ചലച്ചിത്രകാരനും സാഹിത്യകാരനുമായ തമ്പി ആന്റണിയുടെ ഉടമസ്ഥതയിലുള്ള  ഗേറ്റ്‌ വേ നഴ്സിങ് റിഹാബിലിറ്റേഷൻ സെന്ററിനെതിരെ അമേരിക്കയില്‍ കേസെടുത്തെന്ന് വാര്‍ത്ത. അതേസമയം വ്യക്തിഹത്യ എന്ന ഉദ്ദേശ്യത്തോടെയാണ് തനിക്ക് എതിരെ വാര്‍ത്തകള്‍ പടച്ചുവിടുന്നത് എന്നാണ് തമ്പി ആന്റണി ചില മാധ്യമങ്ങളോട് പ്രതികരിച്ചത്.

കോവിഡ് - 19 ന്റെ ലക്ഷണങ്ങളുണ്ടായവര്‍ക്ക്  ആവശ്യമായ പരിചരണം നൽകിയിട്ടില്ലെന്നും രോഗബാധിതരായ ഉദ്യോഗസ്ഥരോട് പോലും ജോലി ചെയ്യാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് തമ്പി ആന്റണി തന്നെ പ്രസ്‍താവന ഇറക്കിയിരുന്നു. അധികാരികളുടെ എല്ലാ മാർഗ്ഗനിർദ്ദേശങ്ങളും ശുപാർശകളും പാലിച്ചിരുന്നുവെന്നും തമ്പി ആന്റണി പറയുന്നു. തമ്പി ആന്റണിക്ക് എതിരെ ക്രിമിനൽ കേസ് ഫയൽ ചെയ്‍തിട്ടുണ്ടെന്നും വാര്‍ത്തകളുണ്ടായി. എന്നാല്‍ പൊതുസമൂഹത്തിൽ അറിയപ്പെടുന്ന ഒരാളായതുകൊണ്ടാകാം തനിക്കെതിരെ ഇത്തരത്തിലൊരു വാർത്ത വന്നത് എന്ന് തമ്പി ആന്റണി പറയുന്നു.

കൊവിഡ് രൂക്ഷമായി ബാധിച്ച രാജ്യമാണ് അമേരിക്ക. പ്രായമായവരും ഗുരുതരരോഗമുള്ളവരുമാണ് കൊവിഡ് വന്ന് മരിച്ചത്. തങ്ങളുടെ ഗേറ്റ്‌ വേ നഴ്സിംഗ് റിഹാബിലിറ്റേഷൻ സെന്ററിലും ഇതുപോലെയുള്ള ആളുകളാണ് കൊവിഡ് രോഗത്തെ തുടര്‍ന്ന് മരിച്ചതെന്ന് തമ്പി ആന്റണി പറയുന്നു.

കൊവിഡ് രോഗം ബാധിച്ചവര്‍ക്ക് താല്‍ക്കാലികമായ ചികിത്സയാണ് ഇവിടെ ചെയ്യുക. രോഗം മൂര്‍ച്ഛിക്കുമ്പോഴാണ് ആശുപത്രിയിലേക്ക് മാറ്റുക. അങ്ങനെ മാറ്റിയവരാണ് ആശുപത്രികളില്‍ മരിച്ചത്. അമേരിക്കയിലെ ഒട്ടേറെ നഴ്‍സിംഗ് ഹോമുകളുടെയും അവസ്ഥ അങ്ങനെയാണ് എന്നും തമ്പി ആന്റണി പറയുന്നു.

ഡോക്ടര്‍മാരുടെയും നഴ്‍സിങ് ആള്‍ക്കാരുടെയും അപര്യാപ്‍തതയാണ്  ആശുപത്രികളില്‍. ടെസ്റ്റ് പോസറ്റീവ് ആണെങ്കിലും ജോലിക്ക് എത്തണമെന്ന് ആരോഗ്യവകുപ്പ് പറഞ്ഞിട്ടുണ്ട്. കൊവിഡ് രോഗികളെ ചികിത്സിക്കണമെന്നാണ് പറഞ്ഞത്. അധികൃതര്‍ പറയുന്ന കാര്യങ്ങള്‍ പാലിച്ചാണ് തങ്ങള്‍ പ്രവര്‍ത്തിക്കുന്നത് എന്നും തമ്പി ആന്റണി പറയുന്നു. വ്യക്തിഹത്യ നടത്തുകയാണ് ചില ആള്‍ക്കാരുടെ ലക്ഷ്യം. പക്ഷേ എന്താണെങ്കിലും കൊവിഡിന് എതിരെയുള്ള ദൗത്യം പൂര്‍ത്തിയാക്കുമെന്നും തമ്പി ആന്റണി പറയുന്നു.