Asianet News MalayalamAsianet News Malayalam

Korean Drama review : പരകായ പ്രവേശവുമായി 'ഗോസ്റ്റ് ഡോക്ടര്‍'- കെ ഡ്രാമ റിവ്യു

കൊറിയൻ ഡ്രാമ 'ഗോസ്റ്റ് ഡോക്ടറി'ന്റെ റിവ്യു.

Ghost doctor Korean Drama review
Author
Kochi, First Published Aug 12, 2022, 6:12 PM IST

പുനർജന്മം (rebirth), ആത്മാക്കളുടെ കുടിയേറ്റം (soul swapping), കാലയാത്രകൾ (time travel), ചാത്തൻമാർ (goblins), കാലന്റെ കാവലാളുകൾ (grim reaper) ഇത്യാദികളെല്ലാം കെ ഡ്രാമകളുടെ പ്രിയചേരുവകളാണ്. തലമുറകൾ കൈമാറി വന്ന ഇഷ്‍ടം. പ്രണയത്തിലും വിരഹത്തിലും പ്രതികാരത്തിലും തുടങ്ങി കോമഡിയിലും ട്രാജഡിയിലും വരെ ഇതിലേതെങ്കിലുമൊക്കെ എപ്പോഴെങ്കിലുമൊക്കെ വന്നുപോകും. ഡോക്ടർമാരുടെ കഥയിലും പൊലീസുകാരുടെ കഥയിലുമെല്ലാം ആത്മാക്കളും പ്രത്യേകസിദ്ധികളും എല്ലാം വരും. അങ്ങനെയാണ് അതിന്റെയൊരു ഇരിപ്പുവശം കെ ഡ്രാമയിൽ. അത്തരമൊരു കോംബിനേഷനിലെത്തിയ പരമ്പരയാണ് 'ഗോസ്റ്റ് ഡോക്ടർ'. ആത്മാക്കളുണ്ട്. തമാശയുണ്ട്. കുറ്റകൃത്യമുണ്ട്. പ്രണയമുണ്ട്. സ്വയംതിരിച്ചറിയലുകളുണ്ട്. എല്ലാത്തിലുമുപരി നല്ല ഗംഭീര ബ്രൊമാൻസുമുണ്ട്. 

അതിപ്രഗത്ഭനായ ഹൃദയശസ്‍ത്രക്രിയാവിദഗ്‍ദനാണ് ചാ യങ് മിൻ. പരമാവധി രോഗികളെ രക്ഷപ്പെടുത്തണമെന്ന് ആഗ്രഹിക്കുന്ന ഡോക്ടറാണെങ്കിലും പെരുമാറ്റത്തിൽ മയം പക്ഷേ കുറവാണ്. അഹങ്കാരം ഉണ്ടുതാനും. യങ്‍മിൻ ജോലി ചെയ്യുന്ന ആശുപത്രി ഉടമയുടെ ചെറുമകനാണ് ഗോ സ്യൂങ് തക്. മെഡിസിൻ പഠനം പൂർത്തിയാക്കി ഹൗസ് സർജൻസി ചെയ്യുന്നു. തിയറി നല്ല പിടിയാണ് കക്ഷിക്ക്. പക്ഷേ ചോര കണ്ടാൽ പേടിയാണ്. അതുകൊണ്ട് ശസ്‍ത്രക്രിയാമുറിയിലേക്ക് നോക്കുക കൂടിയില്ല. യങ്‍മിൻ രോഗികളോട് മയമില്ലാതെ പെരുമാറുന്നത് സ്യൂങ് തക് വിമർശിക്കുന്നുണ്ട്. പണി ആദ്യം പഠിക്ക് എന്നിട്ട് മതി പൈസയുടെ അഹങ്കാരം കാണിക്കുന്നതെന്ന് യങ്‍മിൻ തിരിച്ചും പറയുന്നുണ്ട്. സ്വഭാവത്തിലും രീതിയിലും മികവിലും രണ്ട് ധ്രുവങ്ങളിൽ നിൽക്കുന്ന ഈ രണ്ട് ഡോക്ടർമാരാണ് പരമ്പരയിലെ പ്രധാന കഥാപാത്രങ്ങൾ. അവതരിപ്പിക്കുന്നത് റെയിൻ എന്ന വിളിപ്പേരിൽ പ്രശസ്‍തനായ Jung Ji-hoon ഉം Kim Bum ഉം. 

