ഹിറ്റായ പ്രേമലുവിന്റെ പാട്ടുകാരൻ നടനെ കുറിച്ച് ഗായകൻ ജി വേണുഗോപാല്‍.
എല്ലാത്തരം പ്രേക്ഷകരെയും ആകര്‍ഷിച്ചിരിക്കുകയാണ് യുവ താരങ്ങളുടെ പ്രേമലു. പ്രേമലു കണ്ട് അഭിനന്ദനങ്ങള്‍ അറിയിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ഗായകൻ ജി വേണുഗോപാല്‍. പ്രേമലുവിലെ ശ്യാം മോഹനെ എടുത്ത് പറഞ്ഞ് കുറിപ്പ് എഴുതിയിരിക്കുകയാണ് ജി വേണുഗോപാല്‍. ശ്യാം മോഹനുള്ളില്‍ നിരവധി കഥാപാത്രങ്ങൾ ഒളിഞ്ഞ് കിടപ്പുണ്ട് എന്ന് ജി വേണുഗോപാല്‍ പറയുന്നു.
ഇന്നലെ പ്രേമുലു കണ്ടു. കനം കുറഞ്ഞ ഒരു പ്രതീതി എന്നാണ് ജി വേണുഗോപാല്‍ അഭിപ്രായപ്പെടുന്നത്. വാലിബൻ, ഭ്രമയുഗം എന്ന ഹെവി വെയ്റ്റ് സിനിമകള്‍ക്ക് ശേഷമാണ് പ്രേമുലു സംഭവിക്കുന്നത്. ഹരിമുരളീരവം കഴിഞ്ഞ് അല്ലിയാമ്പൽ കടവിലന്നരയ്ക്ക് വെള്ളത്തിൽ ഒഴുകും പോലെ. സിനിമയുടെ വിധി നിർണ്ണയമോ, ഗുണഗണങ്ങളോ, ട്രോളോ ഒന്നുമില്ല ഈ പോസ്റ്റിൽ, മൂന്ന് പേരെക്കുറിച്ച് പറയാനാണ് ഉദ്ദേശിക്കുന്നത്. സമകാലീന നടിമാരിൽ എന്റെ ഫേവറിറ്റ് മമിത നസ്ലിൻ, പിന്നെ എന്റെ കൂട്ടുകാരൻ പാട്ടുകാരനായ ശ്യാം മോഹൻ എന്നും ജി വേണുഗോപാല്‍ വ്യക്തമാക്കുന്നു.
മമിത ബബ്ലിയാണ്. ഊര്‍ജ്ജസ്വലത ആ കണ്ണുകളില്‍ കാണാം, അനായാസ വേഷപകര്‍ച്ചയുടെ മറ്റൊരു മുഖം. കഥയറിയാതെ നമുക്ക് നസ്ലിന്റെ കൂടെ കരയാം, ചിരിക്കാം, ആടിപ്പാടാം എന്നും ജി വേണുഗോപാല്‍ വിലയിരുത്തുന്നു.
കൊവിഡ് സമയത്താണ് ശ്യാമിനെ പരിചയപ്പെടുന്നത്. ഒരിക്കലും ചേർക്കാൻ പറ്റാത്ത പാട്ടുകളെ ചേർത്ത് പാടി മുഖത്ത് വരുത്തുന്ന നിഷ്‍കളങ്ക വിഡ്ഢി ഭാവമാണ് ശ്യാമിലേക്കെന്നെ എത്തിക്കുന്നത്. എന്റെ മൂന്ന് പാട്ടുകളെടുത്ത് മറ്റ് ചില മൂന്ന് പാട്ടുകളുടെ തൊഴുത്തിൽ ശ്യാം കൊണ്ട് കെട്ടുന്ന മൂന്ന് വീഡിയോസ് ഞങ്ങൾ ചെയ്ത് അർമാദിച്ചു. അങ്ങേയറ്റം ഭവ്യതയോടെ എന്റെയടുത്ത് നിൽക്കുമ്പോഴും ശ്യാമിന്റെ ഉള്ളിലെ അഭിനിവേശം, ഉറങ്ങുന്ന ഒരു അഗ്നിപർവ്വതം പോലെ ഞാൻ തിരിച്ചറിയുന്നുണ്ടായിരുന്നു. ശ്യാമിനുള്ളിൽ നിരവധി കഥാപാത്രങ്ങൾ ഒളിഞ്ഞ് കിടപ്പുണ്ട്, കുതിക്കാനാണ് പുലി പതുങ്ങുന്നതെന്ന് ഞാൻ പ്രവചിച്ചുക്കുന്നു. പ്രേമുലു സ്‍നേഹനിധിയായി വില്ലന്റെ കാൽവയ്പ്പാണ്. നമ്മൾ ഇനി ശ്യാം മോഹനെ പല രീതിയിൽ, പല രൂപങ്ങളിൽ, പല ക്യാരക്ടേഴ്‍സായി കാണും മലയാള സിനിമയിൽ എന്നും ജി വേണുഗോപാല്‍ പറയുന്നു. നസ്ലിലും മമിതയ്‍ക്കും ശ്യാമിനും ആശംസകളും നേരുന്നു ജി വേണുഗോപാല്‍.
Read More: മമ്മൂട്ടിയുമല്ല മോഹൻലാലുമല്ല ഒന്നാമൻ, മലയാള താരങ്ങളുടെ സ്ഥാനങ്ങള്‍ മാറിമറിയുന്നു
