തിരുവനന്തപുരം: നടന്‍ ഷെയ്ന്‍ നിഗത്തെ സിനിമാനിര്‍മ്മാതാക്കളുടെ സംഘടന വിലക്കിയ സംഭവത്തില്‍ ഷെയ്ൻ നിഗത്തെ പിന്തുണച്ച് നടിയും സംവിധായകയുമായ ഗീതു മോഹൻദാസ്. "ഒരാളെ വിലക്കാൻ ആർക്കും അവകാശമില്ല. അതിനോട് എനിക്ക് യോജിപ്പില്ല. ആരെയെങ്കിലും ഒറ്റത്തിരിഞ്ഞ് ആക്രമിക്കുന്നതും ശരിയല്ല". പക്ഷേ  അതേ സമയം താരങ്ങള്‍ കൂടുതൽ പ്രൊഫഷണലിസം കാണിക്കണമെന്നും ഗീതു മോഹൻദാസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഐഎഫ്എഫ്കെയില്‍ മൂത്തോന്‍ ചിത്രത്തിന്‍റെ പ്രദര്‍ശനത്തിന് എത്തിയതായിരുന്നു ഗീതു. 

"

വെയില്‍ ചിത്രത്തിന്‍റെ ഷൂട്ടിംഗുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങളാണ് ഷെയ്നിനെ സിനിമയില്‍ നിന്നും വിലക്കാനുള്ള തീരുമാനത്തിലേക്ക് നിര്‍മ്മാതാക്കളുടെ സംഘടന എത്തിയത്. പ്രശ്നത്തില്‍ ഇടപെട്ട് പരിഹാരത്തിനായി അഭിനേതാക്കളുടെ സംഘടനയായ അമ്മയും, ഫെഫ്കയും തീരുമാനിച്ചിരുന്നു. എന്നാല്‍ പിന്നീട് കൊച്ചിയിൽ നടന്ന ചർച്ചയ്ക്കിടെ ഇറങ്ങിപ്പോയ ഷെയ്ൻ പുറത്ത് പരസ്യവിമർശനം നടത്തിയതും മന്ത്രി എ കെ ബാലനെ കണ്ടതും ഇരുസംഘടനകളെയും ചൊടിപ്പിച്ചു. ഒടുവില്‍ താരം മാപ്പ് പറയാതെ ഇനി ചർച്ചയ്ക്കില്ലെന്ന നിലപാടിലാണ് അമ്മയും ഫെഫ്കയും.