വിക്കി കൗശല്‍ ചിത്രം ഗോവിന്ദ നാം മേരായുടെ റിലീസ് തിയ്യതി പ്രഖ്യാപിച്ചു.

പ്രേക്ഷകരുടെ പ്രിയ താരങ്ങളില്‍ ഒരാളായ വിക്കി കൗശല്‍ (Vicky Kaushal) നായകനാകുന്ന ചിത്രമാണ് ഗോവിന്ദ നാം മേരാ (Govinda Naam Mera). ശശാങ്ക് ഖെയ്‍താനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ശശാങ്ക് ഖെയ്‍താന്റേതാണ് ചിത്രത്തിന്റെ തിരക്കഥയും. ഗോവിന്ദ നാം മേരായെന്ന ചിത്രത്തിന്റെ റിലീസ് തിയ്യതി പ്രഖ്യാപിച്ചിരിക്കുകയാണ്.

വിക്കി കൗശല്‍ ചിത്രം ജൂണ്‍ 10ന് ആണ് റിലീസ് ചെയ്യുക. തിയറ്ററില്‍ തന്നെയാണ് ചിത്രം റിലീസ് ചെയ്യുക. ഒരു കോമഡി ചിത്രത്തിന്റെ ഴോണറിലുള്ളതാണ് ഗോവിന്ദ നാം മേരാ എന്നാണ് വ്യക്തമാകുന്നത്. ഭൂമി പെഡ്‍നെകറാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്.

യാഷ് ജോഹറാണ് ചിത്രം നിര്‍മിക്കുന്നത്. വളരെ രസകരമായ ചിത്രമായിരിക്കും ഗോവിന്ദ നാം മേരാ എന്ന് വിക്കി കൗശല്‍ പറയുന്നു. ഗോവിന്ദ നാം മേരായെന്ന ചിത്രത്തില്‍ പോസ്റ്ററില്‍ വിക്കി കൗശലിനെ വളരെ രസകരമായ മാനറിസങ്ങളോടെയാണ് കാണാനാകുന്നതും. എന്തായാലും പുതിയ ചിത്രത്തിന്റെ പ്രമേയത്തെ കുറിച്ച് കൂടുതല്‍ വെളിപ്പെടുത്തിയിട്ടുമില്ല.

വിക്കി കൗശല്‍ ചിത്രമായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത് സര്‍ദാര്‍ ഉദ്ധമാണ്. ഷൂജിത് സിര്‍കാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സര്‍ദാര്‍ ഉദ്ധമെന്ന ചിത്രത്തില്‍ സ്വാതന്ത്ര്യസമര സേനാനിയായിരുന്നു ഉദ്ധം സിംഗ് ആയിട്ടാണ് വിക്കി കൌശല്‍ അഭിനയിച്ചത്. 1919ലെ ക്രൂരമായ ജാലിയൻവാലാബാഗ് കൂട്ടക്കൊലയെ ന്യായീകരിച്ച മൈക്കിള്‍ ഒ ഡ്വിയറെ വെടിവെച്ച് കൊന്ന സ്വാതന്ത്ര്യസമര സേനാനിയായിരുന്നു ഉദ്ധം സിംഗ്.