ഫിസിക്കൽ ചീറ്റിംഗ്' ഒരു വലിയ പ്രശ്നമല്ല എന്ന കാജോൾ-ട്വിങ്കിൾ നിലപാടിനോട് ജാൻവി വിയോജിച്ചു പ്രകടിപ്പിച്ചു. വിശ്വാസവഞ്ചന ഉണ്ടായാൽ ആ ബന്ധം തകരും എന്ന ശക്തമായ നിലപാടുമായി ജാൻവി കപൂർ.
ബോളിവുഡിലെ പഴയ തലമുറ താരങ്ങളായ കാജോളും ട്വിങ്കിൾ ഖന്നയും പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചുമുള്ള തങ്ങളുടെ കാഴ്ചപ്പാടുകൾ അവതരിപ്പിച്ചപ്പോൾ, അതിനെ തിരുത്തി യുവതാരം ജാൻവി കപൂർ നടത്തിയ ചില പ്രസ്താവനകളാണ് ഇപ്പോൾ ജെൻ സികൾക്കിടയിലെ സംസാര വിഷയം. ഒരു ടെലിവിഷൻ ഷോയിൽ പ്രണയബന്ധങ്ങളെക്കുറിച്ചുള്ള തങ്ങളുടെ പക്വതയില്ലാത്തതും കാലഹരണപ്പെട്ടതുമായ വീക്ഷണങ്ങളെപ്പറ്റി കാജോളും, ട്വിങ്കിളും സംസാരിച്ചപ്പോൾ ജെൻ സികളുടെ കാഴ്ചപ്പാടുകളെപ്പറ്റി ജാൻവി കപൂറും തുറന്ന് സംസാരിച്ചു. ബന്ധങ്ങളിൽ അഡ്ജസ്റ്റ്‌മെൻ്റിന് പ്രാധാന്യം നൽകിയ മുൻ തലമുറയിൽ നിന്ന് വ്യത്യസ്തമായി, ബന്ധങ്ങളിലെ അതിർവരമ്പുകൾക്കും, ആത്മാഭിമാനത്തിനും പ്രാധാന്യം നൽകുന്ന ജെൻ സികളുടെ പ്രതിനിധിയായി മാറുകയായിരുന്നു ജാൻവി.
ചതിച്ചാൽ കാര്യം കഴിഞ്ഞു
പ്രധാന ചർച്ചാവിഷയം അവിഹിത ബന്ധങ്ങളെ കുറിച്ചുള്ളതായിരുന്നു. 'ടൂ മച്ച് വിത്ത് കാജോൾ ആൻഡ് ട്വിങ്കിൾ' എന്ന ഷോയിൽ, ട്വിങ്കിളും കാജോളും കരൺ ജോഹറും ചേർന്ന് ഫിസിക്കൽ ചീറ്റിംഗ് ഒരു 'ഡീൽ ബ്രേക്കർ' ആകണമെന്നില്ല എന്ന് അഭിപ്രായപ്പെട്ടു. "രാത് ഗയി, ബാത് ഗയി" എന്ന മട്ടിൽ ട്വിങ്കിൾ തമാശ പറഞ്ഞപ്പോൾ, ജാൻവി കപൂർ ഉടൻതന്നെ ഇടപെട്ടു: "ബാത് നഹീം ജാതി. ഫിസിക്കൽ ചീറ്റിംഗ് ഒരു ഡീൽ ബ്രേക്കറല്ലെങ്കിൽ, എനിക്കിത് ഒരു തകർന്ന ഡീലാണ്," എന്ന് അവർ തീർത്തു പറഞ്ഞു. ബന്ധങ്ങളിലെ 'അഡ്ജസ്റ്റ്മെൻ്റ്' സംസ്കാരത്തെ തള്ളിക്കളഞ്ഞ ജാൻവിയുടെ ഈ നിലപാടിന് സോഷ്യൽ മീഡിയയിൽ നിറഞ്ഞ കയ്യടിയാണ് ലഭിച്ചത്. വിശ്വാസവഞ്ചന ലഘൂകരിക്കാനുള്ള ശ്രമങ്ങളോട് ജെൻ സികൾക്ക് ഒട്ടും സഹിഷ്ണുതയില്ല എന്ന് ഈ പ്രതികരണം വ്യക്തമാക്കുന്നു.
