ഇമ്രാൻ ഹാഷ്മി നായകനായ ആക്ഷൻ ത്രില്ലർ ചിത്രം ഗ്രൗണ്ട് സീറോ ഒടിടി റിലീസിന് ഒരുങ്ങുന്നു. 

ദില്ലി: ഇമ്രാൻ ഹാഷ്മി പ്രധാന വേഷം ചെയ്യുന്ന ആക്ഷൻ ത്രില്ലർ ചിത്രമായ ഗ്രൗണ്ട് സീറോ ഒടിടിയില്‍ ഫ്രീയായി റിലീസിന് ഒരുങ്ങുന്നു. ബിഎസ്എഫിന്റെ (ബോർഡർ സെക്യൂരിറ്റി ഫോഴ്‌സ്) ഓപ്പറേഷനിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നിര്‍മ്മിച്ച ആക്ഷന്‍ ചിത്രമാണ് ഇത്. കഴിഞ്ഞ ഏപ്രില്‍ 25നാണ് ചിത്രം തീയറ്ററില്‍ റിലീസ് ചെയ്തത്.

പഹല്‍ഗാം ഭീകരാക്രമണം നടന്ന സമയം ആയതിനാല്‍ തുടര്‍ന്ന് ചിത്രത്തിന് ബോക്സോഫീസില്‍ കാര്യമായ ചലനം ഉണ്ടാക്കാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ ബി‌എസ്‌എഫ് ജവാൻമാർക്കായി 'ഗ്രൗണ്ട് സീറോ' പ്രത്യേക പ്രദർശനം നടന്നിരുന്നു. ഇമ്രാൻ ഹാഷ്മി, സായ് തംഹങ്കർ, സംവിധായകൻ തേജസ് പ്രഭ വിജയ് ദിയോസ്‌കർ, നിർമ്മാതാക്കളായ റിതേഷ് സിദ്ധ്‌വാനി, ഭാര്യ ഡോളി സിദ്ധ്‌വാനി, ഫർഹാൻ അക്തർ, ഭാര്യ ഷിബാനി ദണ്ഡേക്കർ, സഹനിർമ്മാതാവ് അർഹാൻ ബഗതി എന്നിവരുൾപ്പെടെ 'ഗ്രൗണ്ട് സീറോ'യുടെ മുഴുവൻ ടീമിന്റെയും സാന്നിധ്യത്തിലാണ് ബി‌എസ്‌എഫ് ഉദ്യോഗസ്ഥർ ചിത്രം കണ്ടത്.

ചിത്രത്തിൽ ബിഎസ്എഫ് കമാൻഡന്റ് നരേന്ദ്ര നാഥ് ധർ ദുബെയുടെ വേഷത്തിലാണ് ഇമ്രാൻ ഹാഷ്മി എത്തുന്നത്. ഗ്രൗണ്ടിൽ സായ് തംഹങ്കർ ഇമ്രാന്‍ ഹാഷ്മിയുടെ ഭാര്യയുടെ വേഷത്തിലാണ് എത്തുന്നത്.

2000-കളുടെ തുടക്കത്തിൽ കശ്മീരിന്‍റെ പാശ്ചത്തലത്തിലാണ് സിനിമ നടക്കുന്നത്. അന്ന് നിരവധി തീവ്രവാദ ആക്രമണങ്ങള്‍ ആസൂത്രണം ചെയ്ത ഗാസി ബാബയെ ഇല്ലാതാക്കുന്നതിൽ നിർണായക പങ്കുവഹിച്ച ബിഎസ്എഫ് ഓഫീസർ നരേന്ദ്ര നാഥ് ദുബെ നയിച്ച ഒരു നിർണായക ദൗത്യത്തെയാണ് സ്‌ക്രീനില്‍ എത്തിക്കുന്നത്.

ചിത്രം ആമസോണ്‍ പ്രൈം വീഡിയോ വഴി ആയിരിക്കും ഒടിടി റിലീസ് ചെയ്യുക എന്നാണ് വിവരം. ജൂണ്‍ 20നാണ് ചിത്രത്തിന്‍റെ ഒടിടി ഫ്രീ റിലീസ് നടക്കുക. ഇപ്പോള്‍ തന്നെ റെന്‍റ് അടിസ്ഥാനത്തില്‍ ചിത്രം ലഭിക്കുന്നുണ്ട്.