറ്റാത്ത കാര്യങ്ങളാണ്", എന്നാണ് സുരേഷ് കുമാർ പറഞ്ഞത്.
നേരത്തെ സുരേഷ് കുമാർ പറഞ്ഞത്
അഭിനേതാക്കളുടെ കോസ്റ്റ് വല്ലാണ്ട് കൂടി പോകുകയാണ്. വായിൽ തോന്നിയത് കോതയ്ക്ക് പാട്ട് എന്ന നിലയിലാണ് അവർ ചോദിക്കുന്ന പ്രതിഫലം. അതൊന്നും കൊടുക്കാൻ പറ്റുന്ന രീതിയിൽ അല്ല മലയാള സിനിമ ഉള്ളത്. അങ്ങനെ ഉള്ളവരെ ഒഴിവാക്കി കൊണ്ടുള്ള സിനിമകളാകും ഇനി വരാൻ പോകുന്നത്. വലിയ തുകകൾ ചോദിക്കുന്നവരെ ഒഴിവാക്കുന്ന നടപടി നാളയോ മറ്റന്നാളോ ഉണ്ടാകും. ഇതെല്ലാവർക്കും മുന്നറിയിപ്പാണ്. ചോദിക്കുന്നത് ന്യായമായി ചോദിക്കാം. അന്യായമായി ചോദിക്കരുത്. വല്ലാത്തൊരു പോക്കാണത്. തിയറ്ററിൽ കളക്ഷനില്ല. ആളില്ല. 15 ആൾക്കാർ ഉണ്ടെങ്കിലേ ഷോ തുടങ്ങുള്ളൂ. അത്രയും പേർക്ക് വേണ്ടി തിയറ്ററുകാർ കാത്തിരിക്കുക ആണ്. പല സ്ഥലത്തും ഷോ നടക്കുന്നില്ല. നിർമാതാക്കൾ മാത്രമല്ല, എല്ലാവരും ഇക്കാര്യം മനസിലാക്കണം. പ്രൊഡ്യൂസർ മരം കുലുക്കിയല്ല പണം കൊണ്ടുവരുന്നത്. നോട്ടടിച്ചല്ല കൊണ്ട് വരുന്നത്. അതെല്ലാവരും മനസിലാക്കണം. ആരെ വച്ചായാലും സിനിമ ചെയ്യാം. സിനിമയ്ക്ക് കണ്ടന്റാണ് പ്രധാനം. കണ്ടന്റ് നല്ലതാണെങ്കിൽ സിനിമ ഓടും. അത് ഹിറ്റാകും. ആളുകൾ കാണും അഭിനന്ദിക്കും. ഇവിടെയിനി വലിയ രീതിയിൽ കാശ് വാങ്ങിക്കുന്നവർ വീട്ടിൽ ഇരിക്കുന്ന രീതിയിലേക്കാകും പോകുന്നത്. ഇതൊരു മുന്നറിയിപ്പ് കൂടിയാണ്.
'തീരാനഷ്ടം, ആ നിഷ്കളങ്കമായ ചിരി മനസിൽ നിറഞ്ഞുനിൽക്കും'; മോഹൻലാൽ
