വൈശാഖ് സംവിധാനം ചെയ്ത പൃഥ്വിരാജ് ചിത്രം 'ഖലീഫ' മികച്ച പ്രതികരണങ്ങളോടെ തിയേറ്ററുകളിൽ പ്രദർശനം തുടരുന്നു. ആഗോളതലത്തിൽ 50 കോടി നേടിയ ചിത്രം, സ്വർണ്ണ കള്ളക്കടത്തിന്റെ പശ്ചാത്തലത്തിലാണ് ഒരുക്കിയിരിക്കുന്നത്.
പൃഥ്വിരാജിനെ നായകനാക്കി വൈശാഖ് ഒരുക്കിയ ഖലീഫ മികച്ച പ്രേക്ഷക പ്രശംസകളോടെ പ്രദർശനം തുടരുകയാണ്. ആഗോള തലത്തിൽ ബോക്സ് ഓഫീസ് കളക്ഷനായി 50 കോടി നേട്ടം ചിത്രം സ്വന്തമാക്കിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിലെ പുതിയ ഗാനത്തിന്റെ ലിറിക്കൽ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ഗോൾഡ് റഷ് എന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോ ആണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ജേക്സ് ബിജോയ് ആണ് സംഗീതം. ജിനു ഇന്നോവേഷൻ്റെ ബാനറിൽ ജിനു എബ്രഹാമും സൂരജ് കുമാറും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. സഹനിർമ്മാതാവ് - സിജോ സെബാസ്റ്റ്യൻ, ശ്രീലാൽ ശൂലപാണി.
ആദ്യ ദിനം 14.5 കോടി രൂപ കലക്ഷൻ നേടി ഗംഭീര ഓപ്പണിംഗ് സ്വന്തമാക്കിയ ചിത്രം, മികച്ച പ്രേക്ഷക പ്രതികരണമാണ് നേടിക്കൊണ്ടിരിക്കുന്നത്. കേരളത്തിൽ മികച്ച പ്രേക്ഷക പിന്തുണ നേടി നിറഞ്ഞ സദസ്സുകളിലാണ് ചിത്രം പ്രദർശിപ്പിക്കുന്നത്. നായകനായ പൃഥ്വിരാജ് സുകുമാരൻ്റെ മികച്ച ആക്ഷൻ പ്രകടനമാണ് ചിത്രത്തിൻ്റെ ഹൈലൈറ്റ്. എല്ലാത്തരം പ്രേക്ഷകരെയും ചിത്രം രസിപ്പിക്കുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
മാസ്സ് സിനിമകളെ സ്നേഹിക്കുന്ന മലയാളത്തിലെ യുവ പ്രേക്ഷകരും കുടുംബ പ്രേക്ഷകരും ചേർന്നാണ് ചിത്രത്തെ വമ്പൻ വിജയമാക്കി മാറ്റുന്നത്. മാമ്പറക്കൽ ആമിർ അലി എന്ന നായക കഥാപാത്രമായി എത്തുന്ന പൃഥ്വിരാജ് കൂടാതെ, മാമ്പറക്കൽ അഹമ്മദ് അലി എന്ന കഥാപാത്രമായി അതിഥി വേഷത്തിലെത്തുന്ന മോഹൻലാൽ, ഐവർ അലക്സാണ്ടർ എന്ന അതിഥി കഥാപാത്രമായി എത്തുന്ന ടോവിനോ തോമസ് എന്നിവരുടെ സാന്നിധ്യവും പ്രേക്ഷകരെ ആകർഷിക്കുന്നുണ്ട്.
ബോളിവുഡ് താരം നീൽ നിതിൻ മുകേഷ്, തെലുങ്ക് താരം മാളവിക ശർമ്മ, ഇന്ദ്രൻസ്, രഞ്ജി പണിക്കർ, മോഹിനി, സഞ്ജു ശിവറാം, ശിവജിത്, സുദീപ്, ഷമ്മി തിലകൻ, വൈഷ്ണവി, റുഷിൻ, ആനന്ദ് മന്മഥൻ, ഡോൺ മൈക്കൽ എന്നിവരും ഖലീഫയുടെ താരനിരയുടെ ഭാഗമാണ്. ആദ്യ ഭാഗം റിലീസ് ആയ ദിവസം തന്നെ, ചിത്രത്തിന്റെ രണ്ടാം ഭാഗവും അണിയറ പ്രവർത്തകർ പ്രഖ്യാപിച്ചു. മോഹൻലാൽ ആണ് രണ്ടാം ഭാഗത്തിലെ നായകൻ. ആദ്യ ഭാഗത്തെ പോലെ തന്നെ, സ്വർണ്ണ കള്ളക്കടത്തിന്റെ പശ്‌ചാത്തലത്തിൽ വലിയ കാൻവാസിൽ കഥപറയുന്ന ഒരു ബിഗ് ബഡ്ജറ്റ് എന്റെർറ്റൈനെർ ആയാണ് രണ്ടാം ഭാഗവും ഒരുങ്ങുക എന്നാണ് സൂചന.



