ചെന്നൈ: ദില്ലി കലാപത്തില്‍ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച സംവിധായകന്‍ പാ രഞ്ജിത്തിനെതിരെ നടി ഗായത്രി രഘുറാം. അഴിമതി നിറഞ്ഞ വ്യവസ്ഥിതിയെ ശരിയാക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് പറഞ്ഞ ഗായത്രി പാ രഞ്ജിത്ത് മുസ്ലിംകളെ പ്രകോപിപ്പിക്കുകയാണെന്നും ആരോപിച്ചു. ട്വിറ്ററിലൂടെയാണ് ഗായത്രിയുടെ പ്രതികരണം.

വര്‍ഗീയശക്തികള്‍ രാജ്യ തലസ്ഥാനത്ത് കലാപം അഴിച്ചുവിട്ടിരിക്കുകയാണ്. ബിജെപി സര്‍ക്കാര്‍ ഇന്ത്യയില്‍ മതമൗലികവാദം പടര്‍ത്തുകയാണ്. അത് തന്നെയാണ് അവര്‍ തമിഴ്നാട്ടിലും ചെയ്യുന്നതെന്നും ഫാസിത്തിനെതിരെ ഒരുമിച്ച് നില്‍ക്കണമെന്നും പാ രഞ്ജിത്ത് ട്വീറ്റ് ചെയ്തിരുന്നു. ഇതിന് മറുപടി നല്‍കുകയായിരുന്നു ഗായത്രി.

'മതേതരത്വം എന്നാല്‍ എന്താണ് അര്‍ത്ഥം? ഹിന്ദുക്കള്‍ക്ക് മാത്രമാണോ മതേതരത്വം ബാധകമാകുന്നത്. അഴിമതി നിറഞ്ഞ വ്യവസ്ഥിതിയെ ശരിയാക്കുകയാണ് ബിജെപി ചെയ്യുന്നത്. പെരിയാറിന്‍റെ കൂലി മാമന്മാര്‍ തമിഴ്നാട്ടിലെ ഹൈന്ദവ സംസ്കാരത്തെ നശിപ്പിക്കുന്നു. പാകിസ്ഥാന്‍കാരുടെ കൂലിക്കാരായ കോണ്‍ഗ്രസ് ഇന്ത്യയിലെ ഹൈന്ദവ സംസ്കാരത്തെയും നശിപ്പിക്കുന്നു. നിങ്ങളാണ് മുസ്ലിംകളെ പ്രകോപിപ്പിക്കുന്നത്''- ഗായത്രി ട്വിറ്ററില്‍ കുറിച്ചു. അതേസമയംം പെരിയാറിനെ വിമര്‍ശിച്ച ഗായത്രിയുടെ പരാമര്‍ശത്തിനെതിരെ വലിയ പ്രതിഷേധമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്.