ഗോൾഡൻ ഗ്ലോബ്സ് ലഭിക്കുന്ന ഏറ്റവും പ്രായംകുറഞ്ഞ നടനായി കൂപ്പർ
2026ലെ ഗോൾഡൻ ഗ്ലോബ്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചുകഴിഞ്ഞു. കാലിഫോർണിയയിലെ ബെവർലി ഹിൽട്ടൻ ഹോട്ടലിൽ നടന്ന അവാർഡ് നിശയിൽ മ്യൂസിക്കൽ/കോമഡി വിഭാഗത്തിൽ മികച്ച നടനുള്ള പുരസ്‌കാരം മാർട്ടി സുപ്രീം എന്ന സിനിമയ്ക്കായി തിമോത്തി ചാലമെറ്റ് സ്വന്തമാക്കി. മികച്ച നടിയായി 'ഇഫ് ഐ ഹാഡ് ലെഗ്‌സ് ഐ വുഡ് കിക്ക് യു' എന്ന സിനിമയിലെ പ്രകടനത്തിന് റോസ് ബൈൺ തെരഞ്ഞെടുക്കപ്പെട്ടു. ഹാംനെറ്റ് ആണ് ഡ്രാമ വിഭാഗത്തിൽ മികച്ച ചിത്രം.
മ്യൂസിക്കൽ/കോമഡി വിഭാഗത്തിൽ മികച്ച സിനിമയ്ക്കുള്ള പുരസ്‌കാരം ഡികാപ്രിയോ ചിത്രമായ വൺ ബാറ്റിൽ ആഫ്റ്റർ അനദറിനാണ്. വൺ ബാറ്റിൽ ആഫ്റ്റർ അനദറിനായി പോൾ തോമസ് ആൻഡേഴ്സൺ ആണ് മികച്ച സംവിധായകനായി തെരഞ്ഞെടുക്കപ്പെട്ടത്. വൺ ബാറ്റിൽ ആഫ്റ്റർ അനദറിൻ്റേതാണ് മികച്ച തിരക്കഥയും. ബെസ്റ്റ് ഒറിജിനൽ സ്കോർ- ലുഡ്വിഗ് ഗൊറാൻസൺ, മികച്ച സിനിമാറ്റിക്, ബോക്സ് ഓഫീസ് നേട്ടത്തിനുള്ള പുരസ്‌കാരം എന്നിവയും 'സിന്നേഴ്സ്' നേടി. ടെയാന ടെയ്‌ലർ ആണ് മികച്ച സഹനടി. ദി സീക്രട്ട് ഏജന്റ്' എന്ന ചിത്രത്തിലെ അഭിനയത്തിന് വാഗ്നർ മൗറ ഡ്രാമ വിഭാഗത്തിൽ മികച്ച നടനും, 'സെന്റിമെന്റൽ വാല്യൂ' എന്ന ചിത്രത്തിലെ അഭിനയത്തിന് സ്റ്റെല്ലൻ സ്കാർസ്ഗോർഡ് മികച്ച സഹനടനുള്ള പുരസ്കാരവും നേടി. കെ പോപ്പ് ഡിമോൺ ഹണ്ടേഴ്സ് ആണ് അനിമേഷൻ വിഭാഗത്തിലെ മികച്ച ചിത്രം, മികച്ച ചിത്രം- ഇംഗ്ലീഷ് ഇതര ഭാഷ വിഭാഗത്തിൽ തെരഞ്ഞെടുക്കപ്പെട്ടത് ബ്രസീലിയൻ ചിത്രം ദി സീക്രട്ട് ഏജൻ്റ് ആണ്.
ലിമിറ്റഡ് സീരിസ് വിഭാഗത്തിൽ നെറ്റ്ഫ്ലിക്സ് സീരീസ് ‘അഡോളസെൻസി’ലൂടെ സ്റ്റീഫെൻ ഗ്രഹാം മികച്ച നടനായി. ടെലിവിഷൻ കാറ്റഗറിയിൽ മികച്ച സഹനടനുള്ള പുരസ്‌കാരം അഡോളസൻസിലെ തന്നെ പ്രകടനത്തിന് ഓവൻ കൂപ്പറിനാണ്. ഇതോടെ ഗോൾഡൻ ഗ്ലോബ്സ് ലഭിക്കുന്ന ഏറ്റവും പ്രായംകുറഞ്ഞ നടനായി കൂപ്പർ മാറി. ലിമിറ്റഡ് സീരിസിലെ മികച്ച വെബ് സീരിസിനുള്ള പുരസ്കാരവും അഡോളസെൻസിനാണ്.
ലിയോനാർഡോ ഡികാപ്രിയോ നായകനായ പോൾ തോമസ് ആൻഡേഴ്സൺ ചിത്രം 'വൺ ബാറ്റിൽ ആഫ്റ്റർ അനദർ' ആണ് നോമിനേഷനിൽ മുന്നിലുണ്ടായത്. കോമഡി/ മ്യൂസിക്കൽ വിഭാഗത്തിൽ മികച്ച ചിത്രം, മികച്ച സംവിധായകൻ, തിരക്കഥ, സഹനടി ഉൾപ്പെടെ 4 പുരസ്കാരങ്ങൾ ആണ് വൺ ബാറ്റിൽ അനദറിന് ലഭിച്ചത്. ലിയോണാർഡോ ഡികാപ്രിയോയും ജോർജ്ജ് ക്ലൂണിയെയും കടത്തിവെട്ടിയാണ് മികച്ച നടനുള്ള പുരസ്‌കാരം തിമോത്തി ചാലമെറ്റ് സ്വന്തമാക്കിയത്. സ്റ്റാൻഡ് അപ്പ് കോമേഡിയനായ നിക്കി ഗ്ലേസർ ആയിരുന്നു ഇത്തവണ ഗോൾഡൻ ഗ്ലോബ് അവതാരകൻ. ഡ്രാമ വിഭാഗത്തിൽ മികച്ച നടനുള്ള പുരസ്‌കാരം പ്രഖ്യാപിച്ചത് പ്രിയങ്ക ചോപ്രയായിരുന്നു. വരാനിരിക്കുന്ന അക്കാദമി അവാർഡുകൾക്കുള്ള ഒരു രൂപരേഖയായിക്കൂടിയാണ് ഗോൾഡൻ ഗ്ലോബ് പുരസ്കാരങ്ങളെ കണക്കാക്കുന്നത്.


