Asianet News MalayalamAsianet News Malayalam

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഒളിച്ചുകളി തുടർന്ന് സർക്കാർ; സംഘടനകളുടെ യോഗം വിളിച്ച് ഒരുവർഷമായിട്ടും ഒന്നുമായില്ല

ഹേമ കമ്മിറ്റി രൂപീകരണം വലിയ ക്രെഡിറ്റായാണ് ഒന്നാം പിണറായി സർക്കാർ പ്രചരിപ്പിച്ചത്. പക്ഷെ 2019 ഡിസംബർ 31 ന് റിപ്പോർട്ട് കിട്ടിയശേഷം പിന്നെ ഉടനീളം കണ്ടത് ഒളിച്ചുകളി.

government not take any action on hema committee report nbu
Author
First Published Mar 21, 2023, 3:51 PM IST

തിരുവനന്തപുരം: സിനിമാ മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ഹേമ കമ്മിറ്റി റിപ്പോർട്ടിന്മേലുള്ള നിർദ്ദേശങ്ങളിൽ ഒളിച്ചുകളി തുടർന്ന് സർക്കാർ. തുടർനടപടിക്കായി സിനിമാമേഖലയിലെ സംഘടനകളുടെ യോഗം വിളിച്ച് ഒരുവർഷമായിട്ടും ഒന്നും നടന്നില്ല.

ഹേമ കമ്മിറ്റി രൂപീകരണം വലിയ ക്രെഡിറ്റായാണ് ഒന്നാം പിണറായി സർക്കാർ പ്രചരിപ്പിച്ചത്. പക്ഷെ 2019 ഡിസംബർ 31 ന് റിപ്പോർട്ട് കിട്ടിയശേഷം പിന്നെ ഉടനീളം കണ്ടത് ഒളിച്ചുകളി. മൊഴി നൽകിയവരുടെ സ്വകാര്യതാ പ്രശ്നം, ജസ്റ്റിസ് ഹേമയുടെ ഉപദേശം എന്നിവ ഉയർത്തി തുടക്കം മുതൽ റിപ്പോർട്ട് പൂഴ്ത്തിവെക്കാനായി ശ്രമം. ഡബ്ള്യൂസിസി അടക്കം ഉന്നയിച്ച സമ്മർദ്ദത്തെ തുടർന്ന് റിപ്പോർട്ടിന്റെ നിർദ്ദേശങ്ങൾ നടപ്പാക്കേണ്ടത് ചർച്ച ചെയ്യാൻ കഴിഞ്ഞ വർഷം മെയ് നാലിനാണ് സർക്കാർ സിനിമാ സംഘടനകളുടെ യോഗം വിളിച്ചുചേർത്തത്.

തുല്യവേതനം, സമഗ്ര നിയമം, അടിസ്ഥാന സൗകര്യം ഉറപ്പാക്കുന്നത് തുടങ്ങി ഹേമ കമ്മിറ്റി റിപ്പോർട്ടിന്മേൽ സാംസ്കാരിക വകുപ്പ് തയ്യാറാക്കിയ 35ൽ അധികം നിർദ്ദേശങ്ങളെ അടിസ്ഥാനമാക്കിയായിരുന്നു ചർച്ച. ഈ നിർദ്ദേശങ്ങൾക്കാധാരമായ ഹേമ കമ്മിറ്റി കണ്ടെത്തലുകൾ ഏങ്കിലും പുറത്തുവിടണമെന്ന നിലപാടിൽ ഡബ്ള്യൂസിസി ഉറച്ചുനിന്നതോടെ, ചർച്ചയിൽ കാര്യമായി ഒന്നും തീരുമാനിക്കാനായില്ല. റിപ്പോർട്ട് പുറത്ത്‍വിടണമെന്ന് ആവശ്യപ്പെടുന്നവർക്ക് മറ്റ് ഉദ്ദേശ്യങ്ങൾ ഉണ്ടെന്ന മന്ത്രി സജി ചെറിയാന്റെ പ്രതികരണവും വിവാദമായി.

ആദ്യ യോഗം തന്നെ അടിമുടി തർക്കത്തിൽ പിരിഞ്ഞെങ്കിലും ഒരു മാസത്തിനകം വീണ്ടും യോഗം ചേരുമെന്നായിരുന്നു അന്ന് പ്രഖ്യാപനം. ഇതിനിടെ മന്ത്രിസ്ഥാനത്ത് നിന്ന് സജി ചെറിയാൻ പുറത്തുപോയി, തിരികെവന്നു. പക്ഷെ ഹേമ കമ്മിറ്റി നിർദ്ദേശങ്ങൾക്ക് മാത്രം ജീവൻ വച്ചില്ല. ഒരു യോഗം പോലും പിന്നീട് ചേർന്നില്ല. സിനിമാ മേഖലയിൽ റെഗുലേറ്ററി അതോറ്ററി, തുല്യവേതനം തുടങ്ങിയ നിർദ്ദേശങ്ങളും സർക്കാർ മുന്നോട്ട് വച്ചിരുന്നു. ഇതിലൊന്നും തീരുമാനമായിരുന്നില്ല. ചുരുക്കത്തിൽ സിനിമാ മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ശ്രമങ്ങൾ തുടങ്ങിയിടത്ത് തന്നെ പാളി.

Follow Us:
Download App:
  • android
  • ios