ബിജെപി വിട്ട് സിപിഎമ്മിലേക്ക് പോയത് ജീവിതത്തിലെ വലിയ മണ്ടത്തരമായിരുന്നുവെന്ന് രാജസേനന്‍

എകെജി സെന്‍ററില്‍ ചെന്ന് കയറിയത് തന്‍റെ ജീവിതത്തിലെ വലിയ മണ്ടത്തരങ്ങളില്‍ ഒന്നെന്ന് സംവിധായകന്‍ രാജസേനന്‍. ബിജെപിയുടെ സംസ്ഥാന കമ്മിറ്റി അംഗമായിരുന്ന രാജസേനന്‍ 2023 ലാണ് ബിജെപി വിട്ട് സിപിഎമ്മിലേക്ക് എത്തിയത്. എന്നാല്‍ അത് താല്‍ക്കാലികമായിരുന്നുവെന്നും ഇപ്പോള്‍ ബിജെപി അനുഭാവി ആണെന്നുമാണ് പുതിയ അഭിമുഖത്തില്‍ സംവിധായകന്‍ പറയുന്നത്. സോഷ്യല്‍ മീഡിയയിലെ സിനിമാ കൂട്ടായ്മയായ സിനിഫൈലിന്‍റെ യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് രാജസേനന്‍ ഇക്കാര്യം പറയുന്നത്. പ്രേക്ഷകര്‍ ചോദിച്ച ചോദ്യങ്ങള്‍ ചോദിക്കുകയായിരുന്നു അവതാരകന്‍. എന്തുകൊണ്ടാണ് ബിജെപി വിട്ടത് എന്ന ഒരാളുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു രാജസേനന്‍. അത് ഇങ്ങനെ...

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

“ബിജെപി വിട്ടതല്ല. അത് ചെറിയൊരു അബദ്ധം പറ്റിയതാണ്. എന്‍റെ ജീവിതത്തില്‍ ഞാന്‍ ചെയ്ത ഏറ്റവും വലിയ മണ്ടത്തരങ്ങളില്‍ ഒന്നാണ് എകെജി സെന്‍ററില്‍ ചെന്ന് കയറി എന്നുള്ളത്. എന്നെ ചിലര്‍ വിളിച്ചുകൊണ്ടുപോയി. എന്തൊക്കെയോ ആയിരുന്നു. എനിക്ക് അതെല്ലാം പുറത്ത് പറയാന്‍ പറ്റില്ല. തിരിച്ച് ഇറങ്ങിയപ്പോള്‍ എന്നെ ഞെട്ടിക്കുന്ന രീതിയില്‍ പത്തിരുപത് ചാനലുകള്‍ ഉണ്ടായിരുന്നു അവിടെ. ആ ചാനലുകളില്‍ വന്ന വാര്‍ത്തകളാണ് എന്നെ കമ്യൂണിസ്റ്റുകാരന്‍ ആക്കിയത്. രണ്ട് ആഴ്ച മാത്രമേ കമ്യൂണിസ്റ്റ് എന്ന പദം എന്‍റെ മുകളില്‍ ഉണ്ടായിരുന്നുള്ളൂ. ഞാന്‍ ദേശീയതയുടെ കൂടെത്തന്നെയാണ്. ബിജെപിയുടെ കൂടെത്തന്നെയാണ്. അതില്‍ ഒരു മാറ്റവുമില്ല”, രാജസേനന്‍റെ വാക്കുകള്‍.

2016 ല്‍ അരുവിക്കര നിയോജക മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥി ആയിരുന്നു രാജസേനന്‍. പാര്‍ട്ടി നേതൃത്വം അവഗണിച്ചെന്ന് ആരോപിച്ചായിരുന്നു 2023 ല്‍ പാര്‍ട്ടി വിട്ടത്. കലാകാരന്‍ എന്ന നിലയിലും പാര്‍ട്ടി പ്രവര്‍ത്തകന്‍ എന്ന നിലയിലും പരിഗണന കിട്ടിയില്ലെന്നും ഒടുവില്‍ സിപിഎമ്മുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനമെടുത്തെന്നും രാജസേനന്‍ പറഞ്ഞിരുന്നു. “മനസുകൊണ്ട് ഞാനിപ്പോള്‍ സിപിഎം ആണ്. കലാരംഗത്ത് പ്രവര്‍ത്തിക്കാന്‍ സിപിഎം ആണ് നല്ലത്. ബിജെപിയുടെ സംസ്ഥാന ഘടകത്തില്‍ ഏറെ പോരായ്മകളുണ്ട്. അവഗണന ആവര്‍ത്തിക്കപ്പട്ടതോടെയാണ് രാജി”, 2023 ല്‍ ബജെപിയില്‍ നിന്ന് രാജി വച്ച സമയത്ത് രാജസേനന്‍ പറഞ്ഞിരുന്നു.

Asianet News Live | Malayalam Live News | Kerala News Updates | Breaking News | HD News Streaming