തമിഴകത്തിന്റെ ലേഡി സൂപ്പര്‍ സ്റ്റാര്‍ നയൻതാരയും തപ്‍സിയും പ്രധാന കഥാപാത്രങ്ങളാകുന്ന ചിത്രങ്ങള്‍ തീയേറ്ററിലേക്ക് എത്തുകയാണ്. കൊലയുതിര്‍ കാലവുമായി നയൻതാരയും ഗെയിം ഓവറുമായി തപ്‍സിയും എത്തുന്നു. കോപ്പി റൈറ്റുമായി ബന്ധപ്പെട്ട പരാതിയില്‍ നയൻതാരയുടെ സിനിമയുടെ മദ്രാസ് ഹൈക്കോടതി തടഞ്ഞിരിക്കുകയാണ്.  പക്ഷേ 14നു തന്നെ ചിത്രം തീയേറ്ററിലെത്തിക്കാനുള്ള ശ്രമമാണ് അണിയറപ്രവര്‍ത്തകര്‍ നടത്തുന്നത്. അങ്ങനെയെങ്കില്‍ രണ്ട് നായികമാര്‍ തമ്മിലുള്ള പോരാട്ടത്തിനാകും ബോക്സ്‍ ഓഫീസ് സാക്ഷ്യം വഹിക്കുക.

സമാന സ്വഭാവമുള്ള രീതിയിലാണ് കൊലയുതിര്‍ കാലവും  ഗെയിം ഓവറും എന്നാണ് ചിത്രങ്ങളുടെ ട്രെയിലറുകള്‍ സൂചിപ്പിക്കുന്നത്. ചക്രിയാണ് നയൻതാര ചിത്രം സംവിധാനം ചെയ്യുന്നത്. അതേസമയം നയൻതാരയെ തന്നെ നായികയാക്കി മായ എന്ന സൂപ്പര്‍ ഹിറ്റ് ഒരുക്കിയ അശ്വിൻ ശരവണനാണ് ഗെയിം ഓവര്‍ സംവിധാനം ചെയ്യുന്നത്. നയൻതാരയുടെ സൂപ്പര്‍ സ്റ്റാര്‍ വിശേഷണം കൊലയുതിര്‍ കാലത്തിന് തുടക്കത്തില്‍ ഗുണം ചെയ്യുമെങ്കിലും മൌത്ത് പബ്ലിസിറ്റിയുമായി ബോക്സ്‍ ഓഫീസ് പിടിച്ചെടുക്കാമെന്നാണ് ഗെയിം ഓവറിന്റെ അണിയറപ്രവര്‍ത്തകര്‍ കരുതുന്നത്.