ഉപജീവനത്തിനായി ഓട്ടോറിക്ഷ ഡ്രൈവര്‍ ആയ ഗായകന്‍, കൊല്ലം സ്വദേശി ഇമ്രാന്‍ ഖാന് താന്‍ സംഗീതസംവിധാനം നിര്‍വ്വഹിക്കുന്ന പുതിയ ഗാനം പാടാന്‍ അവസരം നല്‍കുന്ന കാര്യം ഗോപി സുന്ദര്‍ നേരത്തെ അറിയിച്ചിരുന്നു. ആരാണെന്നത് വെളിപ്പെടുത്താതെ ഇമ്രാന്‍ ഖാന്‍ ഓടിക്കുന്ന ഓട്ടോറിക്ഷയില്‍ യാത്രികനായി കയറിയതിനു ശേഷമായിരുന്നു ഗോപി സുന്ദര്‍ ഈ വിവരം സര്‍പ്രൈസ് ആയി ഇമ്രാന് മുന്നില്‍ അവതരിപ്പിച്ചത്. ഗോപി സുന്ദര്‍ പുറത്തുവിട്ട ഇതിന്‍റെ വീഡിയോ വൈറല്‍ ആയിരുന്നു. ഇപ്പോഴിതാ തങ്ങള്‍ ഒരുമിക്കുന്ന ഗാനത്തിന്‍റെ റെക്കോര്‍ഡിംഗ് കഴിഞ്ഞ വിവരം പങ്കുവച്ചിരിക്കുകയാണ് ഗോപി സുന്ദര്‍.

"ഞങ്ങളുടെ റെക്കോര്‍ഡിംഗ് സെഷന്‍ ഇപ്പോള്‍ കഴിഞ്ഞതേയുള്ളൂ. പ്രതിഭാധനനായ ഈ ഗായകനൊപ്പമുള്ള അനുഭവം ഗംഭീരമായിരുന്നു. പ്രാര്‍ഥനയില്‍ ഞങ്ങളെ ഉള്‍പ്പെടുത്തുക. 'സംഗീതമേ' എന്നാരംഭിക്കുന്ന മനോഹരമായ ഒരു ഗാനവുമായി ഞങ്ങള്‍ വരികയാണ്", ഇമ്രാന്‍ ഖാനൊപ്പമുള്ള പുതിയ ചിത്രങ്ങള്‍ക്കൊപ്പം സോഷ്യല്‍ മീഡിയയില്‍ ഗോപി സുന്ദര്‍ കുറിച്ചു.

മുന്‍പ് ഏഷ്യാനെറ്റിന്‍റെ മ്യൂസിക് റിയാലിറ്റി ഷോ ആ സ്റ്റാര്‍ സിംഗറിലൂടെ പ്രക്ഷകശ്രദ്ധ നേടിയ ഗായകനാണ് ഇമ്രാന്‍ ഖാന്‍. എന്നാല്‍ പിന്നീട് അദ്ദേഹം ഉപജീവനം കണ്ടെത്താനായി ഓട്ടോറിക്ഷ ഡ്രൈവര്‍ ആയി മാറുകയായിരുന്നു. ഉപജീവനത്തിനിടയിലും പാടാനുള്ള തന്‍റെ അടങ്ങാത്ത മോഹത്തെക്കുറിച്ച് ഈയിടെ മറ്റൊരു ടെലിവിഷന്‍ ഷോയില്‍ അതിഥിയായി എത്തിയപ്പോള്‍ ഇമ്രാന്‍ പറഞ്ഞിരുന്നു. അന്ന് അവിടെ വിധികര്‍ത്താക്കളുടെ കൂട്ടത്തിലുണ്ടായിരുന്ന ഗോപി സുന്ദര്‍ അപ്പോള്‍ത്തന്നെ ഒരു അവസരം ഇമ്രാന് വാഗ്‍ദാനം ചെയ്യുകയായിരുന്നു. അന്ന് നല്‍കിയ വാഗ്‍ദാനമാണ് അദ്ദേഹം പാലിച്ചിരിക്കുന്നത്.