ജയസൂര്യയെ നായകനാക്കി നാദിര്‍ഷ സംവിധാനം ചെയ്യുന്ന 'ഗാന്ധി സ്ക്വയറി'ന്‍റെ പൂജയും സ്വിച്ച് ഓണും എറണാകുളം ലാല്‍ മീഡിയ സ്റ്റുഡിയോയില്‍ നടന്നു. ജാഫര്‍ ഇടുക്കിയും നമിത പ്രമോദും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അരുണ്‍ നാരായണ്‍ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ അരുണ്‍ നാരായണ്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ മലയാളത്തിലെ മറ്റു പ്രമുഖ താരങ്ങളും അഭിനയിക്കുന്നു. 

ഛായാഗ്രഹണം റോബി വര്‍ഗീസ് രാജ്. രചന സുനീഷ് വരനാട്. സുജേഷ് ഹരിയുടെ വരികള്‍ക്ക് നാദിര്‍ഷ സംഗീതം പകരുന്നു. പശ്ചാത്തല സംഗീതം ജേക്സ് ബിജോയ്. എഡിറ്റിംഗ് ഷമീര്‍ മുഹമ്മദ്. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ സെലെക്സ് എബ്രഹാം. ഡിസംബര്‍ ആദ്യം ചിത്രീകരണം ആരംഭിക്കുന്ന ഈ ചിത്രത്തിന്‍റെ പ്രധാന ലോക്കേഷനുകള്‍ കുട്ടിക്കാനവും മുണ്ടക്കയവുമാണ്. വാര്‍ത്ത പ്രചരണംഎ എസ് ദിനേശ്.

 

നാദിര്‍ഷ സംവിധാനം ചെയ്യുന്ന നാലാമത്തെ ചിത്രമാണിത്. അമര്‍ അക്ബര്‍ അന്തോണി, കട്ടപ്പനയിലെ ഋത്വിക് റോഷന്‍, മേരാ നാം ഷാജി എന്നിവയാണ് നേരത്തെ സംവിധാനം ചെയ്ത ചിത്രങ്ങള്‍. ദിലീപ് നായകനാവുന്ന 'കേശു ഈ വീടിന്‍റെ നാഥന്‍' എന്ന ചിത്രം നാദിര്‍ഷ നേരത്തെ അനൗണ്‍സ് ചെയ്തിരുന്നു.