Ghost doctor Korean Drama review

ഒരു സമ്പന്നന്റെ സങ്കീർണമായ ശസ്‍ത്രക്രിയ കഴിഞ്ഞയുടെനെ പുറത്തുപോകുന്ന യങ്‍മിൻ  ഒരു അപകടത്തിൽപെട്ട് മരിക്കുന്നു. എന്തിനെന്നോ ഏതിനെന്നോ പിടികിട്ടാതെ അലയുന്ന യങ്‍മിന്റെ ആത്മാവ് ആശുപത്രിയിലെ മറ്റ് ആത്മാക്കളെ കണ്ടുമുട്ടുന്നു. പലരും ആശുപത്രിക്കിടക്കയിൽ മരണം കാത്തുകിടക്കുന്നവരുടേതാണ്. തികച്ചും യാദൃച്ഛികമായി യങ്‍മിൻ മറ്റൊരു കാര്യം മനസ്സിലാക്കുന്നു. സ്യൂങ് തക്കിന് തന്നെ കാണാമെന്ന്. സ്യൂങ് തക്കിന്റെ ശരീരത്തിൽ തനിക്ക് ആവേശിക്കാനാകുമെന്ന്. രോഗികളെ രക്ഷപ്പെടുത്തുക എന്ന ലക്ഷ്യത്തിൽ ഒരുമിക്കുന്ന രണ്ടുപേരും ഒരു ധാരണയിലെത്തുന്നു. സ്യൂങ് തക്കിന്റെ ശരീരത്തിലേറി യങ്‍മിൻ ഒട്ടേറെ രോഗികളെ രക്ഷിക്കുന്നു. സ്യൂങ് തക്കിന് വരുന്ന മാറ്റവും പുരോഗതിയും മറ്റ് ഡോക്ടർമാരെ അത്ഭുതപ്പെടുത്തുന്നു. ഇത്തരം രംഗങ്ങളാണ് സീരീസിൽ രസിപ്പിക്കുന്നത്. ഇതിനിടയിൽ യങ്‍മിനും സ്യൂങ് തക്കും ആശുപത്രിയിൽ നടക്കുന്ന ചില അരുതാത്ത കാര്യങ്ങൾ മനസ്സിലാക്കുകയും തിരുത്താൻ ശ്രമിക്കുകയും ചെയ്യുന്നുണ്ട്. യങ്‍ മിന്നുമായി പണ്ട് പിരിഞ്ഞ സുഹൃത്തും അവരുടെ ഇടയിലേക്ക് എത്തുന്നുണ്ട്. 

Ghost doctor Korean Drama review

Uee , Son Na-eun , Sung Dong-il , Tae In-ho , Ko Sang-ho Hwang Seok-jeong , Lee Tae-sung  തുടങ്ങിയവരാണ് മറ്റ് പ്രധാന താരങ്ങൾ.ഇക്കൊല്ലം ആദ്യം കൊറിയൻ ടെലിവിഷനിലെത്തിയ പരമ്പര കാഴ്‍ചയുടെ അന്താരാഷ്‍ട്ര  കണക്കുകളിലും മുന്നിലാണ്. നിർമാണത്തിലും പശ്ചാത്തലസംഗീതത്തിന്റെ വിന്യാസത്തിലുമെല്ലാം പരമ്പര നിലവാരം പുലർത്തുന്നു. പ്രത്യേകിച്ചും എടുത്തുപറയേണ്ടതാണ് ശസ്‍ത്രക്രിയാരംഗങ്ങളുടെ ചിത്രീകരണത്തിൽ 'ഗോസ്റ്റ് ഡോക്ടർ' പുലർത്തുന്ന മികവ്.  

താൻ രോഗികളെ കൈകാര്യം ചെയ്യുന്നതിലെ വൈകാരികപിഴവുകൾ യങ്‍മിൻ മനസ്സിലാക്കുന്നു. ജീവിതം തിരിച്ചുപിടിക്കാൻ മരണത്തിൽ നിന്ന് തിരിച്ചുവരാൻ ഓരോ രോഗിയും എത്രമാത്രം ആഗ്രഹിക്കുന്നുണ്ടെന്നും ഓരോരുത്തർക്കും അവരവരുടെ ജീവൻ എത്ര വിലപ്പെട്ടതാണെന്നും യങ്‍മിൻ മനസ്സിലാക്കുന്നു. എന്താണ് ഉത്തരവാദിത്തമെന്ന് സ്യൂങ്‍തക് പഠിക്കുന്നു. ഉൾഭയം മാറ്റിവെച്ച് ഉഴപ്പൻ രീതികൾ തിരുത്തി യഥാർത്ഥ ഡോക്ടറാകാൻ സ്യൂങ് തക് പരിശ്രമിക്കുന്നു. ജീവന്റേയും മരണത്തിന്റേയും ഇടവേളയിൽ, ആത്മാവിന്റേയും പരമാത്മാവിന്റേയും തിരിച്ചറിവുകളുടെ ഇടവളേയിൽ രണ്ട് കഥാപാത്രങ്ങളും കൂടുതൽ ഉൾക്കാഴ്‍ചയുള്ളവരാകുന്നു. കാണികളോടും ജീവന്റെയും ജീവിതത്തിന്റേയും മാഹാത്മ്യം പറഞ്ഞാണ് 'ഗോസ്റ്റ് ഡോക്ടർ' ഒരേ സമയം ചിരിയും ചിന്തയും സമ്മാനിക്കുന്നത്.

Read More :  ഇഷ്‍ടം കൂടുന്ന 'റാക്കറ്റ് ബോയ്‍സ്'- കെ ഡ്രാമ റിവ്യു

Follow Us:
Download App:
  • android
  • ios