Asianet News MalayalamAsianet News Malayalam

'ഷെയ്‌നിന്റെ നടപടി തോന്നിയവാസം'; 'അമ്മ'യുടെ പിന്തുണ അച്ചടക്കമുണ്ടെങ്കില്‍ മാത്രമെന്നും ഗണേഷ്‌കുമാര്‍

സിനിമാപ്രവര്‍ത്തകര്‍ മുന്‍പ് മദ്യം കഴിച്ചിരുന്നുവെങ്കിലും അത് അവരുടെ ജോലിയെ ഒരിക്കലും ബാധിച്ചിരുന്നില്ലെന്നും എന്നാല്‍ ഇന്ന് സെറ്റുകളില്‍ മയക്കുമരുന്നുപയോഗം വ്യാപകമാണെന്നും ഗണേഷ്‌കുമാര്‍.
 

ganesh kumar responds to shane nigam issue
Author
Thiruvananthapuram, First Published Nov 29, 2019, 10:32 PM IST

കൊച്ചി: കഥാപാത്രത്തിന്റെ കണ്ടിന്യുവിറ്റി നോക്കാതെ തല മൊട്ടയടിച്ച ഷെയ്ന്‍ നിഗത്തിന്റെ നടപടി തോന്നിയവാസമാണെന്ന് 'അമ്മ' ഭാരവാഹിയും എംഎല്‍എയുമായ കെ ബി ഗണേഷ് കുമാര്‍. അച്ചടക്കത്തോടെ പോയാല്‍ മാത്രമാവും സംഘടന ഷെയ്‌നിനെ പിന്തുണയ്ക്കുകയെന്നും ഗണേഷ്‌കുമാര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

'ഒരു നിര്‍മ്മാതാവിന് നഷ്ടമുണ്ടാക്കുന്ന നടപടിയാണ് ഷെയ്‌നിന്റെ ഭാഗത്തുനിന്നുണ്ടായത്. ഒപ്പം ഒരു സംവിധായകന്റെ കണ്ണീരുമുണ്ട് അപ്പുറത്ത്. ജീവിതത്തില്‍ ആദ്യമായി ഒരു പടം ഡയറക്ട് ചെയ്യാന്‍ അവസരം കിട്ടിയ ഒരു ചെറുപ്പക്കാരന്റെ വേദനയുണ്ട്. അയാളെപ്പറ്റി എന്താണ് ആരുമൊന്നും പറയാത്തത്?, ഗണേഷ്‌കുമാര്‍ ചോദിച്ചു.

സിനിമാപ്രവര്‍ത്തകര്‍ മുന്‍പ് മദ്യം കഴിച്ചിരുന്നുവെങ്കിലും അത് അവരുടെ ജോലിയെ ഒരിക്കലും ബാധിച്ചിരുന്നില്ലെന്നും എന്നാല്‍ ഇന്ന് സെറ്റുകളില്‍ മയക്കുമരുന്നുപയോഗം വ്യാപകമാണെന്നും ഗണേഷ്‌കുമാര്‍ പറഞ്ഞു. 'സിനിമാ സെറ്റുകളില്‍ ലഹരിമരുന്നിന്റെ ഉപയോഗം ഇപ്പോള്‍ വളരെ കൂടുതലാണ്. അത് യാഥാര്‍ഥ്യമാണ്. രാവിലെ വരാന്‍ വൈകുക, വന്നുകഴിഞ്ഞാല്‍ കാരവനില്‍നിന്ന് ഇറങ്ങാന്‍ മടിയൊക്കെയാണ് ചില ആളുകള്‍ക്ക്. അത്തരം പരാതികള്‍ അമ്മയില്‍ വരുന്നുണ്ട്. സിനിമയില്‍ മാത്രമല്ല, കൊച്ചി നഗരവുമായി ബന്ധപ്പെട്ട എല്ലാ മേഖലകളിലും ലഹരിമരുന്നുകളുടെ ഉപയോഗം വളരെ കൂടുതലാണ്. എന്നാല്‍ പൊലീസ് ഒരു സെറ്റില്‍ കയറിവന്ന് പരിശോധിക്കുക എന്നത് പ്രായോഗികമല്ല. മറിച്ച് പൊലീസും എക്‌സൈസും ഒരു ഷാഡോ പൊലീസിംഗ് സംവിധാനം ഉണ്ടാക്കിയാല്‍ മതി', ഗണേഷ്‌കുമാര്‍ പറഞ്ഞു. 

തനിക്ക് പകരക്കാര്‍ ഒരുപാട് പേരുണ്ടെന്ന് സിനിമയില്‍ പ്രവര്‍ത്തിക്കുന്നവര്‍ മനസിലാക്കണമെന്നും പ്രേക്ഷകന് ഇന്നയാള്‍ വേണമെന്ന നിര്‍ബന്ധമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'പണ്ടൊരു കാലഘട്ടത്തില്‍ മമ്മൂക്കയ്ക്കും ലാലേട്ടനുമൊന്നും പകരക്കാര്‍ ഉണ്ടായിരുന്നില്ല. ഇന്ന് അങ്ങനെയല്ല, ഒരാളില്ലെങ്കില്‍ മറ്റൊരാള്‍ കഥാപാത്രം ചെയ്യും. അതുകൊണ്ട് ചെറുപ്പക്കാരൊക്കെ മനസിലാക്കേണ്ടത്, പകരക്കാര്‍ ഒരുപാടുണ്ട് എന്നതാണ്', ഗണേഷ്‌കുമാര്‍ പറഞ്ഞവസാനിപ്പിച്ചു.

"

Follow Us:
Download App:
  • android
  • ios