'സിറ്റുവേഷഷിപ്പുകൾ' വെറും തമാശ
പ്രണയബന്ധങ്ങളിൽ വ്യക്തത ഇല്ലാത്ത 'സിറ്റുവേഷഷിപ്പ്' എന്ന പുതിയ ഡേറ്റിംഗ് രീതിയെക്കുറിച്ചും ജാൻവിക്ക് ശക്തമായ അഭിപ്രായമുണ്ട്. "എനിക്ക് ഈ ബന്ധങ്ങളുടെ ആവശ്യകത മനസ്സിലാകുന്നില്ല, ഇങ്ങനെയുള്ള ബന്ധങ്ങൾ ആർക്കും പ്രയോജനകരമല്ല," എന്ന് ജാൻവി തുറന്നടിച്ചു. ഒരാൾക്ക് ഇഷ്ടമുണ്ടെങ്കിൽ ഉറച്ച വാക്ക് നൽകുക, ഇല്ലെങ്കിൽ ആ പണിക്ക് നിൽക്കരുത് എന്നാണ് ജാൻവിയുടെ അഭിപ്രയം.
വിവാഹത്തിന് എക്‌സ്‌പയറി ഡേറ്റ്?
വിവാഹ ബന്ധങ്ങൾക്ക് എക്‌സ്‌പയറി ഡേറ്റ് വെക്കണം എന്ന കാജോളിൻ്റെ അഭിപ്രായവും വലിയ ചർച്ചകൾക്ക് വഴിവെച്ചു. "പുതിയൊരു കരാർ ഉണ്ടെങ്കിൽ ആരും കൂടുതൽ കാലം കഷ്ടപ്പെടേണ്ടി വരില്ല," എന്ന കാജോളിൻ്റെ നിലപാട്, ദാമ്പത്യത്തിന് ആയുസ്സുണ്ടാവുക എന്നത് ഒരു ഭാരമായി കാണുന്ന പഴയ വീക്ഷണത്തെയാണ് സൂചിപ്പിച്ചത്. എന്നാൽ, ഇതിന് ട്വിങ്കിൾ ഖന്ന തന്നെ മറുപടി നൽകി: “ഇതൊരു വാഷിംഗ് മെഷീൻ അല്ല, വിവാഹമാണ്.” ജെൻ സി ആകട്ടെ, ദാമ്പത്യ ബന്ധങ്ങളെ കാണുന്നത് കൂടുതൽ വ്യത്യാസ്തമായ കാഴ്ചപ്പാടോടെയാണ്. സന്തോഷമുണ്ടെങ്കിൽ തുടരുക, ഇല്ലെങ്കിൽ സത്യസന്ധമായി സംസാരിച്ച് പിരിയുക. ഇതിന് 'എക്‌സ്‌പയറി ഡേറ്റ്' ആവശ്യമില്ല, ആത്മാർത്ഥമായ ആശയവിനിമയം മതി എന്നാണ് പുതിയ തലമുറയുടെ കാഴ്ചപ്പാട്.
മെയിൽ ഈഗോയും സ്ത്രികളും
ജോലി സ്ഥലങ്ങളിൽ മെയിൽ ഈഗോ കാരണം തനിക്ക് ബുദ്ധിയില്ലാത്തവളായി അഭിനയിക്കേണ്ടി വന്നിട്ടുണ്ട് എന്ന് ജാൻവി തുറന്നുപറഞ്ഞു. 90-കളിലെ താരമായിരുന്ന ട്വിങ്കിൾ ഇതിനോട് വൈകാരികമായി പ്രതികരിച്ചപ്പോൾ, ജെൻ സി തലമുറ ഈ പ്രശ്നങ്ങൾ തുറന്നു സംസരിക്കുന്നുവെന്ന് ജാൻവി പറഞ്ഞു. മുൻ തലമുറ നിശ്ശബ്ദമായി നിന്നുകൊണ്ട് സഹിച്ചത് പലതിനോടും, പുതിയ തലമുറ ശബ്ദമുയർത്തുന്നു.
കാജോളും ട്വിങ്കിളും യുവതലമുറയെ 'ദുർബലർ, വളരെ സെൻസിറ്റീവ് എന്നിങ്ങനെ വിശേഷിപ്പിച്ചപ്പോൾ, ജാൻവിയും അനന്യയും ശാന്തതയോടെ എല്ലാ സ്റ്റീരിയോടൈപ്പുകളെയും തകർത്തെറിഞ്ഞു. ബന്ധങ്ങളിൽ പരസ്പരം ക്ഷമിക്കുന്നതിനേക്കാൾ പ്രധാനം പരസ്പര ബഹുമാനമാണെന്നും, വൈകാരികമായ പക്വത പ്രായത്തിലല്ല, മറിച്ച് അവബോധത്തിലാണ് ഉണ്ടാകുന്നതെന്നും യുവതാരങ്ങൾ തെളിയിച്ചു.


