ന്യൂയോര്‍ക്ക്: വിഖ്യാത ടെലിവിഷന്‍ സീരിസ് ഗെയിം ഓഫ് ത്രോണ്‍സ് അവസാനിച്ചു. എട്ടു സീസണ്‍ നീണ്ടു നിന്ന പരമ്പരയുടെ അവസാന എപ്പിസോഡ് അമേരിക്കന്‍ സമയം രാത്രി 9നാണ് സംപ്രേക്ഷണം ചെയ്തത്. ഗെയിം ഓഫ് ത്രോണ്‍സിന്‍റെ അവസാന സീസണ്‍ സംബന്ധിച്ച് വ്യാപക പ്രതിഷേധം ഉയരുന്നതിനിടെയാണ് അവസാന എപ്പിസോഡ് പ്രക്ഷേപണം ചെയ്തത്.

എന്നാല്‍ അവസാന എപ്പിസോഡില്‍ സംഭവിച്ച ആനമണ്ടത്തരമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച. അവസാന എപ്പിസോഡിലെ ഒരു രംഗത്തില്‍ വെള്ളകുപ്പി കണ്ടെത്തിയിരിക്കുകയാണ് പ്രേക്ഷകര്‍. അതും പ്ലാസ്റ്റിക്ക് കുപ്പി. നേരത്തെ നാലാം എപ്പിസോഡില്‍ കോഫി കപ്പ് കണ്ടെത്തിയത് വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് വെള്ളകുപ്പിയുടെ കണ്ടെത്തല്‍. എപ്പിസോഡില്‍ ഡ്രാഗണ്‍ പിറ്റില്‍ നടക്കുന്ന യോഗത്തിലാണ് പ്ലാസ്റ്റിക്ക് കുപ്പി കണ്ടെത്തിയത്.

ഗെയിം ഓഫ് ത്രോണ്‍സിലെ ഏറ്റവും അറിവുള്ള ക്യാരക്ടര്‍ എന്ന് വിശേഷിപ്പിക്കുന്ന സാമിന്‍റെ കാലിന് അടിയിലാണ് പ്ലാസ്റ്റിക്ക് കുപ്പി കണ്ടെത്തിയത്. അതിനാല്‍ തന്നെ സാം പ്ലാസ്റ്റിക്ക് കണ്ടുപിടിച്ചു എന്ന നിലയിലാണ് ട്രോളുകള്‍ പുരോഗമിക്കുന്നത്. നേരത്തെ എപ്പിസോഡ് നാലില്‍  17 മിനുട്ട് 40 സെക്കന്‍റില്‍ എമിലി ക്ലര്‍ക്ക് അഭിനയിക്കുന്ന ഡനേറിയസിന് മുന്നില്‍ ഒരു കോഫികപ്പ് കാണപ്പെട്ടിരുന്നു. പൌരണികമായ ഫിക്ഷന്‍ സീരിസില്‍ കോഫി കപ്പ് വന്നത് വലിയ തെറ്റായി സോഷ്യല്‍ മീഡിയ ആഘോഷിച്ചു. ചില ആരാധകര്‍ അത് കോഫി ബ്രാന്‍റായ സ്റ്റാര്‍ബക്സിന്‍റെ കോഫി കപ്പാണെന്ന് അഭിപ്രായപ്പെട്ടു. ഇതോടെ #Starkbucks എന്ന വാക്ക് ട്രെന്‍റിംഗായി മാറി.

ഇതിന് പിന്നാലെയാണ് പുതിയ തെറ്റ്. എന്തായാലും സോഷ്യല്‍ മീഡിയ ഇത് സംബന്ധിച്ച് ആഘോഷം തുടങ്ങിയിട്ടുണ്ട്. സീസണ്‍ 8ന് ഒട്ടും നിലവാരം പോരാ എന്ന രീതിയില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുമ്പോഴാണ് പുതിയ പ്രശ്നം. നേരത്തെ അവസാന സീസണ്‍ വീണ്ടും റീമേക്ക് ചെയ്യണം എന്ന ആവശ്യം ശക്തമായി ഓണ്‍പ്രതിഷേധം നടന്നിരുന്നു. ഇത് സംബന്ധിച്ച ഓണ്‍ലൈന്‍ പെറ്റീഷനില്‍ ഇതുവരെ ലക്ഷക്കണക്കിന് പേരാണ് ഒപ്പിട്ടത്.

അമേരിക്കന്‍ എഴുത്തുകാരന്‍ ജോര്‍ജ് ആര്‍ ആര്‍ മാര്‍ട്ടിന്റെ 'എ സോങ് ഓഫ് ഐസ് ആന്‍ഡ് ഫയര്‍' എന്ന പുസ്തക പരമ്പരയുടെ ടെലിവിഷന്‍ ആവിഷ്‌കാരമാണ് ഗെയിം ഓഫ് ത്രോണ്‍സ്.  'എ സോങ് ഓഫ് ഐസ് ആന്‍ഡ് ഫയര്‍' എന്ന പുസ്തക പരമ്പരയിലെ ആദ്യത്തെ നോവലിന്‍റെ പേര് ഗെയിം ഓഫ് ത്രോണ്‍സ് എന്നായിരുന്നു ഇതാണ് ടെലിവിഷന്‍ സിരീസ് പേരായി സ്വീകരിച്ചിരിക്കുന്നത്. ഡേവിഡ് ബെനിയോഫ്, ഡി. ബി. വെയ്‌സ് എന്നിവരാണ് ഷോ ക്രിയേറ്റ് ചെയ്തത്. 2011 ഏപ്രില്‍ 17 നാണ് ആദ്യ സീസണിന്റെ ആദ്യപ്രദര്‍ശനം നടന്നത്.